മാധ്യമം ഒക്ടോ 10, 2008
മൂന്നാര്‍: പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ടൂറിസ വികസനത്തിന് ഊന്നല്‍ നല്‍കുന്ന മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍ നടപ്പില്‍ വരുമെന്ന് ആഭ്യന്തര^ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കാന്‍ ദല്‍ഹി ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി എഞ്ചിനീയറിംഗ് സര്‍വീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനെയും സമീപ ഗ്രാമപഞ്ചായത്തുകളായ കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ എന്നിവയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കുക. പരിസ്ഥിതിക്ക് ഇണങ്ങുന്ന കെട്ടിട നിര്‍മാണം മാത്രമേ ഇനി മൂന്നാറില്‍ അനുവദിക്കൂ.
മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും. വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കും. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്ന ഏത് സാധാരണക്കാരനും താമസിക്കാനും അടിസ്ഥാന സൌകര്യങ്ങള്‍ നിര്‍വഹിക്കാനും ഉതകുന്ന രീതിയില്‍ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുന്നതായിരിക്കും മൂന്നാര്‍ ടൂറിസം പദ്ധതി. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ പാല്‍, മുട്ട, പച്ചക്കറി എന്നിവ റിസോര്‍ട്ടുകള്‍ക്ക് വിതരണം ചെയ്യാന്‍ കുടുംബശ്രീകളെ ചുമതലപ്പെടുത്തും. ഇത് മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വരുമാനമാര്‍ഗം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.