മനോരമ ഒക്ടോ 10, 2008
തിരുവനന്തപുരം: പദ്ധതി പ്രദേശത്ത് ഈ മാസം ആദ്യ കെട്ടിടത്തിന്റെ പണി ആരംഭിക്കുമെന്നു പറഞ്ഞിരുന്ന സ്മാര്‍ട് സിറ്റി കമ്പനി എന്തുകൊണ്ടു പണി തുടങ്ങുന്നില്ല? അനേകം ഇ-മെയിലുകള്‍ പരസ്പരം കൈമാറിയിട്ടും ഉത്തരം കിട്ടാത്ത ഈ ചോദ്യം ചര്‍ച്ച ചെയ്യാന്‍ 13നു കമ്പനിയുടെ ബോര്‍ഡ് യോഗം ചേരുന്നു.
അതിനു മുന്നോടിയായി ഇന്നു കൊച്ചിയില്‍ പദ്ധതി പ്രദേശത്തുള്ള പിഡബ്ള്യുഡി റോഡ് മാറ്റവും വ്യക്തികളുടെ കൈവശഭൂമി ഏറ്റെടുക്കലും മറ്റും ചര്‍ച്ച ചെയ്യുകയാണ്. കരാര്‍ ഒപ്പിട്ടിട്ടും തറക്കല്ലിട്ടിട്ടും മാസങ്ങള്‍ കഴിഞ്ഞെങ്കിലും സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ നിര്‍മാണജോലി ഇതുവരെ ആരംഭിച്ചിട്ടില്ല. 100 ഏക്കറിനു സെസ് പദവി ലഭിക്കുന്നതായിരുന്നു തര്‍ക്കവിഷയം.
സ്മാര്‍ട് സിറ്റിയില്‍ 246 ഏക്കറാണു സ്ഥലം. കടമ്പ്രയാര്‍ മധ്യത്തിലൂടെ ഒഴുകുന്നതിനാല്‍ 136 ഏക്കര്‍, 100 ഏക്കര്‍, 10 ഏക്കര്‍ എന്നിങ്ങനെ ഭൂമി മൂന്നായി കിടക്കുന്നു. ഇതില്‍ 136 ഏക്കറിനു സെസ് പദവി കിട്ടി. നദിയുടെ അക്കരെയുള്ള 100 ഏക്കറിനു കൂടി സെസ് പദവി ചോദിച്ചാല്‍ കിട്ടും. സ്മാര്‍ട് സിറ്റി സിഇഒ: ഫരീദ് അബ്ദുല്‍ റഹ്മാനാണ് അപേക്ഷിക്കേണ്ടത്. പക്ഷേ അവര്‍ അപേക്ഷിക്കുന്നില്ല.
മുഴുവന്‍ സ്ഥലവും കൂടി ഒറ്റ സെസ് ആയിക്കിട്ടണമെന്നും എങ്കിലേ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ കഴിയൂ എന്നുമാണു നിലപാട്. കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. നിയമപ്രകാരം സെസ് ആവുന്ന പ്രദേശം ഒറ്റ യൂണിറ്റായിരിക്കണം. ചുറ്റും മതില്‍ക്കെട്ടു വേണം.
നദിയുടെ അക്കരെയിക്കരെ പറ്റില്ല. അതിനാല്‍ 136 ഏക്കറിനും 100 ഏക്കറിനും രണ്ടു സെസുകളാക്കി അനുവദിക്കാം. ഒരുമിച്ചു പറ്റില്ല.
ഈ വിഷയത്തില്‍ കുടുങ്ങിയാണു മാസ്റ്റര്‍പ്ളാന്‍ ആകാത്തതും കെട്ടിടംപണി തുടങ്ങാത്തതുമെന്നാണു ടീകോം അധികൃതര്‍ പറയുന്നത്. 13നു ചെയര്‍മാന്‍ മന്ത്രി ശര്‍മയുടെ നേതൃത്വത്തില്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് കൂടുന്നത് ഈ വിഷയത്തിലെ തര്‍ക്കം തീര്‍ക്കാനാണ്. അതേസമയം സംസ്ഥാനത്തിന്റെ ഭാഗത്തും ചില വീഴ്ചകളുണ്ട്. സ്മാര്‍ട് സിറ്റിയുടെ മധ്യത്തിലൂടെയുള്ള പിഡബ്ള്യുഡി റോഡിന്റെ കാര്യം തീരുമാനമായിട്ടില്ല.
റോഡ് സ്ഥലത്തിന്റെ ഓരത്തേക്കു മാറ്റിക്കൊടുത്താല്‍ നിലവിലുള്ള റോഡ് പിഡബ്ള്യുഡി വിട്ടുതരും. വൈദ്യുതി ബോര്‍ഡിന്റെ സ്ഥലത്തുള്ള ഡോര്‍മിറ്ററിയും പമ്പിങ് സ്റ്റേഷനും മറ്റും മാറ്റിസ്ഥാപിക്കണം. പദ്ധതി പ്രദേശത്ത് അഞ്ചും പത്തും സെന്റുകളിലായി ഏതാനും വ്യക്തികളുടെ സ്ഥലങ്ങളുണ്ട്. അവര്‍ക്കു നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണം. ഇതൊന്നും പൂര്‍ത്തിയായിട്ടില്ല.
ഇരുഭാഗവും സാവധാനം നീങ്ങുന്ന സ്ഥിതിയാണു സ്മാര്‍ട് സിറ്റി പദ്ധതിയിലുള്ളത്. ഐടി വ്യവസായരംഗത്തും മാന്ദ്യമുള്ളതിനാല്‍ പദ്ധതി നടപ്പാക്കല്‍ മനപ്പൂര്‍വം വൈകിക്കുന്നതാണോ എന്നും സംശയമുണ്ട്. അഞ്ചു വര്‍ഷംകഴിഞ്ഞാല്‍ കമ്പനി പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങളില്‍ കെട്ടിട വിസ്തീര്‍ണവും തൊഴിലവസരവും മറ്റുമുണ്ട്. അതിനാല്‍ കരാര്‍ അനുസരിച്ചു പണി ആരംഭിച്ചേ പറ്റൂ.