Friday, October 3, 2008

സെസ്‌: ചിലര്‍ക്ക്‌ വിവാദത്തില്‍ മാത്രം താത്‌പര്യം-പിണറായി

മാതൃഭൂമി, സെപ്തം 24, 2008

കൊല്ലം: പ്രത്യേക സാമ്പത്തികമേഖല അനുവദിക്കുന്നതു സംബന്ധിച്ച്‌ വിവാദമുണ്ടാക്കുന്നവര്‍ക്ക്‌ വിവാദത്തില്‍ മാത്രമാണ്‌ താത്‌പര്യമെന്ന്‌ സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സി.പി.കരുണാകരന്‍ പിള്ളയുടെ സ്‌മാരകമായി നിര്‍മ്മിക്കുന്ന ചവറ ഏരിയ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ഭൂപരിഷ്‌കരണം വേണമെന്ന്‌ ഇന്നേവരെ സി.പി.എമ്മില്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനവികസനത്തിന്‌ പ്രത്യേക സാമ്പത്തികമേഖലകള്‍ വേണമെന്നാണ്‌ സി.പി.എമ്മിന്റെ അഭിപ്രായമെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ നടപ്പാക്കണമെന്നാണ്‌ നിലപാട്‌. തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍നിയമങ്ങളും സംരക്ഷിച്ചായിരിക്കും സെസ്‌ നടപ്പാക്കുക. സെസ്‌ വേണ്ടെന്നുപറഞ്ഞാല്‍ ആനുകൂല്യങ്ങള്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പോകും. ഇടതുമുന്നണിയിലും ചര്‍ച്ചകള്‍ നടത്തി വ്യവസ്ഥകള്‍ക്ക്‌ രൂപം നല്‍കുകയാണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ പിണറായി പറഞ്ഞു. ഇതു സംബന്ധിച്ച ആശങ്കകള്‍ ദുരീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ഭൂപരിഷ്‌കരണം വേണമെന്ന്‌ അഭിപ്രായമുള്ളവര്‍ സി.പി.എമ്മിലുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇന്നേവരെ ആരും അത്തരമൊരാവശ്യം ഉന്നയിച്ചിട്ടില്ല. മിച്ചഭൂമി ഏറ്റെടുക്കുന്നതിനൊപ്പം അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിച്ചും വിതരണം ചെയ്യും. ഭൂമി ആദ്യം നല്‍കേണ്ടത്‌ പട്ടികവിഭാഗക്കാര്‍ക്കാണ്‌. ചെങ്ങറസമരത്തിന്റെ മറവില്‍ സി.പി.എമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും എതിരെ വ്യാപകമായ പ്രചാരണമാണ്‌ നടക്കുന്നത്‌. ഇക്കാര്യത്തിലും പാര്‍ട്ടിയിലോ മുന്നണിയിലോ ഭിന്നതയില്ലെന്ന്‌ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

സി.പി.എം. സംസ്ഥാനസമിതി അംഗം എം.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, പി.രാജേന്ദ്രന്‍ എം.പി, കെ.വരദരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.വിക്രമന്‍ സ്വാഗതം പറഞ്ഞു.
 

blogger templates | Make Money Online