Sunday, October 5, 2008

വെളിയത്തിനെതിരെ എഐടിയുസി

മനോരമ, ഒക്ടോ.6, 2008
പാലക്കാട്: പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് ഇടം നല്‍കിയാല്‍ കേരളം കലാപഭൂമിയാകുമെന്ന് പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ മൊഴിമാറ്റത്തില്‍ എഐടിയുസി സംസ്ഥാന സമ്മേളനം കലാപ കലുഷിതമായി. സര്‍ക്കാരിന്റെ ഭാഗമായ സിപിഐയും വര്‍ഗസംഘടനയായ എഐടിയുസിയും സെസ് വിവാദത്തില്‍ രണ്ടു തട്ടിലാണെന്ന് ഉറപ്പാക്കുന്നതായി സമ്മേളനം.

പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുവിഴുങ്ങല്‍ തൊഴിലാളി സമൂഹത്തിനു നാണക്കേടുണ്ടാക്കിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്കിടെ സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വര്‍ഗ- ഭരണകൂട താല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നതിനിടെ സര്‍ക്കാരിനു വേണ്ടി മറുപടി പറയാന്‍ എഐടിയുസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ മന്ത്രി സി.ദിവാകരനെ ചുമതലപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമായി.

കേരളത്തില്‍ സെസ് വന്നാല്‍ അതിനെതിരെ ധീരമായി മുന്നോട്ടു പോകുമെന്ന എഐടിയുസി പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പിന്റെ ചുവടുപിടിച്ചായിരുന്നു തുടക്കം മുതല്‍ ചര്‍ച്ചകള്‍. റിപ്പോര്‍ട്ടിന്റെ കാച്ചിക്കുറുക്കിയുള്ള രൂപമായിരുന്നു വെളിയത്തിന്റെ കലാപ പ്രസ്താവന. അകാരണമായുണ്ടായ മൊഴിമാറ്റം റിപ്പോര്‍ട്ടിന്റെ അന്തസത്ത കെടുത്തിയെന്ന തരത്തിലായിരുന്നു പൊതുവേയുയര്‍ന്ന വികാരം.

സെസ് വിഷയത്തില്‍ എഐടിയുസിയുടെ അഭിപ്രായത്തോട് എന്നും അടുത്തു നിന്നിട്ടുള്ള വെളിയത്തിന്റെ മലക്കം മറിച്ചില്‍ ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളാണ് ആദ്യം
ഉന്നയിച്ചത്. പേര് പറയാതെയുള്ള പരാമര്‍ശങ്ങള്‍ പിന്നീട് ഗൌരവതരമായ ചര്‍ച്ചയ്ക്കു വഴിമാറുകയായിരുന്നു. പാര്‍ട്ടി സെക്രട്ടറി ആദ്യം പറഞ്ഞത് തൊഴിലാളിവര്‍ഗ നിലപാടാണെന്നും പിന്നെപ്പറഞ്ഞത് ഭരണകൂട നിലപാടാണെന്നുമായിരുന്നു അഭിപ്രായം.

രാവിലെ മുതല്‍ സെസില്‍ ചുറ്റിക്കറങ്ങിയ ചര്‍ച്ച എങ്ങുമെത്താതെ നീണ്ടതോടെ പാര്‍ട്ടി നിര്‍ദേശപ്രകാരം ഉച്ചയ്ക്ക് മന്ത്രി സി. ദിവാകരന്‍ സര്‍ക്കാര്‍ ഭാഗം വിശദീകരിച്ചു. സെസ് സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തിലേക്ക് പ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ച അദ്ദേഹം, വേണ്ടത്ര കരുതലോടെയാണ് സര്‍ക്കാരിന്റെ സെസ് നയത്തെ പാര്‍ട്ടി സമീപിക്കുന്നതെന്നു പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കു ചില നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഓര്‍മിപ്പിക്കാനും മറന്നില്ല. അതിനിടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

സെസ് നടപ്പാക്കിയാല്‍ കേരളത്തില്‍ കലാപമുണ്ടാകുമെന്നായിരുന്നു വെള്ളിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പൊതുയോഗത്തില്‍ വെളിയം ഭാര്‍ഗവന്‍ പറഞ്ഞത്. എന്നാല്‍, ‘കലാപ” പ്രസ്താവന നടത്തിയില്ലെന്ന് പിറ്റേന്ന് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി അദ്ദേഹം അറിയിക്കുകയായിരുന്നു.

സിപിഎമ്മിന്റെ വര്‍ഗസംഘടനയായ സിഐടിയുവിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നു. സംസ്ഥാനത്തെ നിര്‍മാണമേഖലയില്‍ സിഐടിയു കൈക്കൊള്ളുന്ന നിലപാടുകളാണ് വിമര്‍ശനവിധേയമായത്. തൊഴിലാളി യൂണിയന്‍ മനുഷ്യശേഷി വിതരണംചെയ്യുന്ന ഏജന്‍സിയായി മാറുന്നതു ഗുണകരമല്ലെന്ന് അഭിപ്രായമുയര്‍ന്നു. തൊഴില്‍ യൂണിയന് എന്ന വാദം ഉന്നയിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത് തൊഴില്‍ സമാധാനവും വ്യവസായ വികസനവും തകര്‍ക്കുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

വൈദ്യുതി ബോര്‍ഡിനെ സര്‍ക്കാര്‍ സ്ഥാപനമായി നിലനിര്‍ത്താന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
 

blogger templates | Make Money Online