Wednesday, October 22, 2008

ബിഷപ് തട്ടുങ്കല്‍ ഖേദപ്രകടനം

ദീപിക, ഒക്ടോ.21, 2008

കൊച്ചി: ദത്തെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് കൊച്ചി ബിഷപ് ഡോ. ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചു. ഇന്ന് രാവിലെ 10.30ന് കൊച്ചി ബിഷപ്സ്് ഹൌസില്‍ ചേര്‍ന്ന ഫൊറോനാ വികാരിമാരുടെയും ഇടവക വികാരിമാരുടെയും യോഗത്തിലാണ് കൊച്ചി ബിഷപ് ഡോ. ജോണ്‍ തട്ടുങ്കല്‍ മാപ്പുചോദിച്ചത്. തനിക്ക് ഇതുവരെ മേലധികാരികളില്‍ നിന്നു വിലക്കോ, ശിക്ഷാനടപടിയോ ഉണ്ടായിട്ടില്ലെന്നും ബിഷപ് വ്യക്തമാക്കി. വിവാദ പ്രസ്താവനകള്‍ നടത്തേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം യോഗത്തില്‍ സമ്മതിച്ചു. ദത്തെടുക്കല്‍ നിയമവിരുദ്ധമാണെങ്കില്‍ റോമില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് പിന്മാറാന്‍ തയാറാണെന്നും ബിഷപ് സമ്മതിച്ചിട്ടുണ്ട്. യോഗത്തിനുശേഷം ബിഷപ്സ് ഹൌസ് പത്രക്കുറിപ്പ് പുറത്തിറക്കി.

പത്രക്കുറിപ്പിന്റെ പൂര്‍ണ രൂപം

ചുവടെ:

രൂപതയിലെ വൈദികരായ നിങ്ങളെ ഈ വിശേഷയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. കൊച്ചി രൂപതയുടെ അധ്യക്ഷനെന്ന നിലയ്ക്ക് പൂര്‍ണ അധികാരത്തോടെയാണ് ഈ യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. എനിക്ക് ഇതേവരെ മേലധികാരികളില്‍ നിന്ന് വിലക്കോ ശിക്ഷാനടപടിയോ ലഭിച്ചിട്ടില്ലെന്ന് ഉത്തമവിശ്വാസത്തോടെ നിങ്ങളെ ബോധ്യപ്പെടുത്തുന്നു.

ഈ വിശേഷാല്‍ യോഗത്തിന്റെ ഉദ്ദേശ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ രൂപതയിലും പരിസരപ്രദേശങ്ങളിലും സഭയേയും വിശ്വാസത്തേയും സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ക്കും പരിഹാരം കാണുകയെന്നതാണ്.

ഈ ആശയക്കുഴപ്പങ്ങള്‍ക്കു കാരണം 2008 ഒക്ടോബര്‍ ഒന്നിന് വൈദികരുടെ മാസധ്യാനാവസരത്തില്‍ ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. ആ പരാമര്‍ശങ്ങള്‍ നടത്തേണ്ടതായിരുന്നില്ല എന്നു എനിക്ക് ഇപ്പോള്‍ തോന്നുന്നു. ആ പരാമര്‍ശങ്ങളിലൂടെ എന്റെ വൈദികരിലും ദൈവജനത്തിലും ഉണ്ടായ തെറ്റിദ്ധാരണകള്‍ക്കും വിശ്വാസപ്രതിസന്ധിക്കും ഞാന്‍ തന്നെയാണ് ഉത്തരവാദിയെന്നും സമ്മതിക്കുന്നു. അതിന് എന്റെ വൈദികരായ നിങ്ങളോടും ദൈവജനത്തോടും മാപ്പുചോദിക്കുന്നു.

ഒക്ടോബര്‍ ഒന്നിന് നടന്നത് എന്റെ വ്യക്തി ജീവിതത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ആത്മീയ അനുഭവങ്ങളുടെ പങ്കുവയ്ക്കലായിരുന്നു. ഇത്രയും ആഴത്തിലുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാകാവുന്ന എന്റെ മാനസികസ്ഥിതിയെക്കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കാവുന്നതാണല്ലോ. അതിനാലാണ് യുക്തിക്കുചേരാത്ത പല പരാമര്‍ശങ്ങളും ഉണ്ടായത്. അതില്‍ പ്രത്യേകം എടുത്തു പറയേണ്ടവ താഴെ പറയുന്നവയാണ്.

യുവതിയെ ദത്തെടുക്കല്‍ : ഇത് ആത്മീയ തലത്തിലുള്ള ദത്തെടുക്കലാണെന്നും അതിന് സിവില്‍ വാലിഡിറ്റി ഉണ്ടാകേണ്ടതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും സമ്മതിക്കുന്നു. ഇത് അനുവദനീയമോ അല്ലയോ എന്നത് എന്റെ സഭാ മേലധികാരികളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും അത് നിയമവിരുദ്ധമാണെന്ന് റോമില്‍ നിന്ന് എന്നെ ബോധ്യപ്പെടുത്തുന്നതനുസരിച്ച് ഞാന്‍ അതില്‍ നിന്നു പിന്മാറുവാന്‍ സമ്മതമാണെന്നും അറിയിക്കുന്നു.

ഓര്‍ത്തഡോക്സ് വൈദികനോടൊത്ത് ദിവ്യബലിയര്‍പ്പിച്ചത്: കത്തോലിക്കാസഭയുടെ നിയമങ്ങള്‍ക്കു വിരുദ്ധമായിരുന്നുവെന്നത് അപ്പോസ്താലിക്കാ ന്യുണ്‍ഷ്യോ മുമ്പാകെ 2008 ഒക്ടോബര്‍ 10ന് നേരില്‍ കണ്ട് സമ്മതിച്ചിട്ടുള്ളതും മാപ്പു ചോദിച്ചിട്ടുള്ളതുമാണ് എന്ന് അറിയിക്കുന്നു.

രക്താഭിഷേകം: രക്തം കൊണ്ട് മെത്രാസനമന്ദിരം വെഞ്ചരിച്ചുവെന്നത് ശരിയാണ്. സാധാരണയുള്ള വെഞ്ചരിപ്പിന്റെ പ്രാര്‍ഥനകള്‍ ചൊല്ലിത്തന്നെയാണ് ഈ വെഞ്ചിരിപ്പും നടത്തിയിട്ടുള്ളത്. ഇതില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്െടങ്കില്‍ നിങ്ങള്‍ തന്നെ നിശ്ചയിക്കുന്ന കത്തോലിക്കാ വൈദികനെക്കൊണ്ട് മെത്രാസനമന്ദിരം പുനര്‍വെഞ്ചരിക്കുന്നതിനും എനിക്ക് തടസമില്ല എന്നും ബോധ്യപ്പെടുത്തുന്നു.

ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ 12-ാം അധ്യായത്തെക്കുറിച്ചുള്ള എന്റെ ചില വ്യാഖ്യാനങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും, ഈ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഞാന്‍ പഠിപ്പിക്കുന്നതല്ലെന്നും കത്തോലിക്കാ സഭയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചു മാത്രമേ പഠിപ്പിക്കുകയുള്ളുവെന്നും ഉറപ്പു തരുന്നു.

കര്‍ത്താവായ യേശുവിനെ ഞാന്‍ ഏക ലോകരക്ഷകനായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. യേശുവിനെ ആത്മാര്‍ഥമായി സ്നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവാന്‍ ഞാന്‍ പരിശ്രമിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

തുടര്‍ന്നും എല്ലാ വൈദികരുടെയും സഹകരണത്തോടെ കൊച്ചി രൂപതയിലെ ദൈവജനത്തെ നയിക്കുവാനും പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും സഹകരണവും ഉണ്ടാവണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ആറു ഫൊറോനാ വികാരിമാരും കൊച്ചി രൂപതയിലെ ഇരുപത്തെട്ട് ഇടവകയിലെ വികാരിമാരും ഉള്‍പ്പെടെ നൂറോളം വൈദികര്‍ യോഗത്തില്‍ പങ്കെടുത്തു. പത്തനതിട്ട സ്വദേശി ഫാ. സി.കെ. ജോസഫിന്റെ വളര്‍ത്തുമകളായ സോണിയയെ കൊച്ചി ബിഷപ് ദത്തെടുത്തതാണ് വിവാദത്തിന് കാരണമായത്.
 

blogger templates | Make Money Online