മാതൃഭൂമി, സെപ്തം. 25, 2008
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) നടപ്പാക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സി.പി.ഐ. വീണ്ടും ശഠിക്കുന്നു. 'സെസ്' സംബന്ധിച്ച് പ്രത്യേക നിയമം വേണ്ടെന്നാണ് എല്‍.ഡി.എഫ്. യോഗത്തിനുശേഷം എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, വിശ്വന് ഓര്‍മ്മക്കുറവുണ്ടാകും' നിയമം വേണമെന്ന് ഏകാഭിപ്രായമാണ് എല്‍.ഡി.എഫില്‍ ഉണ്ടായിരുന്നതെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്റെ പ്രതികരണം.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിസമയം, തൊഴില്‍ നിയമങ്ങള്‍, സംസ്ഥാന നിയമങ്ങള്‍ എന്നിവ പാലിക്കാന്‍ കഴിയുന്ന വ്യവസായങ്ങള്‍ക്കാണ് 'സെസ്' അനുവദിക്കേണ്ടതെന്നാണ് സി.പി.ഐ.യുടെ നയം. ഈ കാര്യങ്ങള്‍ക്ക് എല്‍.ഡി.എഫില്‍ ഭിന്നതയുണ്ടായില്ല. സി.പി.എമ്മുമായി തര്‍ക്കമില്ല. അതുകൊണ്ട് മന്ത്രിസഭയില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യവുമില്ല.
ഇപ്പോള്‍ നിയമമില്ലെങ്കിലും സെസിന് ഇപ്പോള്‍ അപേക്ഷിച്ചവര്‍ക്ക് ഇതിനായി ഭാവിയില്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ബാധകമായിരിക്കും. നിയമം എപ്പോള്‍ ഉണ്ടായാലും അതിന്റെ വ്യവസ്ഥകള്‍ ബാധകമാക്കും. മാത്രമല്ല, മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യവസ്ഥകളില്‍ മാറ്റമുണ്ടാകും. ഉല്‌പാദനക്ഷമമായ വ്യവസായങ്ങള്‍ക്കായിരിക്കണം സെസ് അനുവദിക്കുക. വ്യവസായവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ക്കാകും 30 ശതമാനം ഭൂമി നല്‍കുക. വന്‍തോതില്‍ ഭൂമി ഏറ്റെടുത്തശേഷം ചെറിയ വ്യവസായവും ബാക്കി മറ്റ് കാര്യങ്ങള്‍ക്കും എന്ന രീതിയോട് അനുകൂലിക്കില്ല. മാത്രമല്ല ഭൂമി കൈമാറ്റം ചെയ്യാനും പാടില്ല. സംസ്ഥാനത്തിന്റെ നികുതിനിയമങ്ങള്‍ക്ക് വിധേയമായായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
കര്‍ണാടകത്തില്‍ പള്ളികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അപലപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വര്‍ഗ്ഗീയ കക്ഷികള്‍ സജീവമായിരിക്കുകയാണെന്ന് വെളിയം പറഞ്ഞു.
സി.പി.ഐ. അസി.സെക്രട്ടറിമാരായ കെ.ഇ. ഇസ്‌മായിലും സി.എന്‍. ചന്ദ്രനും സന്നിഹിതരായിരുന്നു.