Wednesday, October 22, 2008

ബിഷപ്പിന്റെ ദത്തെടുക്കല്‍ നിയമവിരുദ്ധം

മാതൃഭൂമി. ഒക്ടോ.17, 2008

കൊച്ചി: ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ 27-കാരിയായ യുവതിയെ ദത്തെടുത്തത്‌ നിയമവിരുദ്ധമാണെന്നു തെളിഞ്ഞു. സപ്‌തംബര്‍ 15-ന്‌ യുവതിയെ തന്റെ ദത്തുപുത്രിയായി മട്ടാഞ്ചേരി സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ രാജ്യത്തെ സിവില്‍ നിയമപ്രകാരവും കാനോന്‍ നിയമപ്രകാരവും ഇതിന്‌ നിയമസാധുതയില്ലെന്ന്‌ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്‌ത്യന്‍ ദത്ത്‌ നിയമപ്രകാരം ദത്തെടുക്കുന്നതായാണ്‌ രേഖയിലുള്ളത്‌. എന്നാല്‍ ഇങ്ങനെ ഒരു നിയമം നിലവിലില്ല.

പ്രായപൂര്‍ത്തിയായ സ്‌ത്രീയെ ദത്തെടുക്കുന്നതിന്‌ ഇന്ത്യയില്‍ നിയമം അനുവദിക്കുന്നുമില്ല. മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും ജുവനൈല്‍ ജസ്റ്റിസ്‌ കെയര്‍ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ ആക്ട്‌ 2000 പ്രകാരമാണ്‌ കുട്ടികളെ ദത്തെടുക്കേണ്ടത്‌. ഇതുപ്രകാരം കോടതി മുഖേനയാണ്‌ ദത്തെടുക്കലുകള്‍ നടക്കുന്നത്‌.

കാനോന്‍ നിയമം 110-ാം അനുച്ഛേദത്തില്‍ ക്രിസ്‌ത്യാനികള്‍ ദത്തെടുക്കേണ്ടത്‌ അതത്‌ രാജ്യത്തെ സിവില്‍ നിയമപ്രകാരമാണെന്ന്‌ അനുശാസിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ബിഷപ്പിന്റെ ദത്തെടുക്കലിന്‌ നിയമപരമായി യാതൊരു വിലയുമില്ലെന്ന്‌ അഭിഭാഷകനായ ഡയസ്‌ വിശദീകരിച്ചു.

പത്തനംതിട്ടയിലെ ഓര്‍ത്തഡോക്‌സ്‌ വൈദികന്റെ വളര്‍ത്തുപുത്രിയെ ആണ്‌ ബിഷപ്പിന്‌ ദത്തുനല്‍കിയത്‌. ഇതും നിയമപരമായി നിലനില്‍ക്കുന്നതല്ല.

മലങ്കര കത്തോലിക്ക സഭയില്‍ മാമോദീസ മുങ്ങിയ യുവതിയെ വളര്‍ത്തിയ വൈദികനും കുടുംബവും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തില്‍പ്പെട്ടവരാണ്‌. ദത്തെടുക്കലിനുശേഷം യുവതി ബിഷപ്പിന്റെ സഭയായ ലത്തീന്‍ കത്തോലിക്ക സഭയില്‍ അംഗമായിരിക്കുമെന്നും രജിസ്റ്റര്‍ ചെയ്‌ത ഉടമ്പടിയിലുണ്ട്‌.
 

blogger templates | Make Money Online