മനോരമ, ഒക്ടോ.6, 2008
തിരുവനന്തപുരം: സെസ് നയത്തോടു വ്യവസായ വകുപ്പ് ഇടഞ്ഞതോടെ വ്യവസ്ഥകള്‍ സംബന്ധിച്ചു വീണ്ടും പരിശോധന വേണ്ടിവരുമെന്ന് ഉറപ്പായി. സ്മാര്‍ട് സിറ്റിക്കു നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കവരാന്‍ സാധ്യതയില്ലാത്തപ്പോള്‍ തന്നെ നയം സൃഷ്ടിച്ച ആശയക്കുഴപ്പം പരിഹരിച്ചേ തീരൂ എന്ന സ്ഥിതിയാണ്. പുതിയ സെസ് നയം സ്മാര്‍ട് സിറ്റിയടക്കം നേരത്തെ പദവി ലഭിച്ച എല്ലാ സെസുകള്‍ക്കും ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നതാണു വ്യവസായ വകുപ്പിന്റെ മുഖ്യ ആവശ്യം.
മന്ത്രിസഭ അംഗീകരിച്ച നയം സൂചിപ്പിക്കുന്നതു ബാധകമാണ് എന്നാണ്. എന്നാല്‍ മുന്‍പേ സെസ് പദവി ലഭിച്ച സ്മാര്‍ട് സിറ്റിക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്‍ പലതും പുതിയ നയത്തില്‍ സെസ് സംരംഭകര്‍ക്കു നിഷേധിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കു കുറിപ്പു നല്‍കിയ വ്യവസായ വകുപ്പ്, അതിനാല്‍ മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവ് ഇറക്കിയിട്ടില്ല.
ഫലം സെസിന്റെ കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം നടപ്പാക്കാനോ, പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കാന്‍ പോലുമോ ഇനിയും കഴിഞ്ഞിട്ടില്ല. സെസുകളില്‍ ഏകജാലക സംവിധാനവും പഞ്ചായത്ത്രാജ് ആക്ടും ഒരുപോലെ ബാധകമായിരിക്കും എന്നതു സംബന്ധിച്ചും വ്യവസായ വകുപ്പു വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. 70% ഭൂമിയും വ്യവസായത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശത്തിലും വ്യക്തത വേണമെന്നാണ് മറ്റൊരു ആവശ്യം.
കേന്ദ്ര നിയമത്തില്‍ ഇത് 50:50 ആണ്. ഇതേ വ്യവസ്ഥ മതിയെന്നു വകുപ്പിന് അഭിപ്രായമുണ്ടെങ്കിലും 70 എന്നതില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. നയത്തില്‍ ഭൂമിയുടെ 70 % വ്യവസായത്തിന് എന്നാണെങ്കില്‍, സ്മാര്‍ട് സിറ്റി കരാറില്‍ 'നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70% എന്നാണ്. മന്ത്രിസഭാ കുറിപ്പില്‍ പറയുന്നത് 'ഇതുവരെ കേന്ദ്ര അംഗീകാരം ലഭിച്ചതും, വികസന പ്രവര്‍ത്തനം നടന്നിട്ടില്ലാത്തതും ഭാവിയില്‍ അംഗീകാരം ലഭിക്കുന്നതുമായ എല്ലാ സെസുകള്‍ക്കും ബാധകമാണ് എന്നാണ്.
ഇതെല്ലാം ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാല്‍ തിരക്കിട്ട് ഉത്തരവിറക്കുന്നതു നിയമപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും എന്നാണു വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ചീഫ് സെക്രട്ടറിയുടെ മിനിട്സിലും സെസ് നയം സ്മാര്‍ട് സിറ്റിക്കു ബാധകമാണെന്ന കാഴ്ചപ്പാടാണുള്ളത് എന്നാണു സൂചന. അതേസമയം, ഇക്കാര്യം പരിശോധിക്കേണ്ടി വരുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കു ബാധകമാകില്ലെന്നു സ്മാര്‍ട് സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്. ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.
വ്യവസായ മന്ത്രി എളമരം കരീം ഇതേക്കുറിച്ചു പ്രതികരിച്ചിട്ടുമില്ല. തലസ്ഥാനത്തു മന്ത്രി മടങ്ങിയെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഉത്തരവിറക്കുമെന്നു വ്യവസായ വകുപ്പ് ഉന്നതര്‍ പറയുന്നു. പ്രശ്നം സങ്കീര്‍ണമായതിനാല്‍ രാഷ്ട്രീയ തീരുമാനവും ഒരുപക്ഷേ വേണ്ടിവന്നേക്കാം. സെസില്‍ വിവേചനം പാടില്ലെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവും രംഗത്തുവന്നിട്ടുണ്ട്. സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ആശിസോടെയാണു വിയോജിപ്പുകള്‍ വ്യവസായ വകുപ്പ് മുന്നോട്ടുവയ്ക്കുന്നത് എന്ന സൂചനയും ശക്തം.
വിദേശ കമ്പനിയായ സ്മാര്‍ട് സിറ്റിക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വദേശ സംരംഭകര്‍ക്കു നിഷേധിക്കുന്നതു ശരിയല്ല എന്ന മുന്‍ നിലപാടും ചീഫ് സെക്രട്ടറിയെ വീണ്ടും വ്യവസായ വകുപ്പ് അറിയിച്ചു.
എന്നാല്‍ പുതിയ സംരംഭകരുമായി താരമത്യപ്പെടുത്തുമ്പോള്‍ സര്‍ക്കാരിന് ഒാഹരി, ചെയര്‍മാന്‍ഷിപ്, പ്രത്യേക കരാര്‍ എന്നിവയുള്ളതിനാല്‍ പുതിയ വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്ക് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല എന്നാണു മുഖ്യമന്ത്രിയുടെയും ഐടി വകുപ്പിന്റെയും അഭിപ്രായം. പുതിയ നയം എന്തെങ്കിലും സാങ്കേതിക പ്രശ്നം ഉയര്‍ത്തുന്നുണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്തു തിരുത്താമെന്നാണു നിലപാട്.