Wednesday, October 22, 2008

ചെങ്ങറ സമരക്കാര്‍ റബര്‍ മോഷ്ടാക്കള്‍:വിഎസ്

മെട്രോ വാര്‍ത്ത, ഒക്ടോ.22, 2008

ചെങ്ങറയില്‍ ഭൂസമരം നടത്തുന്ന സാധുജന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തോട്ടം ഉടമയുടെ ഒരു ലക്ഷം രൂപയുടെ റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ചു വിറ്റെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. ആ പണം ഉപയോഗിച്ച്‌ അവര്‍ സുഖമായി കഴിയുകയാണെന്നും കാബിനറ്റ്‌ ബ്രീഫിംഗില്‍ മുഖ്യമന്ത്രി ആരോപിച്ചു.

ഇക്കാര്യം അവരുടെ നേതാവ്‌ ളാഹ ഗോപാലനുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചെങ്ങറയിലെ സമരക്കാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു എന്ന പരാതി ശരിയല്ല. ഒരു തുള്ളി രക്തം വീഴാതെ അവരെ ഇറക്കിവിടണമെന്നാണ്‌ ഹൈക്കോടതി പറഞ്ഞത്‌.

അഞ്ചേക്കര്‍ ഭൂമിയും അഞ്ചുലക്ഷം രൂപയും വീതം നല്‍കണമെന്നാണ്‌ അവരുടെ ആവശ്യം. അതംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയിരിക്കുന്നവരെ ഒഴിപ്പിക്കുന്ന മുറയ്ക്ക്‌ ആദിവാസികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമ്പോള്‍ ഇവര്‍ക്കും നല്‍കാമെന്നും താന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഗ്രാമീണ ഭൂരഹിത കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തത്തില്‍ ആം ആദ്മി ഭീമാ യോജന ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കും. അഞ്ചുസെന്റ്‌ വരെ മാത്രം ഭൂമിയുള്ള ആറരലക്ഷം കുടുംബങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്ന പദ്ധതി എല്‍ഐസി വഴിയാണു നടപ്പാക്കുക.

പ്രീമിയം തുക നൂറു രൂപ സംസ്ഥാന സര്‍ക്കാര്‍ എല്‍ഐസിക്ക്‌ നല്‍കും. അംഗമാകുന്ന കുടുംബത്തിന്‌ സാധാരണ മരണത്തിന്‌ 30,000 രൂപയും അപകട മരണത്തിന്‌ 75000 രൂപയും നല്‍കും. അംഗവൈകല്യത്തിനും ആനുകൂല്യമുണ്ട്‌.

മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന്‌ 100 രൂപ വീതം പ്രതിമാസ ആനുകൂല്യവും നല്‍കും. ഗുണഭോക്താക്കള്‍ പ്രീമിയം അടക്കേണ്ട.
കെഎസ്‌ആര്‍ടിസിക്ക്‌ 1000 പുതിയ ബസുകള്‍ വാങ്ങാന്‍ എല്‍ഐസിയില്‍ നിന്ന്‌ 75 കോടി രൂപകടമെടുക്കാന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു: ളാഹ ഗോപാലന്‍

മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെ പാര്‍ട്ടിക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ സാധുജന സംരക്ഷണ സമിതി നേതാവ്‌ ളാഹ ഗോപാലന്‍ പറഞ്ഞു. ചെങ്ങറയിലെ ഭൂസമരക്കാരെ റബര്‍ ഷീറ്റ്‌ മോഷ്ടാക്കളെന്നു വിളിച്ച്‌ അപമാനിച്ച മുഖ്യമന്ത്രി കേരളജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. ആരോ പറയുന്നത്‌ തിരുവനന്തപുരത്ത്‌ ഇരുന്ന്‌ ഏറ്റു പറയുന്ന മുഖ്യമന്ത്രി സത്യം മനസിലാക്കുമ്പോള്‍ നെഞ്ചുപൊട്ടിക്കരയേണ്ടി വരും.

കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഏതു നിമിഷവും മരിക്കാവുന്ന സ്ഥിതിയിലാണ്‌. എങ്കിലും അദ്ദേഹത്തിന്റെ വരവു കാത്തിരിക്കുകയാണു തങ്ങളെന്നും വന്നാല്‍ ബന്ദിയാക്കുമെന്ന പ്രചരണം പാര്‍ട്ടിക്കാരുടെ നുണയാണെന്നും ളാഹ ഗോപാലന്‍ പറഞ്ഞു.

ട്രേഡ്‌ യൂണിയന്‍ ഉപരോധത്തിന്റെ പേരില്‍ സമരക്കാരിലെ സ്ത്രീകളെ വഴി നടക്കാന്‍ അനുവദിക്കാതെ അപമാനിക്കുകയും അരിയും പണവും ഉള്‍പ്പെടെ തട്ടിയെടുക്കുകയും ചെയ്യുന്ന മാഫിയാ സംഘങ്ങള്‍ക്കു വേണ്ടിയാണു മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന്‌ ചെങ്ങറ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എം.ഡി.തോമസ്‌ പറഞ്ഞു.
 

blogger templates | Make Money Online