Wednesday, October 22, 2008

ദത്ത്‌ വിവാദം: ബിഷപ്പ്‌ തട്ടുങ്കല്‍ മാപ്പ്‌ ചോദിച്ചു; സ്ഥാനമൊഴിയണമെന്ന്‌ വൈദികര്‍

മാതൃഭൂമി. ഒക്ടോ.21, 2008


ഫോര്‍ട്ട്‌കൊച്ചി:യുവതിയെ ദത്തെടുത്ത തടക്കമുള്ള വിഷയങ്ങളില്‍ കൊച്ചി ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ വൈദികരോടും വിശ്വാസികളോടും മാപ്പുചോദിച്ചു.

വിവാദവിഷയങ്ങള്‍ സംബന്ധിച്ച്‌ വിശദീകരിക്കുവാന്‍ വിളിച്ചുകൂട്ടിയ വൈദികരുടെ വിശേഷാല്‍ യോഗത്തിലാണ്‌ ബിഷപ്പ്‌ തെറ്റ്‌ സമ്മതിച്ച്‌ മാപ്പ്‌ ചോദിച്ചത്‌. എന്നാല്‍ ഇതില്‍ തൃപ്‌തിപ്പെടാതെ ബിഷപ്പ്‌ സ്ഥാനമൊഴിയണമെന്ന്‌ ഭൂരിപക്ഷം വൈദികരും ആവശ്യപ്പെട്ടു.

തന്റെ നിലപാട്‌ വിശദീകരിച്ച്‌ യോഗാരംഭത്തില്‍ തന്നെ ബിഷപ്പ്‌ പ്രത്യേക കുറിപ്പ്‌ വിതരണം ചെയ്‌തു. ഇതിലെ പല പരാമര്‍ശങ്ങളും ഒച്ചപ്പാടിനിടയാക്കി. തുടര്‍ന്ന്‌ വൈദികരുടെ എതിര്‍പ്പുകൂടി രേഖപ്പെടുത്തി യോഗാനന്തരം പ്രത്യേക കുറിപ്പ്‌ നല്‍കി. സഭയിലുണ്ടായിരുന്ന വിശ്വാസ പ്രതിസന്ധിക്കും തെറ്റിദ്ധാരണകള്‍ക്കും താന്‍ തന്നെയാണ്‌ ഉത്തരവാദിയെന്ന്‌ ബിഷപ്പ്‌ സമ്മതിച്ചു.

യുവതിയെ ദത്തെടുത്തത്‌ സഭാനിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ റോമില്‍നിന്ന്‌ ബോധ്യപ്പെടുത്തിയാല്‍ അതില്‍നിന്ന്‌ പിന്മാറും. ആത്മീയതലത്തിലാണ്‌ ദത്തെടുത്തത്‌. അതിന്‌ നിയമസസാധുത ലഭിക്കുവാനാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

ഓര്‍ത്തഡോക്‌സ്‌ വൈദികനൊപ്പം കുര്‍ബാനയര്‍പ്പിച്ചത്‌ സഭാനിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും ഈ തെറ്റ്‌ വത്തിക്കാന്‍ സ്ഥാനപതിമുമ്പാകെ സമ്മതിച്ച്‌ മാപ്പ്‌ ചോദിച്ചിട്ടുള്ളതാണെന്നും ബിഷപ്പ്‌ വിശദീകരിച്ചു.

രക്താഭിഷേകവിവാദം സംബന്ധിച്ചുള്ള വിശദീകരണം ഇപ്രകാരമാണ്‌:'യേശുനാഥന്‍തന്നെ നല്‍കിയെന്ന്‌ പറയപ്പെടുന്ന രക്തംകൊണ്ട്‌ മെത്രാസനമന്ദിരം വെഞ്ചരിച്ചുവെന്നത്‌ ശരിയാണ്‌. സാധാരണ വെഞ്ചരിപ്പിന്റെ പ്രാര്‍ഥനചൊല്ലിയാണ്‌ ഇത്‌ നടത്തിയത്‌. ഇതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ നിങ്ങള്‍തന്നെ നിശ്ചയിക്കുന്ന വൈദികനെക്കൊണ്ട്‌ മെത്രാസനമന്ദിരം പുനര്‍വെഞ്ചരിക്കുന്നതിന്‌ തടസ്സമില്ല'. ഈ വിശദീകരണത്തെ ചൊല്ലിയാണ്‌ ഏറെ ഒച്ചപ്പാടുണ്ടായത്‌. മുതിര്‍ന്ന വൈദികനെക്കൊണ്ട്‌ മെത്രാസനമന്ദിരം പുനര്‍വെഞ്ചിരിച്ചശേഷമാണ്‌ ഭൂരിപക്ഷം വൈദികരും ഉള്ളില്‍ പ്രവേശിച്ചത്‌.

ബൈബിളിലെ വെളിപാടിന്റെ പുസ്‌തകം 12-ാം അധ്യായത്തെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനങ്ങള്‍ വ്യക്തി പരമാണെന്നും ഇത്‌ താന്‍ ആരെയും പഠിപ്പിക്കുന്നില്ലെന്നും ജോണ്‍ തട്ടുങ്കല്‍ വിശദീകരിച്ചു. കത്തോലിക്കാസഭയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ മാത്രമേ പഠിപ്പിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക്‌ ഇതുവരെ മേലധികാരികളില്‍നിന്ന്‌ വിലക്കോ ശിക്ഷാനടപടികളോ ഉണ്ടായിട്ടില്ല. ആശയക്കുഴപ്പങ്ങള്‍ക്ക്‌ കാരണം ഒക്‌ടോബര്‍ ഒന്നിന്‌ വൈദികരുടെ ധ്യാനാവസരത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളാണെന്നും അത്‌ വേണ്ടിയിരുന്നില്ല എന്ന്‌ ഇപ്പോള്‍ തോന്നുന്നുവെന്നും ബിഷപ്പ്‌ വിശദീകരിച്ചു. ആഴത്തിലുള്ള ചില ആത്മീയാനുഭവങ്ങളാണ്‌ തനിക്കുണ്ടായത്‌. അത്തരം അനുഭവങ്ങള്‍ പങ്കുവെക്കുമ്പോഴുള്ള പ്രത്യേക മാനസിക സ്ഥിതിമൂലമാണ്‌ യുക്തിക്ക്‌ ചേരാത്ത പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞുപോയവയെ വിസ്‌മരിച്ച്‌ വരാനിരിക്കുന്നവയെ മുന്നില്‍കണ്ട്‌ നമുക്ക്‌ പ്രയാണം തുടരാം എന്നുകൂടി പറഞ്ഞാണ്‌ ബിഷപ്പ്‌ അവസാനിപ്പിച്ചത്‌.

വിശദീകരണത്തെച്ചൊല്ലി യോഗത്തില്‍ ബഹളമുണ്ടായതോടെ, മെത്രാസനമന്ദിരത്തിലെ രക്താഭിഷേകം, ദിവ്യ ശിശുവിന്റെ ജനനം സംബന്ധിച്ച്‌ നടത്തിയ പ്രവചനം തുടങ്ങിയ കാര്യങ്ങളില്‍ നിലപാടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ബിഷപ്പ്‌ സ്ഥാനം ഒഴിയണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു വൈദികര്‍.
 

blogger templates | Make Money Online