ജിജോ ജോണ്‍ പുത്തേഴത്ത്, മനോരമ, ഒക്ടോബര്‍ 10, 2008
വ്രതശുദ്ധിയുടെ സഹനമാസത്തിലെ ഇഫ്താര്‍ വിരുന്നിനിടെ സ്മാര്‍ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഫരീദ് അബ്ദുല്‍ റഹ്മാനോടു പത്രപ്രവര്‍ത്തകരായ അതിഥികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം.
ക്ഷമയുടെ നെല്ലിപ്പടിയില്‍ നിന്നു പുഞ്ചിരിയോടെ ഒരേ ഉത്തരം എല്ലാവരോടും ഫരീദ് ആവര്‍ത്തിച്ചു:
‘- ഒരു മാസത്തിനകം എല്ലാം ശരിയാവും. എന്തായാലും ഒരു മാസത്തിനുള്ളില്‍ എല്ലാം അറിയാം.”
ഉത്തരം പിരിച്ചെഴുതി അര്‍ഥം വ്യക്തമാക്കിയാല്‍ ഒന്നാം ഭാഗം സ്മാര്‍ട് സിറ്റിക്കാരുടെ പ്രതീക്ഷ; രണ്ടാം ഭാഗം സംസ്ഥാന സര്‍ക്കാരിനുള്ള വ്യക്തമായ മുന്നറിയിപ്പും.
എന്തായാലും ആ മുന്നറിയിപ്പു മുഖ്യമന്ത്രിയെങ്കിലും ഏതാണ്ടു മനസിലാക്കിയ മട്ടിലാണു കാര്യങ്ങളുടെ പിന്നീടുള്ള പോക്ക്.
2007 നവംബര്‍ 16നു കാക്കനാടിനു സമീപം എടച്ചിറയിലെ ശിലാസ്ഥാപന വേദിയില്‍ '‘ഐടി വികസനത്തിന്റെ ജനപക്ഷമുഖം” എന്നൊക്കെ കൊച്ചി സ്മാര്‍ട് സിറ്റിയെപ്പറ്റി അഭിമാനംകൊണ്ട അതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണോ ഇപ്പോഴും കേരളം ഭരിക്കുന്നതെന്നാണു സ്മാര്‍ട് സിറ്റിയുടെ നടത്തിപ്പുകാരായ ദുബായ് ടീകോം ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ സംശയം.
സിഇഒ ഫരീദിനു കൊച്ചി സ്മാര്‍ട് സിറ്റിയുടെ നിര്‍മാണ കാര്യത്തില്‍ വ്യക്തമായ പദ്ധതിയും കാഴ്ചപാടുമുണ്ടായിരുന്നു.
2004 ഡിസംബര്‍ 15ന് ഇതേ ഫരീദ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയെപ്പറ്റി പറഞ്ഞകാര്യം പുതിയ സാഹചര്യത്തില്‍ നമുക്കൊന്ന് ഓര്‍മിക്കാം:
'കരാര്‍ ഒപ്പുവച്ചാല്‍ ആറു മാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും.
വരുന്ന 13ന് അടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേരുമ്പോള്‍ പദ്ധതിക്കു കരാര്‍ ഒപ്പുവച്ചു 17 മാസം തികയും. നവംബര്‍ 16ന്, ശിലാസ്ഥാപനം നടത്തി ഒരുവര്‍ഷവും തികയും.
ഇതിനിടയില്‍ 246 ഏക്കര്‍ പദ്ധതിപ്രദേശത്ത് എന്താണു സംഭവിച്ചത്? പദ്ധതിക്കുവേണ്ടി കിടപ്പാടം വിട്ടുകൊടുത്ത കുടുംബങ്ങളെ പുനരധിവസിപ്പിച്ചു ഭൂമി സ്മാര്‍ട് സിറ്റിക്കു കൈമാറാന്‍പോലും കഴിഞ്ഞിട്ടില്ല.
എല്ലാ കാര്യങ്ങളും കൃത്യമായി അറിയാവുന്ന കൊച്ചി സ്മാര്‍ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മ പറഞ്ഞ തീയതി ഇതാണ്.
'ഗാന്ധി ജയന്തിയായ ഒക്ടോബര്‍ രണ്ടിനു സ്മാര്‍ട് സിറ്റി നിര്‍മാണം തുടങ്ങും.
രണ്ടുമാസം മുന്‍പാണ് ഈ തീയതി മന്ത്രി ശര്‍മ പ്രഖ്യാപിച്ചത്. അതൊരു വല്ലാത്ത ഉറപ്പായിരുന്നു; വികസനകേരളം വിശ്വസിച്ചുപോയ ഉറപ്പ്. ഗാന്ധിജയന്തി കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പദ്ധതിപ്രദേശത്ത് ഒരു ലോഡ് ചെങ്കല്‍പ്പൊടി ഇറക്കാന്‍പോലും ഇതുവരെ കഴിഞ്ഞില്ല.
സ്മാര്‍ട് സിറ്റിക്കു കൈമാറുന്ന ഭൂമിയുടെ റജിസ്ട്രേഷന്‍ ഡ്യൂട്ടിയില്‍ ഇളവ്, സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കല്‍, കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം, ബ്രഹ്മപുരത്തെ 100 ഏക്കര്‍ ഭൂമിക്കു പ്രത്യേക സാമ്പത്തികമേഖലാ പദവി... എന്തെല്ലാം കടമ്പകള്‍ ബാക്കി.
റജിസ്ട്രേഷന്‍ വകുപ്പു സ്വന്തം കൈവശമാണെങ്കിലും പദ്ധതിക്കു ഫീസ് ഇളവുകള്‍ അനുവദിക്കാന്‍ സിപിഎമ്മുകാരനായ മന്ത്രി തോമസ് ഐസക് ഭരിക്കുന്ന ധനവകുപ്പിന്റെ അനുവാദം വേണം. പക്ഷേ, അവരതു സമ്മതിച്ചിരുന്നില്ല.
സംസ്ഥാനത്തിനകത്തു പ്രത്യേക സാമ്പത്തികമേഖലാ പദവി (സെസ്) നല്‍കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളില്‍ സ്മാര്‍ട് സിറ്റിക്ക് ഇളവുകള്‍ നല്‍കാന്‍ മറ്റൊരു സിപിഎമ്മുകാരനായ മന്ത്രി എളമരം കരീം ഭരിക്കുന്ന വ്യവസായവകുപ്പു സഹകരിക്കണം. അവരാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രി നേരിട്ട് ഇളവുകള്‍ പ്രഖ്യാപിച്ചു പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഇനി ഏറ്റവും കുഴപ്പംപിടിച്ച പുനരധിവാസ പ്രശ്നം പരിഹരിക്കാന്‍ സിപിഐക്കാരനായ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഭരിക്കുന്ന റവന്യു വകുപ്പിന്റെ നിസ്വാര്‍ഥ സേവനം വേണം. തുടര്‍ച്ചയായ ഉടക്കുകള്‍ക്കും അന്തിമമായ കീഴടങ്ങലുകള്‍ക്കും ഒടുവില്‍ '‘നിങ്ങളായി നിങ്ങളുടെ പാടായി” എന്ന മനോഭാവമാണ് ഇവര്‍ക്ക്.
ഒന്നും അറിയാത്തപോലെ മന്ത്രി എസ്. ശര്‍മ ഗാന്ധിജയന്തിക്കു നിര്‍മാണം തുടങ്ങുമെന്നു പ്രഖ്യാപിച്ചതെന്തിന്?
സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട ഏഴുകോടി രൂപയുടെ റജിസ്ട്രേഷന്‍ ഫീസ് ഇളവെങ്കിലും പറഞ്ഞ തീയതിക്കു മുന്‍പ് അനുവദിപ്പിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ നേരിട്ടു ഗോദയില്‍ ഇറക്കേണ്ടി വന്നു, ശര്‍മയ്ക്ക്.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഭരണനേട്ടമായി കൊട്ടിഘോഷിക്കുന്ന പദ്ധതിയാണു കൊച്ചി സ്മാര്‍ട് സിറ്റി. ആറ്റുനോറ്റു കാത്തുസൂക്ഷിച്ച പദ്ധതിയുടെ ക്രെഡിറ്റ് ഇടതുമുന്നണി സൂത്രത്തില്‍ കൊത്തിയെടുത്തു പറന്നതു നോക്കിനിന്ന യുഡിഎഫുകാര്‍ പോലും മറുത്തൊരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ലെന്ന് ഓര്‍ക്കണം.
മുഖ്യമന്ത്രിയുടെ സ്വന്തം ഐടി വകുപ്പും ചെയര്‍മാന്‍ ശര്‍മയുടെ റജിസ്ട്രേഷന്‍ വകുപ്പും ഒഴികെയുള്ളവരെല്ലാം സ്മാര്‍ട് സിറ്റിയെ ഒളിഞ്ഞും തെളിഞ്ഞും പാരവയ്ക്കുന്നത് എന്തുകൊണ്ടാണ്?
വികസന കേരളത്തിന്റെ ‘'അവസാന ബസ്” എന്ന കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ വിഖ്യാത പ്രയോഗം സ്മാര്‍ട് സിറ്റിയെ കുറിച്ചായിരുന്നു. അന്നദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. പിന്നീടു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്കു സ്മാര്‍ട് സിറ്റി അഭിമാന പ്രശ്നമായിരുന്നു. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും പദ്ധതിക്കുവേണ്ടി ഏറ്റവും അധികം വിയര്‍പ്പൊഴുക്കിയത് അദ്ദേഹമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പു വിഷയംതന്നെ സ്മാര്‍ട് സിറ്റിയായിരുന്നു.
തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍ നേരിട്ടും അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍ അനുബന്ധമായും സൃഷ്ടിക്കുന്ന സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ഭാഗ്യം ലഭിച്ചത് പിന്നീടു മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദനായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് എ.കെ. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പേരുകള്‍ സ്മരിക്കാന്‍ വി.എസും മറന്നിരുന്നില്ല.
ആന്ധ്രയോ തമിഴ്നാടോ സ്മാര്‍ട് സിറ്റി തട്ടിയെടുക്കുമെന്നു തോന്നിപ്പിച്ച നാളുകളില്‍ ടീകോമിന്റെ ആസ്ഥാനമായ ദുബായില്‍ 2005 ജൂണ്‍ 24നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയും ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കാം.
‘- സ്മാര്‍ട് സിറ്റി കേരളത്തിലേക്കു വരണം, കരാറില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കണമെന്നു മാത്രമാണു ഞങ്ങള്‍ പറയുന്നത്.”
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്മാര്‍ട് സിറ്റിയെ അടിച്ചുപുറത്താക്കുമെന്ന ആന്ധ്രയുടെയും തമിഴ്നാടിന്റെയും ഗൂഢപ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ദൂബായിലെ പിണറായിയുടെ പ്രഖ്യാപനം.
തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സിപിഎം രാഷ്ട്രീയം കീഴ്മേല്‍ മറിഞ്ഞു. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഔദ്യോഗിക വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ തകിടംമറിച്ച് വി.എസ് മുഖ്യമന്ത്രിയായി. പിന്നീടിതു വരെ സ്മാര്‍ട് സിറ്റി എന്ന വാക്ക് അറിയാതെ പോലും പിണറായി വിജയന്‍ ഉച്ചരിച്ചിട്ടില്ല.
ഈ സന്ദര്‍ഭങ്ങളിലൊന്നും സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ടു കേള്‍ക്കാതിരുന്ന ഒരു പേരു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് 2007 നവംബര്‍ 16ലെ ശിലാസ്ഥാപന കര്‍മത്തിനുശേഷമാണ്.
സംസ്ഥാന വ്യവസായ മന്ത്രി എളംമരം കരീം എന്തുകൊണ്ടു ചടങ്ങില്‍ പങ്കെടുത്തില്ല എന്നതായിരുന്നു അന്നത്തെ സംശയം.
പൊടുന്നനെ ഒരുദിവസം കൊച്ചി നഗരം ഉണര്‍ന്നതു ‘സൈബര്‍ സിറ്റി” എന്ന പുതിയൊരു വെളിപാടിലേക്കാണ്. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം 'സൈബര്‍ സിറ്റിയുടെ കണ്ണഞ്ചിപ്പിക്കുന്ന വന്‍ ഹോര്‍ഡിങ്ങുകള്‍ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പലരും സൈബര്‍സിറ്റിയാണു സ്മാര്‍ട് സിറ്റിയെന്നു തെറ്റിദ്ധരിച്ചു തുടങ്ങിയിരുന്നു. ടീകോമിന്റെ നേതൃത്വത്തില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം സ്മാര്‍ട്സിറ്റി ഉയരുന്നതിനൊപ്പം കളമശ്ശേരി എച്ച്എംടിയുടെ 70 ഏക്കര്‍ ഭൂമിയില്‍ ഉയരുന്ന മറ്റൊരു ഐടി നഗരമാണ് 80 ലക്ഷം ചതുരശ്രയടി വലിപ്പമുള്ള സൈബര്‍ സിറ്റി.
ജനുവരി 19നു മന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയില്‍ പദ്ധതിക്കു ശിലാസ്ഥാപനം നടത്താനിരുന്ന മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും തുടര്‍ന്നുണ്ടായ വിവാദങ്ങളും എച്ച്എംടി ഭൂമി ഇടപാടിലെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു.
സൈബര്‍ സിറ്റി പദ്ധതി പാളിയതോടെ സ്മാര്‍ട് സിറ്റിയുടെ കഷ്ടകാലവും തുടങ്ങി. സ്മാര്‍ട് സിറ്റി വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമ്പോള്‍ പദ്ധതി ചെയര്‍മാന്‍ എസ്. ശര്‍മ ഒറ്റപ്പെടുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.
സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി സ്വന്തം സ്വപ്നപദ്ധതിക്കു ശ്വാസംമുട്ടുന്നതു നിസ്സഹായനായി നോക്കിനില്‍ക്കാന്‍ മാത്രമാണു മുഖ്യമന്ത്രി വി.എസിനും കഴിയുന്നത്.
ഇടതുമുന്നണിയിലെ പടലപിണക്കങ്ങളും സിപിഎമ്മിലെ ചരടുവലികളും സ്മാര്‍ട് സിറ്റിയെ സാങ്കേതികമായി ബാധിച്ചത് എങ്ങനെ?
പദ്ധതിക്കു സമ്പൂര്‍ണ സെസ് പദവി ലഭിക്കാതെ മാസ്റ്റര്‍ പ്ളാന്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാന്‍ ടീകോമിനു കഴിയില്ല. വിഭജിക്കപ്പെടാതെ കിടക്കുന്ന ഭൂപ്രകൃതിയുള്ള സ്ഥലങ്ങള്‍ക്കാണു സെസ് ബോര്‍ഡ് പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കുന്നത്.
246 ഏക്കര്‍ സ്മാര്‍ട് സിറ്റി പദ്ധതിപ്രദേശത്തെ പിഡബ്ളിയുഡി റോഡും പുഴയും മൂന്നു ഭൂപ്രദേശങ്ങളായി മുറിച്ചതാണ് ഇപ്പോള്‍ സാങ്കേതിക തടസ്സമായി നില്‍ക്കുന്നത്. സ്വകാര്യ ഭൂവുടമകളില്‍ നിന്നു വാങ്ങിയ 136 ഏക്കര്‍ സ്ഥലം ഒരുമിച്ചു കിടക്കുന്നതിനാല്‍ ഇത്രയും സ്ഥലത്തിനു നേരത്തേ സെസ് പദവി ലഭിച്ചിരുന്നു. ഇനി ഒറ്റ ബ്ളോക്കായി കിടക്കുന്ന 100 ഏക്കര്‍ ഭൂമിക്കും കിന്‍ഫ്രയുടെ 10 ഏക്കറിനും പ്രത്യേകം സെസ് പദവി ലഭിക്കേണ്ടതുണ്ട്.
കിന്‍ഫ്രയുടെ പത്തേക്കര്‍ ഉപേക്ഷിച്ചു കടമ്പ്രയാറിനെ അതിര്‍ത്തിയാക്കി പുതിയ സെസിന് അപേക്ഷ സമര്‍പ്പിക്കാമെങ്കിലും ഭൂമിയുടെ കൈവശാവകാശം സ്മാര്‍ട് സിറ്റിക്കു കൈമാറാത്ത സാഹചര്യത്തില്‍ അതും സാധ്യമല്ല.
സെസ് പദവി ലഭ്യമായ 136 ഏക്കറിലെ നിര്‍മാണത്തിനു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി നിര്‍മാണം തുടങ്ങിയതിനുശേഷം ബാക്കി കാര്യങ്ങള്‍ സാവകാശം പരിഹരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്ന വിദേശ കണ്‍സല്‍ട്ടന്റ് കോളിന്‍ ബുക്കാനനും കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തെ ‘'അപരിഷ്കൃതം” എന്നാണു കോളിന്‍ ബുക്കാനന്‍ പ്രതിനിധികള്‍ വിശേഷിപ്പിക്കുന്നത്.
ടീകോം നല്‍കുന്ന സന്ദേശം: ഭരണകക്ഷിയിലെ തര്‍ക്കങ്ങളും വിഭാഗീയതയും സഹിച്ചു സ്മാര്‍ട് സിറ്റി കേരളത്തില്‍ തന്നെ നടപ്പാക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്ല. ഞങ്ങള്‍ അന്നുതന്നെ പറഞ്ഞതല്ലേ എന്ന ഓര്‍മപ്പെടുത്തലുമായി ആന്ധ്രയും തമിഴ്നാടും ഇപ്പോഴും രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പാണെന്ന വിശ്വാസമാണു കൊച്ചി സ്മാര്‍ട് സിറ്റിയുമായി മുന്നോട്ടുപോകാന്‍ ശേഷിക്കുന്ന പ്രേരണയെന്നും ടീകോം വ്യക്തമാക്കുന്നുണ്ട്.