മാതൃഭൂമി. ഒക്ടോ.17, 2008
കൊച്ചി: ദത്തെടുക്കല്‍ പ്രശ്‌നം വിവാദമായതോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് കൊച്ചി ബിഷപ്പ് ഡോ. ജോണ്‍ തട്ടുങ്കല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വൈദികര്‍ പങ്കെടുത്തില്ല.
അരൂര്‍, കുമ്പളങ്ങി ഫൊറോനകളിലെ വൈദികരെയാണ് വ്യാഴാഴ്‌ച ബിഷപ്പ് അരമനയിലേക്ക് വിളിച്ചത്. രാവിലെ 10 ന് അരൂര്‍ ഫൊറോനയിലെ വൈദികരും ഉച്ചയ്‌ക്കുശേഷം കുമ്പളങ്ങി ഫൊറോനയിലെ വൈദികരും അരമനയിലെത്താനാണ് ബിഷപ്പ് നിര്‍ദേശിച്ചതത്രെ. എന്നാല്‍ ഓരോ ഫൊറോനകളായി തിരിച്ച് യോഗം ചേരുന്നതിനോട് താത്‌പര്യമില്ലെന്നും വൈദികരെ കൂട്ടായി വിളിച്ചാല്‍ പങ്കെടുക്കാമെന്നുമാണ് പുരോഹിതര്‍ അറിയിച്ചത്.
ഇതിനിടയില്‍ ചെറിയ കടവിലെ ഒരു ആശ്രമത്തില്‍ ബിഷപ്പിനോടൊപ്പം, പെണ്‍കുട്ടിയുടെ പിതാവായ വൈദികന്‍ സഹകാര്‍മികനായി കുര്‍ബാന ചൊല്ലിയതു സംബന്ധിച്ച് വൈദികര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് നടപടിക്കു വിധേയനായ വൈദികന്‍ ബിഷപ്പിനോടൊപ്പം സഹകാര്‍മികനായി കുര്‍ബാന ചൊല്ലിയത് ഗുരുതരമായ കുറ്റമാണെന്ന് ബന്ധപ്പെട്ടവര്‍ക്ക് പരാതിയും നല്‍കിയതായറിയുന്നു.