Friday, October 3, 2008

സെസ്‌ പദവി സ്‌മാര്‍ട്ട്‌ സിറ്റിക്കുള്ള ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്കും നല്‍കണം-ഉമ്മന്‍ചാണ്ടി

മാതൃഭൂമി, ഒക്ടോ.3, 2008

തിരുവനന്തപുരം: സെസ്‌ പദവി ലഭിക്കുന്നതിന്‌ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ നല്‍കിയ ആനുകൂല്യങ്ങള്‍ നാട്ടിലുള്ളവര്‍ക്ക്‌ നല്‍കില്ലെന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട്‌ വിവേചനമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പ്രസ്‌താവനയില്‍ പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ സെസ്‌ നയത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തെ എല്ലാ സെസ്‌ സംരംഭങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണം. സംസ്ഥാനത്തിന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ കൊണ്ടുവരുമ്പോള്‍ അത്‌ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണം.

സെസ്‌ പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായത്തിനും 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും വിനിയോഗിക്കണമെന്നാണ്‌ ഇടതുസര്‍ക്കാരിന്റെ തീരുമാനം. സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ ഇത്‌ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനം വ്യവസായത്തിന്‌ ഉപയോഗിക്കണം എന്നാണ്‌. വൈദ്യുതി ഡ്യൂട്ടി, പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ പ്രകാരമുള്ള നികുതി തുടങ്ങിയ ആനുകൂല്യങ്ങള്‍ സ്‌മാര്‍ട്ട്‌ സിറ്റിക്കുണ്ടെങ്കിലും പുതിയ സംരംഭകര്‍ക്കില്ല. ഏഴുകോടി രൂപയാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ രജിസ്‌ട്രേഷന്‍ ഇളവ്‌ നല്‍കിയത്‌. അനുബന്ധ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ഭൂമിയില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ ആ സ്ഥാപനത്തിലെ ജീവനക്കാരുടെ താമസത്തിനു മാത്രമേ ഉപയോഗിക്കാവൂ, സെസ്‌ പദ്ധതികള്‍ക്ക്‌ നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ല തുടങ്ങിയ നിബന്ധനകള്‍ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ ബാധകമല്ല. ഒരു പന്തലില്‍ രണ്ടുതരം വിളമ്പ്‌ നല്ല വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കുകയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
 

blogger templates | Make Money Online