മനോരമ, ഒക്ടോ. 3, 2008
പാലക്കാട്: പ്രത്യേക സാമ്പത്തിക മേഖല (സെസ്) നടപ്പാക്കിയാല്‍ കേരളത്തില്‍ കലാപമുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. ആയിരക്കണക്കിനു ജീവന്‍ ബലികൊടുക്കേണ്ടി വന്നാല്‍ പോലും തൊഴിലാളികളെ അടിമകളാക്കാന്‍ അനുവദിക്കില്ലെന്ന് എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് വെളിയം പറഞ്ഞു.
കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകൊണ്ട് നേടിയെടുത്തതാണ് തൊഴിലാളി വര്‍ഗം ഇന്ന് അനുഭവിക്കുന്ന അവകാശങ്ങള്‍. പൊരുതിനേടിയ സര്‍വ അവകാശങ്ങളും ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങള്‍ ദേശീയ തലത്തില്‍ തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഇതാണ് തൊഴിലാളി വര്‍ഗം നേരിടുന്ന പ്രതിസന്ധി. നിയതമായ തൊഴില്‍ സമയം, കുറഞ്ഞ കൂലി എന്നിവയൊക്കെ നേടിയെടുക്കാന്‍ വലിയ ത്യാഗങ്ങളാണ് ലോക തൊഴിലാളി സമൂഹം അനുഷ്ഠിച്ചത്.
യൂറോപ്പില്‍ പലയിടത്തും ഏഴുമണിക്കൂറാണ് തൊഴില്‍ സമയം. 12 മണിക്കൂര്‍ ജോലി ചെയ്യണം, കൂലി ചോദിക്കരുത്, സമരം ചെയ്യരുത്, സംഘടന വേണ്ട, പണി സ്ഥലത്തേക്ക് മറ്റാരും എത്തിനോക്കരുത് എന്നൊക്കെയാവുകയാണ് ഇന്ത്യയിലെ അവസ്ഥ. വെളിയം പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ' എവിടെടോ സെസ് നടപ്പാക്കുന്നത് എന്നാക്രോശിച്ച വെളിയം എഐടിയുസിയും സിഐടിയുവും എന്തിനാണ് വേര്‍പിരിഞ്ഞ് നില്‍ക്കുന്നതെന്ന് ചോദിച്ചു. ' എന്തിനാണ് ഇൌ രണ്ട് പേര്. രണ്ടിനും കൂടി ഒരു പേര് പോരെ, തര്‍ക്കങ്ങളൊക്കെ തീര്‍ന്നില്ലേ.. സംഘടനകള്‍ രണ്ടായശേഷം നേതൃത്വത്തില്‍ വന്നവരാണ് അപ്പുറത്ത് കൂടുതല്‍. അവര്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നും വെളിയം പരിഹസിച്ചു.
അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വന്തം സാമ്പത്തിക നയം പൊളിച്ചെഴുതണമെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത എംപി ആവശ്യപ്പെട്ടു. ഉല്‍പാദന രംഗവും സമ്പദ്ഘടനയും മാന്ദ്യം നേരിടുകയാണ്. ശക്തമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്ളതാണ് അമേരിക്കയില്‍ നിന്നു വ്യത്യസ്ഥമായി ഇന്ത്യയുടെ കരുത്ത്. നാണ്യപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും നേരിടാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
അമേരിക്കയുമായുള്ള ആണവ കരാര്‍ സുഗമമായി നടപ്പാക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമങ്ങളും അടക്കം രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കേന്ദ്രത്തിന്റെ അജന്‍ഡയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാനും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.ഇ. ഇസ്മായില്‍ എംപി അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ കെ.പി.രാജേന്ദ്രന്‍, മുല്ലക്കര രത്നാകരന്‍, ബിനോയ് വിശ്വം, ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, പ്രസിഡന്റ് സി.എ.കുര്യന്‍, കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് വി.ചാമുണ്ണി, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ കുനിശേരി, എഐടിയുസി ജില്ലാ സെക്രട്ടറി കെ.സി. ജയപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി നഗരത്തില്‍ ഉജ്വല പ്രകടനവും നടന്നു.