Sunday, May 6, 2012

ചന്ദ്രശേഖരന്‍ വധം: മൂന്നു പേര്‍ കസ്റ്റഡിയില്‍


 Mathrubhumi: 06 May 2012

കെ.പി.ഷൗക്കത്തലി


പിന്നില്‍ ഏഴംഗസംഘമെന്ന് സൂചന
കാര്‍ കസ്റ്റഡിയില്‍
അക്രമികളില്‍ പരോളിലിറങ്ങിയവരും
അന്വേഷണനേതൃത്വം വിന്‍സന്‍.എം പോളിന്




കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതാവ് ടി.പി ചന്ദ്രശേഖരന്റെഅതിക്രൂരമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു.

മാഹി ഇരട്ടക്കൊലപാതക ക്കേസില്‍ പ്രതിയായ കണ്ണൂ ര്‍,പള്ളൂര്‍,പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.വിന്‍സന്‍ എം. പോളിനെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.അന്വേഷണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആഭ്യന്തരമന്ത്രിയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വടകര ടി.ബിയില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.

പ്രതികള്‍ സഞ്ചരിച്ച കാര്‍ തലശ്ശേരിക്കടുത്ത് ചൊക്ലി മാരാങ്കണ്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഈ വാഹനം വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചയാളുള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഉടമ നവീന്‍ദാസ്,കാര്‍ വാടകയ്ക്ക് നല്‍കിയ റിജേഷ്, കാര്‍ വാടകക്കെടുക്കാന്‍ റഫീഖിനെ സഹായിച്ച ഹാരിസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഈ മൂന്ന് പേര്‍ക്കും കൊലപാതകവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.

എത്ര പേര്‍ സംഭവത്തില്‍ പങ്കാളികളാണെന്ന് വ്യക്തമായ വിവരമില്ല. ഏഴു പേരെങ്കിലും കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് നിഗമനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടുത്ത കാലത്ത് പരോളില്‍ ഇറങ്ങിയ ചിലരും പങ്കാളികളാണെന്ന് സൂചനയുണ്ട്.

കണ്ണൂര്‍ ജില്ലയിലെ ചൊക്ലി,ടെമ്പിള്‍ ഗേറ്റ്,പള്ളൂര്‍ മേഖലകളിലുള്ളവരാണ് പ്രതികളെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ചന്ദ്രശേഖന്റെ ദേഹത്തുള്ള മുറിവിന്റെ സ്വഭാവം മനസ്സിലാക്കിയാണ് ഈ മേഖലയിലുള്ളവരാണ് പ്രതികളെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.പ്രതികള്‍ സംസ്ഥാനം വിട്ടിറ്റുണ്ടെന്ന സൂചനയുണ്ടെങ്കിലും കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും പാര്‍ട്ടിഗ്രാമങ്ങളിലുണ്ടാകാമെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ ചെക്യാട് സ്വദേശിയുടെ വീട്ടില്‍ വെച്ച് മകളുടെ വിവാഹ ദിവസമാണ് ചന്ദ്രശേഖരനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പരോളില്‍ ഇറങ്ങിയ മറ്റു പലരും ഏപ്രില്‍ 22ന് നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും പരോളില്‍ ഇറങ്ങിയ ചിലരുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാഷ്ട്രീയ കൊലപാതകകേസുകളില്‍ പെട്ട് ഇപ്പോള്‍ പരോളിലുള്ള എല്ലാവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജയിലിലുള്ള ചില തടവുകാര്‍ക്ക് സംഭവത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നതായും പറയുന്നു. ഒഞ്ചിയത്തെ പല സി.പി.എം നേതാക്കളും കഴിഞ്ഞ ദിവസം വീടൊഴിഞ്ഞ് പോയതായി ആക്ഷേപമുണ്ട്. ഇത് കൊലപാതകം നടക്കുന്നതിന് മുമ്പാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പോലീസുദ്യോഗസ്ഥര്‍ ഒന്നിച്ച് ആസൂത്രിതമായി നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകവിവരങ്ങള്‍ ലഭിക്കാന്‍ സഹായകമായത്. കോഴിക്കോട് റൂറല്‍ എസ്.പി.ടി.പി.രാജ്‌മോഹന്റെ നേതൃത്വത്തില്‍ ആറ് ഡിവൈ.എസ്.പിമാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിരുന്നു.

വെള്ളി നിറത്തിലുള്ള കാറിലാണ് സംഘമെത്തിയതെന്ന് മാത്രമാണ് പോലീസിന് കിട്ടിയ ഏക വിവരം.ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇതേ നിറത്തിലുള്ള ഇന്നോവ രജിസ്റ്റര്‍ ചെയ്ത 600 പേരുടെ രേഖകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ശേഖരിച്ചു. വാഹന പരിശോധനയ്ക്ക് മാത്രം 200 ലധികം പോലീസുകാരെ നിയോഗിച്ചിരുന്നു.പ്രതികള്‍ സംസ്ഥാനം കടക്കാതിരിക്കാന്‍ ജില്ലാ അതിര്‍ത്തികള്‍ മുഴുവന്‍ അടച്ചു.

ഇന്നോവ കാറിലാണ് പ്രതികളെത്തിയതെന്ന കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ നാട്ടുകാര്‍ ചൊക്ലിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാര്‍ കണ്ടെത്തിയതിനെക്കുറിച്ച് പോലീസില്‍ വിവരമറിയിച്ചു. കാറിന്റെ ഉടമയെ നേരത്തേ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ ഇൗ വാഹനം എങ്ങനെയാണ് പ്രതികളുടെ കൈയിലെത്തിയതെന്നറിയാനും പ്രധാന കണ്ണിയായ റഫീഖിനെക്കുറിച്ചുള്ള വിവരം ലഭിക്കാനും സഹായകമായി.

വടകരയ്ക്കടുത്ത് കൈനാട്ടിക്കും നാദാപുരം റോഡിനുമിടയിലെ വള്ളിക്കാട്ട് വെച്ച് വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ചന്ദ്രശേഖരന്‍ മൃഗീയമായി കൊലചെയ്യപ്പെട്ടത്.ഇന്നോവ കാറിലെത്തിയ സംഘം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചന്ദ്രശേഖരനെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയോട്ടി തകര്‍ന്നത് 20 മിനിറ്റ് കൊണ്ട് ചന്ദ്രശേഖരന്‍ മരിക്കാനുമിടയായി.

അമ്പതിലേറെ മുറിവുകള്‍


ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ അമ്പതിലേറെ മുറിവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. തലക്കേറ്റ ഗുരുതരമായ ക്ഷതവും രക്തം വാര്‍ന്നതുമാണ് മരണത്തിനിടയാക്കിയത്. അതിക്രൂരമായാണ് ആക്രമണം നടന്നത്. തുടരെയുള്ള വെട്ടേറ്റ് തല തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിരുന്നു.

ആ ഫോണ്‍ കോള്‍ ആരുടെ?


ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നിരുന്നു. വള്ളിക്കാട് ലീഗ് ഹൗസിന് സമീപം ഒരു വാഹനാപകടം നടന്നിട്ടുണ്ട്.അവിടേക്കെത്തണമെന്നാണ് ഫോണ്‍ സന്ദേശമെന്നാണ് ലഭിച്ച വിവരം.

ഫോണ്‍ കോളിന്റെ ഉടമയെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്റെ ഫോണിലേക്ക് വന്ന എല്ലാ കോളുകളും പരിശോധിച്ച് വരികയാണെന്നും അവര്‍ പറഞ്ഞു. ഈ ഫോണ്‍ കോളാണ് അദ്ദേഹത്തെ പതിവായി പോവുന്ന വഴിയില്‍ നിന്ന് മാറ്റി വള്ളിക്കാട്ടെത്തിച്ചത്.

'ടി.പി. ചന്ദ്രശേഖരനെ വധിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥപ്രതികളെ കണ്ടെത്തേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്. ഉത്തരവാദികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് ഉറപ്പുതരുന്നു.' -മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

'പാര്‍ട്ടി വിട്ടുപോകുന്നവരെ ശാരീരികമായി ഇല്ലാതാക്കുന്ന പരിപാടി സി.പി.എമ്മിനില്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുവേളയില്‍ ഇടതുമുന്നണിയെയും സി.പി.എമ്മിനെയും താറടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ചന്ദ്രശേഖരന്റെ കൊലപാതകം.' -പിണറായി വിജയന്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ഗൂഢാലോചന നടന്നു



Posted on: 06 May 2012


കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരനെ കൊല്ലാനുള്ള ഗൂഢാലോചന വിവിധ സ്ഥലങ്ങളില്‍ നടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ പ്രധാന കേന്ദ്രം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലായിരുന്നുവെന്നാണ് ഇപ്പോഴത്തെ സൂചന. ഒരു കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ രണ്ടുപേരാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിലും മുഖ്യ പ്രതികളെന്ന് പോലീസിന് വിവരം കിട്ടി. ഇവരാണ് ജയിലില്‍ വെച്ച് പദ്ധതി ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.

ചന്ദ്രശേഖരനെതിരെ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ജയിലിലെ തടവുകാരില്‍ ചിലര്‍ക്ക് മനസ്സിലായിരുന്നു. ചന്ദ്രശേഖരനെ അടുത്തറിയുന്ന തടവുകാരില്‍ ഒരാള്‍ ഇക്കാര്യം ഒഞ്ചിയത്തെ ചിലരെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. പക്ഷേ, എന്താണ് നടക്കുന്നതെന്ന് ഇവര്‍ക്കറിയില്ലായിരുന്നു. ചന്ദ്രശേഖരന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന വിവരമാണ് ഇവര്‍ കൈമാറിയത്. ഇപ്പോള്‍ പോലീസ് സംശയിക്കുന്ന രണ്ടുപേര്‍ അടുത്ത ദിവസങ്ങളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരാണ്. ഇതോടെയാണ് സെന്‍ട്രല്‍ ജയിലിലെ ഗൂഢാലോചനയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇവര്‍ രണ്ടുപേരും കേരളം വിട്ടതായാണ് സൂചന. ഇവരെ പിടികൂടാനായി പ്രത്യേക പോലീസ് സംഘം കണ്ണൂരില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൊലപാതകത്തിനും പേരുകേട്ടവരാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്ന രണ്ടു പ്രതികളും. ന്യൂമാഹി ഇരട്ടക്കൊലപാതകക്കേസിലെ ഒരു പ്രതിയാണ് ഇതില്‍ പ്രധാനി. രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെയാണ് ന്യൂമാഹിയില്‍ കൊലപ്പെടുത്തിയിരുന്നത്. ഇയാളുടെ കൂട്ടാളിയാണ് രണ്ടാമത്തെയാള്‍. കതിരൂര്‍ സ്വദേശിയായ ഒരു ഗള്‍ഫ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി പള്ളൂരിലെ ഒരു മദ്യഷാപ്പ് ഗോഡൗണില്‍ താമസിപ്പിക്കുകയും എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. ആഡംബര ജീവിതമാണ് ഇയാളുടെ രീതി. ഇക്കാര്യങ്ങളൊക്കെ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന്റെ കൊലപാതകത്തിലും ഇവരുടെ പങ്ക് ഉറപ്പാക്കാവുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
Related News

'ടി.പി.ചന്ദ്രശേഖരന്‍ വധം: പിന്നില്‍ സി.പി.എം എന്ന്‌ പോലീസ്‌


(Mangalam May 6, 2012)
Text Size:   
കോഴിക്കോട്‌/ഒഞ്ചിയം: റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മിനു പങ്കെന്നു പോലീസ്‌. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തിരുന്നെന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.

സി.പി.എമ്മിന്‌ ഒഞ്ചിയത്തെ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ ചന്ദ്രശേഖരനെ ഇല്ലായ്‌മ ചെയ്യണമെന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയായാണു കൊലപാതകമെന്നു കരുതുന്നു. ചന്ദ്രശേഖരനെ വധിക്കണമെന്ന അജന്‍ഡ സി.പി.എം. അണികള്‍ക്കിടയില്‍ ഉണ്ടായിരുന്നിട്ടും തടയാന്‍ നേതൃത്വം ശ്രമിച്ചില്ല. കൊലപാതകത്തില്‍ പങ്കുള്ള പാര്‍ട്ടി ഘടകം ഏതാണെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്‌. കൊലപാതകക്കേസില്‍ കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചാണ്‌ അന്വേഷണം നടക്കുന്നത്‌. അക്രമിസംഘം സഞ്ചരിച്ചതെന്നു കരുതുന്ന ഇന്നോവ കാര്‍ പോലീസ്‌ കണ്ടെത്തി.

അക്രമിസംഘത്തിലെ നാലുപേര്‍ കസ്‌റ്റഡിയില്‍. കേസന്വേഷണത്തിനായി ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെക്കുറിച്ചു വ്യക്‌തമായ സൂചന ലഭിച്ചതായി ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ ഡല്‍ഹിയില്‍ അറിയിച്ചു. ചന്ദ്രശേഖരന്റെ മൃതദേഹം നിറമിഴികളോടെ നിന്ന ആയിരക്കണക്കിനു സഖാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഏറെക്കാലം സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്‌ അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ എത്തിയതു വൈകാരിക മുഹൂര്‍ത്തമൊരുക്കി.

വെള്ളിയാഴ്‌ച രാത്രി പത്തരയോടെയാണ്‌ ഒഞ്ചിയം വള്ളിക്കാട്‌ ലീഗ്‌ഹൗസിനു സമീപത്തുവച്ച്‌ ചന്ദ്രശേഖരന്‍ ക്രൂരമായി വധിക്കപ്പെട്ടത്‌. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന്‌ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. വടിവാള്‍, മഴു എന്നിവ ഉപയോഗിച്ച്‌ അമ്പതിലേറെ വെട്ടേറ്റിരുന്നു. മുഖം തിരിച്ചറിയാനാകാത്ത വിധം തല തകര്‍ത്തിരുന്നു.

പാനൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ മാരാങ്കണ്ടി സബ്‌ സ്‌റ്റേഷനു സമീപം പുനത്തില്‍ മുക്കില്‍ നിന്നാണ്‌ ഇന്നലെ രാവിലെ 11 മണിയോടെ കെ.എല്‍. 58 ഡി. 8144 ഇന്നോവ കണ്ടെത്തിയത്‌. തലശേരി സ്വദേശി കെ.പി. നവീന്‍ദാസിന്റെ പേരില്‍ തലശേരി സബ്‌ ആര്‍.ടി. ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌തതാണ്‌ ഇന്നോവ. വാഴപ്പടക്ക്‌ റഫീഖിന്‌ ഇന്നോവ വാടകയ്‌ക്കു നല്‍കിയിരുന്നതായി നവീന്‍ദാസിനെ ചോദ്യം ചെയ്‌തതില്‍ നിന്നു വ്യക്‌തമായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌ റഫീഖെന്നു പോലീസ്‌ പറഞ്ഞു. റഫീഖും സംഘവും ഒരാഴ്‌ച മുന്‍പ്‌ നാദാപുരം വളയത്ത്‌ ഒത്തുകൂടിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌.

നവീന്‍ദാസ്‌, റഫീഖ്‌, റഫീഖിന്റെ കൂട്ടാളി ഹാരിസ്‌, നവീന്‍ദാസിന്റെ സഹോദരന്‍ വിജീഷ്‌ എന്നിവരാണു പോലീസ്‌ കസ്‌റ്റഡിയിലുള്ളതെന്നാണു വിവരം. കാര്‍ വാടകയ്‌ക്കു നല്‍കിയവരെക്കുറിച്ചുള്ള മുഴുവന്‍ വിവരവും നവീന്‍ദാസ്‌ പോലീസിനു നല്‍കിയിട്ടുണ്ട്‌. മറ്റുള്ള പ്രതികളും പോലീസ്‌ വലയിലായതായി സൂചനയുണ്ട്‌. പ്രതികളില്‍ രണ്ടു പേര്‍ കൊലക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയവരാണെന്ന്‌ അറിയുന്നു.

കണ്ണൂരില്‍ നിന്നു ഡോഗ്‌ സ്‌ക്വാഡും ബോംബ്‌ സ്‌ക്വാഡും സ്‌ഥലത്തെത്തി കാറില്‍ പരിശോധന നടത്തി. കാറില്‍ നിന്നു മണം പിടിച്ച്‌ ഓടിയ നായ 200 മീറ്റര്‍ അകലെ പോയി നിന്നു. ഇവിടെ നിന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തു. കാര്‍ കഴുകി വൃത്തിയാക്കിയിട്ടുണ്ട്‌. ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍ റോഡില്‍ നിന്ന്‌ ഉള്ളിലേക്കു മാറ്റി നിര്‍ത്തിയിരുന്ന കാര്‍ പിന്നീടു വടകര എസ്‌.പി. ഓഫീസിലേക്കു മാറ്റി. കാറിന്റെ വലതുഭാഗത്ത്‌ മറ്റു വാഹനത്തില്‍ ഇടിച്ച പാടുണ്ട്‌.

ടി.പി. ചന്ദ്രശേഖരന്‍ വെള്ളിയാഴ്‌ച രാത്രി ഒമ്പതരവരെ ഓര്‍ക്കാട്ടേരി ടൗണില്‍ ഉണ്ടായിരുന്നു. ആരോ ഫോണില്‍ വിളിച്ച്‌ വള്ളിക്കാട്‌ എത്താന്‍ പറഞ്ഞതായി സൂചനയുണ്ട്‌. ചന്ദ്രശേഖരന്‌ അവസാനമായി വന്ന ഫോണ്‍ കോളുകള്‍ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. അക്രമി സംഘത്തിലെ അംഗങ്ങളായിരിക്കാം ഫോണ്‍ ചെയ്‌തതെന്നു സംശയിക്കുന്നു.

വാഹനത്തിലെത്തി ബോംബെറിഞ്ഞ്‌ ഭീതി പരത്തിയ ശേഷം വെട്ടിക്കൊല്ലുന്ന കണ്ണൂര്‍ മോഡലിലാണു ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നതിനാല്‍ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചുളള അന്വേഷണമാണു നടക്കുന്നത്‌. കണ്ണൂരിലും പരിസരത്തുമുണ്ടായ രാഷ്‌ട്രീയ സംഘട്ടനങ്ങളുമായി ബന്ധമുള്ളവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്‌. ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല കോഴിക്കോട്‌ റൂറല്‍ എസ്‌.പി: ടി.കെ. രാജ്‌മോഹനാണ്‌.

കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിലാണു സംസ്‌കരിച്ചത്‌. വൈകിട്ട്‌ മൂന്നരയോടെ പോസ്‌റ്റ്മോര്‍ട്ടം കഴിഞ്ഞ്‌ മൃതദേഹം പൊതുദര്‍ശനത്തിനായി കോഴിക്കോട്‌ ടൗണ്‍ഹാളിലെത്തിച്ചു. പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ടൗണ്‍ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഡല്‍ഹിയില്‍നിന്നെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട്‌ ടൗണ്‍ഹാളിലാണ്‌ അന്ത്യോപചാരമര്‍പ്പിച്ചത്‌.

കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.പി. മോഹനന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ: എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി, ആര്യാടന്‍ മുഹമ്മദ്‌, എ.പി. അനില്‍കുമാര്‍, കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, മുസ്ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.എം. ഷാജി, വി.എം. ഉമ്മര്‍, പി.ടി.എ. റഹിം എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.

എം. ജയതിലകന്‍/കെ. ഷിന്റുലാല്‍

അക്രമത്തിനു തെരഞ്ഞെടുത്തത്‌ വിജനപ്രദേശം


(Mangalam May 6, 2012)
Text Size:   
ഒഞ്ചിയം: രക്ഷാപ്രവര്‍ത്തനത്തിന്‌ ആരും എത്തില്ലെന്നുറപ്പുള്ള സ്‌ഥലം തെരഞ്ഞെടുത്താണു അക്രമികള്‍ ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്‌. നാദാപുരം-വടകര റൂട്ടില്‍ വള്ളിക്കാട്‌ ജനസാന്നിധ്യമില്ലാത്ത പ്രദേശമാണ്‌. വള്ളിക്കാട്‌ അങ്ങാടിയില്‍ ഒന്‍പതര വരെ മാത്രമേ ജനങ്ങളുണ്ടാകൂ. വ്യാപാരസ്‌ഥാപനങ്ങള്‍ വരെ പൂര്‍ണമായും ഒന്‍പതരയോടെ അടയ്‌ക്കും. വാഹനങ്ങള്‍ ഈ റൂട്ടിലൂടെ രാത്രിയില്‍ അധികം ഓടാറില്ല. അക്രമം ആസൂത്രണം ചെയ്‌തവര്‍ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാണു വള്ളിക്കാടിനെ തെരഞ്ഞെടുത്തത്‌.

ഒഞ്ചിയം റോഡില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പദ്ധതി പരാജയപ്പെട്ടേക്കാമെന്ന ആശങ്കയാണു അക്രമികളെ വള്ളിക്കാട്‌ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്‌. അക്രമം നടന്ന സ്‌ഥലത്തുനിന്ന്‌ എളുപ്പത്തില്‍ ഹൈവേയില്‍ എത്താമെന്നതും അക്രമികള്‍ അനുകൂലഘടകമായി കണ്ടതായി പോലീസ്‌ പറഞ്ഞു.

ഒഞ്ചിയത്ത്‌ ഒരു രക്‌തസാക്ഷികൂടി‍‍


(Mangalam May 6, 2012)
Text Size:   
കേരളത്തിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായക പങ്ക്‌ വഹിച്ച സ്‌ഥലമാണ്‌ ഒഞ്ചിയം. 1948 ഏപ്രില്‍ 30ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവയ്‌പില്‍ മരിച്ച എട്ടുപേരുടെ അടിത്തറയിലാണ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഈ പ്രദേശത്താകെ സ്വാധീനം ഉറപ്പിച്ചത്‌.

കുറുമ്പ്രനാട്‌ താലൂക്കിലെ പ്രമുഖ കമ്യൂണിസ്‌റ്റ് സംഘാടകനും സാമൂഹ്യസേവനതല്‍പരനുമായിരുന്ന മണ്ടോടി കണ്ണന്‍ എന്ന എം.കെ. കണ്ണനായിരുന്നു ഒഞ്ചിയത്തെ അന്നത്തെ നേതാവ്‌. ഒരുപാട്‌ പോലീസ്‌ മര്‍ദനങ്ങളേറ്റിട്ടും സാഹസികമായി മുന്നോട്ടുപോയ കണ്ണനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസുകാര്‍ ബൂട്ടിട്ട കാലുകൊണ്ടു ചവിട്ടിക്കൊല്ലുകയായിരുന്നു. പോലീസുകാര്‍ ചവിട്ടിപ്പുറത്തേക്കൊഴുക്കിയ ചോരകൊണ്ട്‌ എം.കെ. കണ്ണന്‍ സെന്‍ട്രല്‍ ജയിലിന്റെ വെള്ളച്ചുമരില്‍ ചെങ്കൊടി വരച്ചുപോലും. ഇങ്ങനെ മരിച്ച ഈ നേതാവിനെയും ഒഞ്ചിയത്തുകാര്‍ ഒഞ്ചിയം രക്‌തസാക്ഷികളുടെ കൂട്ടത്തിലാണ്‌ പെടുത്തുന്നത്‌.

ഒഞ്ചിയത്തെ രക്‌തസാക്ഷികള്‍ ഒമ്പതു പേരാണ്‌: അളവക്കന്‍ കൃഷ്‌ണന്‍, കെ.എം. ശങ്കരന്‍, വി.പി. ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി, സി.കെ. ചാത്തു, മേനോന്‍ കണാകരന്‍ എന്ന പടിഞ്ഞാറേ മീത്തല്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, എം.കെ. കണ്ണന്‍ എന്നിവരാണ്‌ ഇവര്‍.

ഒഞ്ചിയത്തെ വെടിവയ്‌പോടെ ഒഞ്ചിയം കമ്യൂണിസ്‌റ്റുകാരുടെ നാടായി. കേരളത്തില്‍ പാര്‍ട്ടിഗ്രാമം എന്ന ആശയം ഉടലെടുക്കുന്നതുതന്നെ ഒഞ്ചിയത്തുനിന്നാണെന്നു പറയാം. കാലം ചെങ്കൊടിയെ രണ്ടാക്കിയപ്പോള്‍ സി.പി.എം സി.പി.ഐയ്‌ക്ക് അയിത്തം കല്‍പിച്ച്‌ ഒഞ്ചിയത്തെ തങ്ങളുടെ നാടാക്കി. ഇവിടെ അതേ സി.പി.എമ്മില്‍നിന്നാണ്‌ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി (റവലൂഷണറി) രൂപംകൊണ്ടത്‌. ഇതാണ്‌ ഒഞ്ചിയത്തിന്റെ ഇപ്പോഴത്തെ ഒന്നാം കമ്യൂണിസ്‌റ്റ് പാര്‍ട്ടി. ഈ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയത്‌ ടി.പി. ചന്ദ്രശേഖരനായിരുന്നു. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി സി.പി.എമ്മിനെ ഒഞ്ചിയത്ത്‌ അപ്രസക്‌തമാക്കിയെന്നു തന്നെ പറയാം. പാര്‍ട്ടിയിലെ കടുത്ത വി.എസ്‌. പക്ഷപാതിയായിരുന്ന അദ്ദേഹം ഡി.വൈ.എഫ്‌.ഐ. ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്‌ഥാന കമ്മിറ്റിയംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഒഞ്ചിയത്തിനു പിന്നാലെ വടകര താലൂക്കിലും കോഴിക്കോട്‌ ജില്ലയുടെ പല ഭാഗങ്ങളിലും ചന്ദ്രശേഖരന്റെ പാര്‍ട്ടിയോടു സി.പിഎമ്മിനു അടിയറവ്‌ പറയേണ്ടിവന്നു. സി.പി.എം. നേതാക്കളുടെ നയങ്ങളിലും പ്രവര്‍ത്തനരീതികളിലും വിമര്‍ശനമുന്നയിച്ചുകൊണ്ടാണ്‌ ഒഞ്ചിയത്തെ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി രൂപംകൊണ്ടത്‌. തുടക്കം മുതലേ ഇവരെ സി.പി.എം. അതിശക്‌തമായിത്തന്നെ നേരിട്ടിരുന്നു.

കടുത്ത ഫാസിസ്‌റ്റ് രീതി അനുവര്‍ത്തിച്ചുവരുന്ന ഒരു കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്തുവന്ന്‌ ജനാധിപത്യ രീതിയില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുകയാണ്‌ തങ്ങളെന്നായിരുന്നു ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടിയെപ്പറ്റി പറഞ്ഞിരുന്നത്‌. സംസ്‌ഥാനമൊട്ടാകെ സി.പി.എം. വിട്ടുവരുന്നവര്‍ക്ക്‌ ആവേശം പകരാനും ചന്ദ്രശേഖരനെത്തിയിരുന്നു. സി.പി.എമ്മിനെ വെല്ലുവിളിച്ച്‌ താഴേത്തട്ടില്‍നിന്നു തന്നെ പാര്‍ട്ടി കെട്ടിപ്പടുത്ത ചന്ദ്രശേഖരനും കൂട്ടരും തങ്ങളിലേക്ക്‌ ഒഴുകിയെത്തിയ പ്രവര്‍ത്തകരുടെ എണ്ണംകൊണ്ട്‌ സി.പിഎമ്മിനെ കടുത്ത സമ്മര്‍ദത്തിലാക്കി. ഒഞ്ചിയം രക്‌തസാക്ഷിദിനം നടത്തിയും ചന്ദ്രശേഖരനും കൂട്ടരും കരുത്തുകാട്ടി.

പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ വീടുകള്‍ക്കുനേരേ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും ഭീഷണിപ്പെടുത്തിയും ഒഞ്ചിയത്ത്‌ സി.പി.എം. നേരത്തേ അക്രമം അഴിച്ചുവിട്ടിരുന്നു. കൊന്നിട്ടായാലും പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുമെന്നാണ്‌ നേതാക്കള്‍ ഒഞ്ചിയത്തു വന്നു പ്രസംഗിച്ചത്‌.

പാര്‍ട്ടിവിട്ടവരെ കുലംകുത്തികളെന്ന്‌ പിണറായി വിജയന്‍ ഒഞ്ചിയത്തെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. പാര്‍ട്ടിയോടു കളിക്കുകയും പാര്‍ട്ടിയില്‍നിന്നു വിട്ടുപോവുകയും ചെയ്യുന്നവരുടെ കാലും കയ്യും തല്ലിയൊടിച്ചുകളയുമെന്ന്‌ ഇ.പി. ജയരാജന്‍ ഒഞ്ചിയത്തു പറഞ്ഞു. ഒഞ്ചിയത്ത്‌ ആയിരക്കണക്കിന്‌ സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന്‌ പുറംതള്ളുമ്പോള്‍ ശക്‌തമായ ഒരിടതുപക്ഷ ബദലിന്‌ രൂപം നല്‍കുംവിധം ഒരു പുതിയ പ്രസ്‌ഥാനമുണ്ടാകുമെന്നു സി.പി.എം നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല.

ഒഞ്ചിയം സര്‍വ്വീസ്‌ സഹകരണബാങ്കിലെ ജീവനക്കാരനായ പുതിയേടത്ത്‌ ജയരാജനെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ്‌ വെട്ടിനുറുക്കിയത്‌ ഈ ലക്ഷ്യത്തോടെയായിരുന്നു. 2009 നവംബര്‍ ആറിന്‌ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് കണ്ണൂക്കര ബസാറില്‍ നടുറോഡിലിട്ട്‌ വെട്ടി ജയരാജനെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്കു ജീവനെടുക്കാനായില്ല. മരണത്തോട്‌ മല്ലടിച്ച ജയരാജന്‍ ആത്മധൈര്യത്തിന്റെ മാത്രം ബലത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരു കൊല്ലം തികയുമ്പോഴേക്കും ഒഞ്ചിയം പഞ്ചായത്തിന്റെ പ്രസിഡന്റായി റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ നേതാവ്‌ ജയരാജനെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്‌തു. 2010 മാര്‍ച്ച്‌ 19ന്‌ റവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ ഏരിയാകമ്മറ്റി അംഗം കെ.കെ. ജയനെ ഇതേ മാതൃകയില്‍ കണ്ണൂരില്‍ നിന്നെത്തിയ കൊലയാളി സംഘം ആക്രമിച്ചു. വാരിയെല്ലുകളും കൈകാലുകളും ശ്വാസകോശവും കരളും മുറിവേറ്റു തകര്‍ന്ന ജയന്‍ തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഒഞ്ചിയത്ത്‌ നിരവധിപ്പേര്‍ ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടുണ്ട്‌. നൂറുകണക്കിന്‌ പേര്‍ കള്ളക്കേസില്‍ പ്രതികളായിട്ടുണ്ട്‌. നുണപ്രചരണങ്ങള്‍, ഭീഷണി, തൊഴില്‍ നിഷേധം, എന്തിന്‌ കല്യാണം മുടക്കല്‍വരെ റവല്യൂഷണറിക്കാര്‍ക്കെതിരേ സി.പി.എം. പ്രയോഗിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കു മത്സരിച്ചു വടകരയില്‍ 21,833 വോട്ട്‌ നേടിയ ചന്ദ്രശേഖരന്‍ അന്നേ സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒഞ്ചിയത്തിന്റെ ഭരണവും റെവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേടിയിരുന്നു. നാല്‍പ്പത്തിയഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായായിരുന്നു ഇവിടെ പാര്‍ട്ടിക്ക്‌ ഭരണം നഷ്‌ടമായത്‌. മൊത്തം പതിനേഴ്‌ വാര്‍ഡില്‍ എട്ടിടത്ത്‌ പാര്‍ട്ടി വിജയിക്കുകയും ചെയ്‌തു.

ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ ഒഞ്ചിയം വഴിത്തിരിവിലെത്തി നില്‍ക്കുകയയാണ്‌.

കൊലയുടെ സൂത്രധാരന്‍ കൊടി സുനി?


(Mangalam May 6, 2012)
Text Size:   
തിരുവനന്തപുരം: ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കുപ്രസിദ്ധ ഗുണ്ട കൊടി സുനിക്കു വേണ്ടിയുള്ള തെരച്ചില്‍ പോലീസ്‌ ഊര്‍ജിതമാക്കി. എന്‍.ഡി.എഫ്‌. പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയാണ്‌ കൊടി സുനി. ഇയാള്‍ സി.പി.എം. അനുഭാവിയാണെന്ന്‌ ഉന്നത പോലീസ്‌ കേന്ദ്രങ്ങള്‍ സ്‌ഥിരീകരിച്ചു.

സുനിയാണു സംഭവത്തിനു പിന്നിലെന്ന്‌ കസ്‌റ്റഡിയിലായവരില്‍നിന്നു പോലീസിന്‌ വിവരം ലഭിച്ചതായി സൂചനയുണ്ട്‌. സുനിയുടെ അടുത്ത സുഹൃത്ത്‌ റഫീഖ്‌ കേസില്‍ ഉള്‍പ്പെട്ടത്‌ അന്വേഷണം പല ദിശയിലേക്കും തിരിച്ചുവിടാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അറുപത്തെട്ടോളം പേര്‍ കസ്‌റ്റഡിയിലുണ്ട്‌.

ഒഞ്ചിയത്ത്‌ റവലൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി സംഘടിപ്പിച്ച രക്‌തസാക്ഷി ദിനാചരണത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. സി.പി.എം. സംഘടിപ്പിച്ച രക്‌തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്തതിന്റെ ഇരട്ടിയോളം ആള്‍ക്കാര്‍ ഇടതുപക്ഷ ഏകോപന സമിതി വിളിച്ചുചേര്‍ത്ത യോഗത്തിന്‌ എത്തിയിരുന്നു. ചന്ദ്രശേഖരന്റെ സംഘാടക മികവ്‌ സി.പി.എമ്മിനു ഭീഷണി സൃഷ്‌ടിച്ചതായും അന്വേഷണ സംഘം കരുതുന്നു.

യഥാര്‍ഥ പ്രതികള്‍ക്കുവേണ്ടി കോഴിക്കോട്‌, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. കര്‍ണാടക ഡി.ജി.പിക്കും ഇവരെക്കുറിച്ചു വിവരങ്ങള്‍ കൈമാറി. കൊലപാതകം നടത്തിയശേഷം തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ കഴുകി വൃത്തിയാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പതിനഞ്ചുപേര്‍ പങ്കാളികളാണെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌.

ചന്ദ്രശേഖരന്റെ ദേഹത്ത്‌ അമ്പതിലേറെ മുറിവുകള്‍

കോഴിക്കോട്‌: അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ ദേഹത്ത്‌ അമ്പതിലേറെ വെട്ടുകളേറ്റതായി പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. ആഴത്തിലുള്ള അമ്പതോളം മുറിവുകളും തലച്ചോര്‍ വെട്ടേറ്റ്‌ തകര്‍ന്നതുമാണ്‌ മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്‌. തലയ്‌ക്കും മുഖത്തും കൈകളിലുമാണ്‌ കൂടുതല്‍ വെട്ടേറ്റത്‌. വടിവാള്‍ കൊണ്ടാണു വെട്ടിയിരിക്കുന്നത്‌. തലയോട്ടിയില്‍ രണ്ടിഞ്ചോളം തുളച്ചുകയറി തലച്ചോര്‍ തകര്‍ത്തുകൊണ്ടുള്ള മുറിവുകളാണ്‌ അധികവും. വടിവാളിനൊപ്പം മഴു പോലുള്ള ഭാരമുള്ള ആയുധം ഉപയോഗിച്ച്‌ വെട്ടിയതായും പോസ്‌റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്‌.

എസ്‌. നാരായണന്‍
 

blogger templates | Make Money Online