Monday, October 6, 2008

മൂന്നാര്‍ നാടകം തുടരുന്നു

കെ എം റോയ്, മംഗളം, ഒക്ടോ. 6, 2008

ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയില്‍ ടാറ്റ കൈയേറി കൈവശംവച്ചിട്ടുള്ള ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ഭൂമി തിരിച്ചെടുക്കാന്‍ എന്താണു തടസം? ആരാണു തടസം?

ഇപ്പോഴത്തെ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ നിയമസഭയില്‍ ആവര്‍ത്തിച്ച്‌ ആരോപിച്ചതു മൂന്നാറില്‍ ടാറ്റ എഴുപതിനായിരത്തോളം ഏക്കര്‍ കൈയേറി കൈവശംവച്ചിട്ടുണ്ടെന്നാണ്‌. മുഖ്യമന്ത്രിയായപ്പോള്‍ കൈയേറ്റഭൂമിയുടെ അളവ്‌ അമ്പതിനായിരം ഏക്കറാണെന്ന്‌ അച്യുതാനന്ദന്‍ തിരുത്തി. അധികാരത്തിലെത്തിയപ്പോള്‍ ആധികാരികരേഖകള്‍ ലഭ്യമായതുകൊണ്ടാകും അമ്പതിനായിരം ഏക്കറായി സ്‌ഥിരീകരിച്ചതെന്നു ജനം വിശ്വസിച്ചു. ആ അമ്പതിനായിരം ഏക്കര്‍ കൈയേറ്റഭൂമി തിരിച്ചുപിടിക്കാന്‍ രണ്ടരവര്‍ഷത്തോളം അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട്‌ അച്യുതാനന്ദന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല? അല്ലെങ്കില്‍ കഴിയുന്നില്ല?

അതുകൊണ്ടാണു ഭൂമി കൈയേറ്റമെന്ന പ്രശ്‌നത്തിന്റെ പേരില്‍ മൂന്നാറില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതു പൊറാട്ടു നാടകങ്ങളാണെന്നു വിശ്വസിക്കാന്‍ ജനം നിര്‍ബന്ധിതരായത്‌. കഴിഞ്ഞവര്‍ഷം മൂന്നാര്‍ നാടകത്തിന്റെ ഒന്നാം അങ്കത്തില്‍ മരംകോച്ചുന്ന തണുപ്പുള്ള കൊച്ചുവെളുപ്പാന്‍കാലത്തു മൂന്നാറിലെത്തിയ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ടാറ്റ കൈയേറിയതെന്നു പ്രഖ്യാപിച്ച്‌ നേമക്കാട്‌ മേഖലയില്‍ സര്‍ക്കാരിന്റെ ബോര്‍ഡ്‌ സ്‌ഥാപിച്ച ഭൂമി വനംവകുപ്പിന്റേതായിരുന്നു എന്നു തെളിഞ്ഞതോടെ മുഴുനീള ഹാസ്യനാടകമായി മാറി.

മൂന്നാറിലെ ഭൂമി പിടിച്ചെടുക്കല്‍ പ്രശ്‌നവും ടൂറിസ്‌റ്റ് റിസോര്‍ട്ടുകളുടെ ഇടിച്ചുനിരത്തല്‍ പ്രശ്‌നവും സര്‍ക്കാരിന്റെ പ്രതിഛായയ്‌ക്ക് ഏറെ കളങ്കമുണ്ടാക്കിയതോടെ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്‌ഥാന മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. ആ ഉപസമിതി ഈ മാസം ഒന്‍പതിനു മൂന്നാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ്‌ സെപ്‌റ്റംബര്‍ മുപ്പതിനു രണ്ടുദിവസത്തെ മിന്നല്‍സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി അവിടെയെത്തിയത്‌. അവിടെ ചൊക്കനാട്ട്‌ എസ്‌റ്റേറ്റിനോടു ചേര്‍ന്നുകിടക്കുന്ന 90 ഏക്കര്‍ ടാറ്റ കൈയേറിയതാണെന്നു പറഞ്ഞ്‌ അതു പിടിച്ചെടുത്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, ആ ഭൂമി തങ്ങളുടേതല്ലെന്നും അതു സര്‍ക്കാരിന്റെതന്നെയാണെന്നും ടാറ്റ അധികൃതര്‍ വ്യക്‌തമാക്കിയപ്പോള്‍ നാടകത്തിന്റെ രണ്ടാം അങ്കവും അസംബന്ധമായി.

ടാറ്റയുടെ കൈവശം അധികമുള്ള ഭൂമിയും മറ്റു കൈയേറ്റഭൂമികളും പിടിച്ചെടുത്ത്‌ ഉടന്‍ ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുമെന്ന്‌ ഇത്തവണയും മൂന്നാറില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ടാറ്റയുടെ കൈവശം ആയിരക്കണക്കിനേക്കര്‍ കൈയേറ്റഭൂമിയുണ്ടെങ്കില്‍ അതു കണ്ടെത്തി പിടിച്ചെടുക്കുകയെന്നതു പ്രയാസകരമായ കാര്യമല്ല. ഉപഗ്രഹസര്‍വേയിലൂടെ കണ്ടെത്താവുന്നതേയുള്ളൂ. അതുപോലും നടക്കുന്നില്ലെന്നതാണു വസ്‌തുത.

പിന്നെ എന്തിനാണു കേരളചരിത്രത്തില്‍ മുമ്പൊരിക്കലും നടന്നിട്ടില്ലാത്തവിധത്തില്‍ ഒരു മുഖ്യമന്ത്രി ഇത്തരം പൊറാട്ടു നാടകങ്ങള്‍ നടത്തുന്നത്‌? ഭരണത്തില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രിക്ക്‌ അതില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്തെങ്കിലും മായാജാലം നടത്തിയേ മതിയാകൂ എന്ന സ്‌ഥിതിയായി. ടാറ്റയെപ്പോലുള്ള വന്‍ മുതലാളിയുമായി മല്ലടിക്കുന്നു എന്ന പ്രതീതി സൃഷ്‌ടിച്ചാല്‍ ജനത്തിന്റെ കൈയടി നേടാമെന്നു മുഖ്യമന്ത്രി കണക്കുകൂട്ടുന്നു. അങ്ങനെ ജനം അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും ഭരണപരാജയം മറക്കുമെന്നു മുഖ്യമന്ത്രി കരുതുന്നുണ്ടാവാം.

ജനത്തിന്റെ കൈയടിയെക്കുറിച്ച്‌ കൗതുകകരമായ ഒരു കഥ കൊച്ചിയില്‍ പ്രചരിക്കുന്നുണ്ട്‌. മുഖ്യമന്ത്രി അച്യുതാനന്ദന്‍ മൂന്നാറിലേക്കയച്ച കരിമ്പൂച്ചകള്‍ അവിടെ പല റിസോര്‍ട്ടുകളും ജെ.സി.ബി. ഉപയോഗിച്ച്‌ ഇടിച്ചുനിരത്തിയ നാളുകളില്‍ എറണാകുളം ജില്ലാ കലക്‌ടര്‍ എം.ജി. റോഡില്‍ നടപ്പാത കൈയേറ്റമെന്നു പറഞ്ഞ്‌ ചില കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ്‌ മുഖപ്പുകളും നിയോണ്‍ ലൈറ്റ്‌ ബോര്‍ഡുകളും ജെ.സി.ബി. ഉപയോഗിച്ച്‌ ഇടിച്ചുവീഴ്‌ത്തി. ഈ ഇടിച്ചുനിരത്തലിനു വന്‍ജനപിന്തുണയുണ്ടെന്നു സ്‌ഥാപിക്കാന്‍, അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാനായി സി.പി.എം. ഓഫീസില്‍നിന്നു പ്രവര്‍ത്തകരെ കൂട്ടത്തോടെ ഇടിച്ചുനിരത്തല്‍ രംഗത്തേക്കയച്ചിരുന്നു. ഓരോ ഇടിച്ചുനിരത്തലും ആര്‍പ്പുവിളിച്ചും കൈയടിച്ചുമാണു പാര്‍ട്ടിക്കാര്‍ പ്രോത്സാഹിപ്പിച്ചത്‌. അങ്ങനെ പൊളിക്കല്‍ നടപടിയെ കൈയടിച്ചു പ്രോത്സാഹിപ്പിച്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്‌ വല്ലാര്‍പാടം കണ്ടെയ്‌നര്‍ പദ്ധതിയുടെ റെയില്‍പാതയ്‌ക്കായുള്ള കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ഇതേ കലക്‌ടര്‍തന്നെ ഇടിച്ചുനിരത്തിയെന്നതാണു കൗതുകകഥ.

കഥയെന്തായാലും വേണ്ടത്ര രേഖകളില്ലാതെയും നിയമാനുസൃതമല്ലാതെയും എം.ജി. റോഡില്‍ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയതിനെതിരേ കെട്ടിട ഉടമകള്‍ നല്‍കിയ പല കേസുകളിലും ജില്ലാഭരണാധികാരികള്‍ പ്രതികളായി കോടതി കയറിയിറങ്ങുകയാണെന്നതു മറ്റൊരു കാര്യം. വെട്ടിനിരത്തലിനും ഇടിച്ചുനിരത്തലിനും മുഖ്യമന്ത്രി അച്യുതാനന്ദന്‍ ആര്‍ക്കും രേഖാമൂലം ഉത്തരവു നല്‍കാറില്ലെന്നതുകൊണ്ട്‌ അദ്ദേഹത്തിനു കോടതി കയറിയിറങ്ങേണ്ടി വരുന്നില്ലെന്നത്‌ അദ്ദേഹത്തിന്റെ കൗശലബുദ്ധി.

മുഖ്യമന്ത്രി അച്യുതാനന്ദനെ പുതിയ മൂന്നാര്‍ നാടകത്തിനു പ്രേരിപ്പിച്ച ഒരു കാരണം കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖല(സെസ്‌)യ്‌ക്ക് അനുമതി നല്‍കാനുള്ള ഇടതുമുന്നണിയുടെയും മന്ത്രിസഭയുടെയും തീരുമാനമാണ്‌. കയറ്റുമതിയും തൊഴില്‍സാധ്യതയും വര്‍ധിപ്പിക്കാനായി തുടങ്ങുന്ന സെസിനെ എതിര്‍ത്തിരുന്ന വ്യക്‌തിയാണു മുഖ്യമന്ത്രി. ആ എതിര്‍പ്പവഗണിച്ചു 10 സെസ്‌ മേഖലകള്‍ക്ക്‌ അംഗീകാരം തേടുന്ന അപേക്ഷ കേന്ദ്രത്തിനയയ്‌ക്കാനാണു മന്ത്രിസഭാ തീരുമാനം.

കേരളത്തിലിപ്പോള്‍ എട്ടു സെസുകളാണുള്ളത്‌. ആന്‌ധ്രയില്‍ അറുപതും കര്‍ണാടകത്തില്‍ ഇരുപത്തിയഞ്ചും തമിഴ്‌നാട്ടില്‍ നാല്‍പതും സെസുകള്‍ ഉണ്ടെന്നോര്‍ക്കണം. ഈ യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ മുഖം തിരിച്ചാണ്‌ മുഖ്യമന്ത്രി മൂന്നാര്‍ നാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം നേരിടുകയാണിപ്പോള്‍. അക്ഷരാര്‍ഥത്തില്‍ ജനം വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നു. പ്രതിപക്ഷനേതാവായിരിക്കേ വിലക്കയറ്റത്തിനും വൈദ്യുതിചാര്‍ജ്‌ വര്‍ധനയ്‌ക്കുമെല്ലാം എതിരേ സിംഹഗര്‍ജനം നടത്തിയ സമരനായകനാണ്‌ അച്യുതാനന്ദന്‍.

ഇടതുമുന്നണി നേതാവെന്ന നിലയില്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ അരിവില കിലോഗ്രാമിനു 12 രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം അതു 14 രൂപയായി. ഇപ്പോള്‍ 21 രൂപയാണ്‌ അരിവില. ഈ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ പാല്‍വില ലിറ്ററിന്‌ 13 രൂപയായിരുന്നത്‌ ഇപ്പോള്‍ 20 രൂപയായി. പച്ചക്കറിക്ക്‌ 50 മുതല്‍ 100 ശതമാനംവരെയാണ്‌ ഒരു കൊല്ലത്തിനുള്ളില്‍ വില വര്‍ധിച്ചത്‌.

മുന്‍സര്‍ക്കാര്‍ വൈദ്യുതി നിരക്കില്‍ ജനത്തിന്‌ ഒരു യൂണിറ്റിനു നല്‍കിയിരുന്ന 20 പൈസയുടെ സബ്‌സിഡി ഇപ്പോള്‍ നിര്‍ത്തലാക്കിയെന്നു മാത്രമല്ല 50 പൈസയുടെ സര്‍ചാര്‍ജും ഏര്‍പ്പെടുത്തി. വ്യാവസായിക വൈദ്യുതിയുടെ നിരക്കുവര്‍ധനയുടെ കൂടെ പവര്‍കട്ടും ഏര്‍പ്പെടുത്തി. കുടിവെള്ളക്കരത്തിന്റെ കാര്യത്തില്‍ 90 ശതമാനംവരെയാണു വര്‍ധനയുണ്ടായത്‌. തമിഴ്‌നാട്ടില്‍ ബസ്‌യാത്രയ്‌ക്കുള്ള മിനിമം ചാര്‍ജ്‌ രണ്ടുരൂപയാണെങ്കില്‍ കേരളത്തില്‍ നാലുരൂപയായി വര്‍ധിച്ചു. ടാക്‌സി-ഓട്ടോറിക്ഷ ചാര്‍ജുകള്‍ വര്‍ധിപ്പിക്കപ്പെട്ടു.

മറ്റു രംഗങ്ങളിലെ വീഴ്‌ചകളോ? വലിയ കൊട്ടുംകുരവയുമായി സ്‌മാര്‍ട്‌ സിറ്റി പദ്ധതിക്കുവേണ്ടിയുള്ള സമ്മതപത്രത്തില്‍ കേരള സര്‍ക്കാരും ടീകോം അധികൃതരും ഒപ്പുവച്ചതു 2007 മേയ്‌ 13 നാണ്‌. എന്നാല്‍, നിര്‍മാണം ഇതേവരെ തുടങ്ങിയിട്ടില്ല. വന്‍പ്രതീക്ഷ നല്‍കിയ 5348 കോടി രൂപയുടെ വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനലിനായുള്ള സ്‌ഥലമെടുപ്പിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനായിട്ടില്ല.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനായി റെയില്‍പാതയും റോഡും നിര്‍മിക്കാനുള്ള സ്‌ഥലമെടുപ്പും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ കേരളത്തിന്റെ സ്വപ്‌നപദ്ധതികളെല്ലാം അവതാളത്തിലാണ്‌. ഇക്കാര്യങ്ങളില്‍ സര്‍വശ്രദ്ധയും ചെലുത്തേണ്ട മുഖ്യമന്ത്രിയാണു ഭരണപരാജയത്തിന്റെ ജാള്യത മറയ്‌ക്കാന്‍ മൂന്നാര്‍...മൂന്നാര്‍ എന്ന ജപവുമായി മലകയറിയിറങ്ങുന്നത്‌.
 

blogger templates | Make Money Online