Friday, October 3, 2008

സെസ്‌: സി.പി.ഐ മന്ത്രിമാര്‍ എതിര്‍ത്തു; തീരുമാനം നീട്ടി

മാതൃഭൂമി, സെപ്തം. 25, 2008

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ പിടിവാശി കാരണം സംസ്ഥാനത്ത്‌ പ്രത്യേക സാമ്പത്തികമേഖലകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ മന്ത്രിസഭായോഗം പിരിഞ്ഞു.

സി.പി.ഐയുടെ നിയമസഭാകക്ഷി നേതാവ്‌ കൂടിയായ സി. ദിവാകരനെയാണ്‌ ഈ പ്രശ്‌നം മന്ത്രിസഭയില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നിയോഗിച്ചത്‌. മന്ത്രി മുല്ലക്കര രത്‌നാകരനും ദിവാകരനോടൊപ്പം നിന്നു. കഴിഞ്ഞ എല്‍.ഡി.എഫ്‌ യോഗത്തില്‍ ഘടകകക്ഷിനേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയ ഈ പ്രശ്‌നത്തില്‍ സി.പി.ഐ കാണിച്ച മലക്കംമറിച്ചില്‍ മന്ത്രി തോമസ്‌ ഐസക്കിന്‌ രസിച്ചതുമില്ല. സമയാസമയം വാക്കുമാറി പറയുന്ന പാര്‍ട്ടിക്ക്‌ സ്വന്തമായി എന്തെങ്കിലും ഒരു നയമുണ്ടോയെന്ന്‌ സി.പി.ഐ മന്ത്രിമാരെ അദ്ദേഹം കളിയാക്കുകയും ചെയ്‌തു.

സെസ്സിന്റെ കാര്യത്തില്‍ വ്യക്തത ഇല്ലാതെ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത പത്ത്‌ അപേക്ഷകള്‍ കേന്ദ്രത്തില്‍ അയയ്‌ക്കാന്‍ പാടില്ലെന്ന്‌ പ്രശ്‌നം ചര്‍ച്ചയ്‌ക്കുവന്നപ്പോള്‍ തന്നെ മന്ത്രി ദിവാകരന്‍ അഭിപ്രായപ്പെട്ടു. ഇതിനോട്‌ മന്ത്രിസഭയിലെ സി.പി.ഐ ഇതരനായ ഒരു മന്ത്രിയും യോജിപ്പ്‌ പ്രകടിപ്പിച്ചില്ല. ഇവരുടെ വാദമുഖങ്ങളില്‍ ചില മന്ത്രിമാര്‍ അസ്വസ്ഥരാവുന്നുമുണ്ടായിരുന്നു.

കെ.പി. രാജേന്ദ്രന്‍ മന്ത്രിസഭായോഗത്തിനെത്തിയിരുന്നില്ല. സെസ്‌ സംബന്ധിച്ച്‌ ഒരു നയവും അതനുസരിച്ച്‌ ഒരു നിയമവും കൊണ്ടുവരണം. അല്ലെങ്കില്‍ സ്വാശ്രയനിയമം പോലെയാകുമെന്ന്‌ ദിവാകരനും മുല്ലക്കരയും മുന്നറിയിപ്പ്‌ നല്‌കി.

ഈ വാദത്തെ തോമസ്‌ ഐസക്കും എളമരം കരീമും എതിര്‍ത്തു. എല്‍.ഡി.എഫ്‌ തീരുമാനത്തെ അംഗീകരിക്കാതെ അത്‌ ഇനിയും മാറ്റിവെയ്‌ക്കുന്നത്‌ ശരിയല്ല. അപ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്ക്‌ ഒരു നയമുണ്ടെന്നായി ദിവാകരന്‍. അപ്പോഴായിരുന്നു തോമസ്‌ ഐസക്കിന്റെ കളിയാക്കല്‍.

സി.പി.എം-സി.പി.ഐ മന്ത്രിമാര്‍ തമ്മില്‍ എല്‍.ഡി.എഫിന്‌ പുറത്തും ആശയവിനിമയം നടത്തിയിരുന്നു. നമ്മുടെ നേതാക്കള്‍ പലവട്ടം ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഞങ്ങള്‍ക്ക്‌ ഇതിനോട്‌ വിയോജിപ്പുണ്ടെന്ന്‌ ദിവാകരന്‍ വ്യക്തമാക്കി. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ വിയോജിപ്പോടെ തീരുമാനമെടുക്കാം. പക്ഷേ മന്ത്രിസഭായോഗത്തില്‍ വിയോജിപ്പോടെ തീരുമാനമെടുക്കാനാവില്ലെന്ന്‌ തോമസ്‌ ഐസക്ക്‌ പറഞ്ഞു. വിയോജിപ്പ്‌ രേഖപ്പെടുത്തിയാല്‍ മന്ത്രിസഭയ്‌ക്ക്‌ കൂട്ടുത്തരവാദിത്വം ഇല്ലെന്നുവരും. അതിനാല്‍ ഏറ്റുമുട്ടല്‍ വേണ്ട. നമുക്ക്‌ മാറ്റിവെയ്‌ക്കാമെന്നായി ഒടുവില്‍.

29-ാം തീയതി രാവിലെയാണ്‌ എല്‍.ഡി.എഫ്‌ നേതൃയോഗം. വൈകുന്നേരം മന്ത്രിസഭായോഗവും നടക്കും. അതിനുമുമ്പ്‌ ഇതിനായി ഒരു ഓര്‍ഡിനന്‍സ്‌ ഇറക്കുന്നതിനുവേണ്ടിയുള്ള കരട്‌ തയ്യാറാകുമോയെന്ന്‌ നോക്കാമെന്ന്‌ മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

എന്തായാലും ഒരു നിയമം ഉണ്ടായേ മതിയാകൂ എന്ന്‌ സി.പി.ഐ മന്ത്രിമാര്‍ വീണ്ടും പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. റിയല്‍ എസ്റ്റേറ്റായി സെസ്സിന്റെ സ്ഥലങ്ങള്‍ മാറാന്‍ പാടില്ല. നികുതിഇളവ്‌, വൈദ്യുതി ഇളവ്‌ എന്നിവയിലെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകണം. അതിന്‌ ഒരു പൊതുനയം തന്നെവേണം.

മാത്രവുമല്ല ഇപ്പോഴത്തെ 10 അപേക്ഷകള്‍ക്ക്‌, വരാന്‍ പോകുന്ന നിയമം ബാധകമാവുകയും വേണമെന്നും ദിവാകരന്‍ പറഞ്ഞു. ഇങ്ങനെ തര്‍ക്കമുണ്ടെങ്കില്‍ ഒന്നുകൂടി ആലോചിച്ച്‌ തീരുമാനമെടുക്കാമെന്നും അതിനാല്‍ ഇക്കാര്യം മാറ്റിവെയ്‌ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രശ്‌നം അവസാനിച്ചു.

എന്നാല്‍ മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ സെസ്സിന്റെ കാര്യത്തില്‍ തീരുമാനമായെന്നും ഒരു കുഴപ്പവുമില്ലെന്നും ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി മുഖ്യമന്ത്രി അവകാശപ്പെട്ടു. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള എഴുത്ത്‌ ഒന്ന്‌ കുറയ്‌ക്കണമെന്നും അദ്ദേഹം പത്രലേഖകരെ ഉപദേശിച്ചു. എല്‍.ഡി.എഫ്‌ നിര്‍ദ്ദേശിച്ച വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സെസ്സിന്റെ കാര്യത്തില്‍ ഒരു നിയമം വേണമെന്ന്‌ സി.പി.ഐ ആവശ്യപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിയമത്തിന്‍േറയോ ഓര്‍ഡിനന്‍സിന്‍േറയോ ആവശ്യമുണ്ടോയെന്ന മറുചോദ്യമാണ്‌ അച്യുതാനന്ദനില്‍ നിന്നുണ്ടായത്‌. ''സെസ്സിന്റെ കാര്യത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്‌. അടുത്ത മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനം നിങ്ങള്‍ക്ക്‌ തരും'' - മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ഇനി എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യേണ്ടിവരുമോയെന്ന്‌ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.

വെള്ളക്കരം വര്‍ദ്ധിപ്പിച്ചതിനു പുറമെ കറണ്ട്‌ ചാര്‍ജ്‌, ബസ്‌കൂലി, പാല്‍വില എന്നിവയെല്ലാം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ നല്‌കുന്ന കോടിക്കണക്കിന്‌ രൂപയുടെ ഇളവുകളെക്കുറിച്ച്‌ നിങ്ങള്‍ ഒന്നും പറയാത്തതെന്താണെന്ന്‌ അച്യുതാനന്ദന്‍ ചോദിച്ചു. ''ആനുകൂല്യങ്ങള്‍ നല്‌കുന്നതൊന്നും നിങ്ങള്‍ പ്രസിദ്ധീകരിക്കരുത്‌. ഈ ജാതി എഴുത്ത്‌ ഒന്ന്‌ കുറയ്‌ക്കൂ.''

വൈദ്യുതിബോര്‍ഡിന്റെ കാര്യത്തില്‍ 25ന്‌ സര്‍വകക്ഷിയോഗം ചേരുന്നുണ്ട്‌. ഉച്ചയ്‌ക്കുശേഷം തൊഴിലാളി യൂണിയനുകളുടേയും. വൈദ്യുതിബോര്‍ഡ്‌ സ്വകാര്യവത്‌കരിക്കാനുള്ള നീക്കമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. സാധാരണക്കാര്‍ക്ക്‌ അതനുസരിച്ച്‌ ഭാരം കൂടും. അതിനെതിരെ ശക്തമായ നിലപാടാണ്‌ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്‌. രാഷ്ട്രീയ പാര്‍ട്ടികളൊന്നും ജനങ്ങള്‍ക്ക്‌ എതിരായ നിലപാട്‌ സ്വീകരിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എസ്‌.ഇ.ബി.യെ മൂന്നുമാസം കൂടി നിലനിര്‍ത്താനായി മുഖ്യമന്ത്രി കേന്ദ്ര ഊര്‍ജമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായവും മന്ത്രിസഭായോഗത്തിലുണ്ടായി.

വിഴിഞ്ഞം തുറമുഖത്തിനുവേണ്ടിയുള്ള സ്ഥലമെടുപ്പിനെതിരെ ചിലര്‍ നടത്തുന്ന സമരം ചൂണ്ടിക്കാണിച്ചപ്പോള്‍ ഞങ്ങളത്‌ ഭംഗിയായി കൈകാര്യം ചെയ്യുമെന്നായിരുന്നു മറുപടി. ഐ.എസ്‌.ആര്‍.ഒ.യ്‌ക്ക്‌ 40 ഏക്കര്‍ വലിയമലയില്‍ തന്നെ കൊടുത്തു. അതുപോലെ ഇപ്പോഴവിടെ എടുക്കാന്‍ പോകുന്ന സ്ഥലങ്ങളിലെ വീട്ടുകാര്‍ക്ക്‌ ആവശ്യമായ സ്ഥലം അവിടെത്തന്നെ സൗകര്യപ്പെടുത്തിക്കൊടുത്തിട്ടേ എടുക്കൂ. അവരെ ദൂരേയ്‌ക്ക്‌ കൊണ്ടുപോകില്ല. സൗകര്യങ്ങള്‍ ഒരുക്കിയശേഷമേ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയുള്ളൂ.

വല്ലാര്‍പാടത്തും ഇതായിരുന്നല്ലോ സ്ഥിതി. അവിടെ ചില വീട്ടുകാരെ കൈയിലെടുത്തുകൊണ്ടുള്ള കളികള്‍ നാം കണ്ടു. എന്നാല്‍ വളരെ സമാധാനപരമായി അവിടെ കാര്യങ്ങള്‍ നടന്നു. ഇവിടത്തെ പ്രക്ഷോഭവും രമ്യമായി പരിഹരിക്കും. റിയല്‍ എസ്റ്റേറ്റുകാരും മറ്റും നാട്ടുകാരെ ഇളക്കിവിട്ട്‌ പേടിപ്പിച്ച്‌ മുതലെടുക്കാനുള്ള ശ്രമത്തിലാണ്‌. അതില്ലാതാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

blogger templates | Make Money Online