മാതൃഭൂമി, സെപ്തം. 29, 2008
കോഴിക്കോട്: പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്) തൊഴിലാളികളുടെയും തൊഴിലിന്റെയും സംരക്ഷണം ഉറപ്പുവരുത്താന്‍ നിയമം അനുശാസിക്കുന്നുണ്ടെന്ന് വ്യവസായമന്ത്രി എളമരം കരീം അവകാശപ്പെട്ടു. അവിടെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്നു പറയുന്നത് 'സെസി'നെക്കുറിച്ച് വ്യക്തമായി പഠിക്കാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2005-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പ്രത്യേക സാമ്പത്തിക മേഖലാ നിയമത്തിന്റെ 49-ാം വകുപ്പില്‍ എല്ലാ തൊഴില്‍ നിയമങ്ങളും സംരക്ഷിച്ചുകൊണ്ടാവണം 'സെസ്' നടപ്പാക്കേണ്ടതെന്ന് അനുശാസിക്കുന്നുണ്ട്. കേരളത്തില്‍ സെസ് നടപ്പാക്കുമ്പോള്‍ തൊഴില്‍ നിയമത്തില്‍ ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കില്ല. എന്തൊക്കെ നയങ്ങളാണ് ഈ മേഖലയില്‍ നടപ്പാക്കേണ്ടതെന്ന ചര്‍ച്ചയിലാണ് സര്‍ക്കാര്‍. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖല നടപ്പാക്കിയിട്ട് കേരളത്തില്‍ മാത്രം അത് വന്നില്ലെങ്കില്‍ ഈ നാട് മരുഭൂമിയായി മാറും. ഇവിടെ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കുന്ന ഒരു വിഭാഗമുണ്ട്. ഇവരാണ് സംസ്ഥാനത്തിന്റെ വികസനത്തിനു വിലങ്ങുതടിയാവുന്നത്. കേരളത്തിലെത്തുന്ന കമ്പനികള്‍ക്കൊക്കെ ആവശ്യം മതിയായ വൈദ്യുതിയാണ്. ഇതു തന്നെയാണ് പ്രതിസന്ധിയും. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി ഇവരെ ഉത്‌പാദിപ്പിക്കപ്പെടുന്നില്ല- മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ.എസ്.ഇ.ബി.ഒ.എ. പ്രസിഡന്റ് കെ.എ. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. പ്രദീപ്, ട്രഷറര്‍ വി.മാധവന്‍, കെ.എസ്.ഇ.ബി.വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. പുഷ്‌പന്‍, കെ.ജി.ഒ.എ. സംസ്ഥാന പ്രസിഡന്റ് കെ. ശിവകുമാര്‍, സി.ആര്‍. നാണുക്കുട്ടന്‍, ടി.പി. രാമകൃഷ്‌ണന്‍, ഇ. മനോജ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.എ. ശിവദാസന്‍ (പ്രസി.), ബി. പ്രദീപ് (ജന.സെക്ര.), എം.എ. ബാബു (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.