Wednesday, October 1, 2008

സെസ് നയം സ്മാര്‍ട് സിറ്റിക്കും? അവ്യക്തത ശക്തം

സുജിത് നായര്‍
മനോരമ, ഒക്ടോ.1, 2008

സെസ് നയത്തിലെ കര്‍ശന വ്യവസ്ഥകള്‍, നേരത്തെ സെസ് പദവി ലഭിച്ച സ്മാര്‍ട് സിറ്റിക്കും ബാധകമാകുമോയെന്ന കാര്യത്തിലുള്ള അവ്യക്തത ഭരണവൃത്തങ്ങളില്‍ ശക്തമായി. ബാധകമാക്കണമെന്നു വ്യവസായ വകുപ്പ് ശഠിക്കുമ്പോള്‍ ഐടി വകുപ്പ് അതിനോടു തെല്ലും യോജിക്കുന്നില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.

സ്മാര്‍ട് സിറ്റി ഉള്‍പ്പെടെ ഇപ്പോള്‍ നിര്‍മാണദശയിലുള്ള മുഴുവന്‍ സെസുകള്‍ക്കും സര്‍ക്കാര്‍ വ്യവസ്ഥകള്‍ ബാധകമാക്കണമെന്നാണു വ്യവസായവകുപ്പു മന്ത്രിസഭയോട് ആവശ്യപ്പെട്ടത്. ഒരു വിദേശ കമ്പനിക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ നാട്ടിലുള്ളവര്‍ക്കു നിഷേധിക്കുന്നതു ശരിയല്ലെന്നും വകുപ്പു ചൂണ്ടിക്കാട്ടിയിരുന്നു. വ്യവസായ വകുപ്പിന്റെ കാഴ്ചപ്പാടിനോടു മന്ത്രിസഭ വിയോജിച്ചതായി സൂചനയില്ല.

മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവു കിട്ടിയാലേ വ്യക്തതയുണ്ടാകൂ എന്നു വ്യവസായവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. സെസ് വ്യവസ്ഥകള്‍ വിശദീകരിച്ചപ്പോള്‍ സ്മാര്‍ട് സിറ്റിക്കും ഇതു ബാധകമാകുമെന്നാണു മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ അപ്പോള്‍ തന്നെ അപകടം മണത്ത അദ്ദേഹം അവരുമായി മന്ത്രിസഭ കരാറുണ്ടാക്കിയിട്ടുള്ളതിനാല്‍ പരിശോധിക്കേണ്ടിവരുമെന്നു വിശദീകരിച്ചു.

ഇലക്ട്രിസിറ്റി ഡ്യൂട്ടി പുതിയ സെസുകള്‍ നല്‍കണമെങ്കില്‍ സ്മാര്‍ട് സിറ്റിക്ക് അക്കാര്യത്തില്‍ ഇളവുണ്ട്. അതുപോലെ പഞ്ചായത്ത്രാജ് ആക്ട് പ്രകാരമുള്ള നികുതിയിളവു സ്മാര്‍ട് സിറ്റിക്കുണ്ടെങ്കില്‍ പുതിയ സെസുകള്‍ക്കു ബാധകമാവില്ല.

പുതിയ നയം പ്രകാരം സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70% വ്യവസായ ആവശ്യത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണം.

സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70% വ്യവസായത്തിനു വേണ്ടി ഉപയോഗിക്കണം എന്നാണ്. അനുബന്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ അതേ സെസിലെ ജീവനക്കാരുടെ താമസസ്ഥലമായി ഉപയോഗിക്കണമെന്ന നിബന്ധനയും സ്മാര്‍ട് സിറ്റിക്കു ബാധകമല്ല. ഈ അന്തരമാണു പ്രധാനമായും വ്യവസായവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ സ്മാര്‍ട് സിറ്റിയുമായി മന്ത്രിസഭ പ്രത്യേക കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ പുതിയ വ്യവസ്ഥകള്‍ അതിനു ബാധകമാകേണ്ടതില്ലല്ലോ എന്നാണ് ഐടി വകുപ്പിലെ ഒരു ഉന്നതന്‍ ‘മനോരമ”യോടു പറഞ്ഞത്. സ്മാര്‍ട് സിറ്റിക്കു സര്‍ക്കാരാണു സ്ഥലം ഏറ്റെടുത്തു നല്‍കിയത്. 26% ഒാഹരി സര്‍ക്കാരിനുണ്ട്. ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയുമാണ്. കരാറെല്ലാമായശേഷം ഇനി മറിച്ചൊരു നിലപാടു സ്വീകരിക്കുന്നതു ധാര്‍മികമായി ശരിയുമല്ലെന്ന് ഐടി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച കുറിപ്പു നല്‍കുന്ന സൂചന വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കു ബാധകമാകും എന്നാണ്. ‘ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ആറു സെസുകള്‍ക്കു ശുപാര്‍ശ ചെയ്യുകയുണ്ടായി. അതില്‍ ഒന്നിന് (സ്മാര്‍ട് സിറ്റി) അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവ അംഗീകാരം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് അംഗീകാരം ലഭിച്ചവയും അംഗീകാരം ലഭിക്കുന്നവയുമായ സെസുകളെ സംബന്ധിച്ചു താഴെപ്പറയുന്ന നയം വ്യക്തമാക്കുന്നു” എന്നു പറഞ്ഞാണു വ്യവസ്ഥകള്‍ വിശദീകരിക്കുന്നത്.

സ്മാര്‍ട് സിറ്റിക്ക് ആദ്യത്തെ 136 ഏക്കറിനാണു സെസ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സങ്കീര്‍ണത തള്ളിക്കളഞ്ഞാലും ബാക്കിയുള്ള 100 ഏക്കറിനു സെസ് പദവി നല്‍കുന്ന വേളയില്‍ പുതിയ വ്യവസ്ഥ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ സ്വാഭാവികമായും സര്‍ക്കാരിനു മുന്നില്‍ വരാതെ തരമില്ല.

സെസ് വിവാദം സംബന്ധിച്ചു പാര്‍ട്ടി പത്രം എഴുതിയ മുഖപ്രസംഗത്തിലും വിദേശ കമ്പനിയായ സ്മാര്‍ട് സിറ്റിക്കു സെസ് പദവി നല്‍കിയിട്ടാണു സ്വദേശ കമ്പനികളെ ചിലര്‍ എതിര്‍ക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയിരുന്നു. സ്മാര്‍ട് സിറ്റിയോടുള്ള താല്‍പര്യം മുഖ്യമന്ത്രിക്കു മറ്റു സംരംഭകരോട് ഇല്ല എന്ന അമര്‍ഷം സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തു ശക്തമാണ്.

കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണു മുഖ്യമന്ത്രി സ്മാര്‍ട് സിറ്റിക്ക് ഏഴു കോടിയുടെ റജിസ്ട്രേഷന്‍ ഇളവു നല്‍കിയതും. വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കും ബാധമാകുമെന്ന പരാമര്‍ശം ഔദ്യോഗികപക്ഷം ബോധപൂര്‍വം മന്ത്രിസഭാ കുറിപ്പില്‍ കയറ്റിയതാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ വിഎസ് വിഭാഗത്തിന്.

മന്ത്രിസഭാ അനുമതി ലഭിച്ചുവെങ്കിലും സെസ് അപേക്ഷകള്‍ ഇന്നലെയും ഡല്‍ഹിക്ക് അയച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാലാണിത്. അതേസമയം സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതായി വ്യവസായ വകുപ്പു വ്യക്തമാക്കി. അതിനാല്‍ സമയപരിധിയുടെ ആശങ്ക വേണ്ട. ഇനി ഓരോ അപേക്ഷയും പ്രത്യേകമായി അയയ്ക്കുകയാണു ചെയ്യുക.

കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചശേഷം ഇവിടെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലായിരിക്കും സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടുക. ഇടതു മുന്നണിയുടെ പച്ചക്കൊടി കിട്ടിയവേളയില്‍ ഐടി വകുപ്പ് സംരംഭകരുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര നിയമത്തില്‍ നിന്നു വ്യത്യസ്തമായ ചില കര്‍ശന വ്യവസ്ഥകളുടെ കാര്യത്തില്‍ ചില സംരംഭകര്‍ക്കു വിയോജിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു.
 

blogger templates | Make Money Online