Wednesday, October 22, 2008

അരമനയിലെ രക്താഭിഷേകം; വൈദികര്‍ പ്രക്ഷുബ്ധ്‌ധരായി

മാതൃഭൂമി. ഒക്ടോ.21, 2008

ഫോര്‍ട്ടുകൊച്ചി: കൊച്ചി ബിഷപ്പ്‌ യുവതിയെ ദത്തെടുത്തതുമായി ബന്ധപ്പെട്ട്‌ വിശദീകരണത്തിനായി തിങ്കളാഴ്‌ച ബിഷപ്പ്‌ വിളിച്ചു ചേര്‍ത്ത വൈദികരുടെ യോഗം തുടക്കം മുതല്‍ പ്രക്ഷുബ്ധ്‌ധമായി.

മെത്രാസന മന്ദിരത്തില്‍ ബിഷപ്പ്‌ രക്താഭിഷേകം നടത്തിയ സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണമാണ്‌ വൈദികരെ ക്ഷുഭിതരാക്കിയത്‌.

രാവിലെ യോഗം തുടങ്ങുന്നതിനു മുമ്പ്‌ തന്നെ ഈ പ്രശ്‌നം വാക്കേറ്റത്തിനിടയാക്കി. 'യുവതിയുടെ രക്തം വീണു മലിനപ്പെട്ട അരമന' വെഞ്ചരിക്കാതെ അതിനകത്ത്‌ കയറാനാവില്ലെന്ന നിലപാടില്‍ ഏറെ വൈദികരും ബിഷപ്പ്‌ ഹൗസിനു പുറത്തു നിന്നു. വികാരി ജനറല്‍ ക്ഷണിച്ചിട്ടും ഇവര്‍ അകത്തേക്ക്‌ കയറിയില്ല. തുടര്‍ന്ന്‌ മുന്‍ വികാരി ജനറല്‍ മോണ്‍ പീറ്റര്‍ തൈക്കൂട്ടത്തില്‍ അരമന വീണ്ടും വെഞ്ചരിച്ചശേഷമാണ്‌ പുറത്തു നിന്നവര്‍ അകത്തേക്ക്‌ പ്രവേശിച്ചത്‌.

യുവതി നല്‍കിയ രക്തം കൊണ്ടാണ്‌ അരമനയില്‍ അഭിഷേകം നടത്തിയതെന്നും, അത്‌ യേശുവിന്റെ രക്തം തന്നെയാണെന്നും ബിഷപ്പ്‌ ആവര്‍ത്തിച്ചതോടെ വൈദികര്‍ കൂട്ടത്തോടെ എഴുന്നേറ്റു നിന്ന്‌ ബഹളമുണ്ടാക്കി. ദൈവനിന്ദയാണ്‌ ബിഷപ്പ്‌ പറയുന്നതെന്നാണ്‌ വൈദികര്‍ ആരോപിച്ചത്‌. യോഗത്തിനു മുമ്പായി നല്‍കിയ കുറിപ്പില്‍ ബിഷപ്പ്‌ കുറ്റസമ്മതം നടത്തിയെങ്കിലും, യോഗത്തില്‍ വീണ്ടും രക്താഭിഷേകം തുടങ്ങിയ കാര്യങ്ങളില്‍ പഴയ നിലപാടെടുക്കുന്നതിനെ ചില വൈദികര്‍ വിമര്‍ശിച്ചു.

ദത്തെടുക്കല്‍ തെറ്റാണെന്ന്‌ റോമില്‍ നിന്നു പറഞ്ഞാല്‍ പിന്മാറാമെന്ന ബിഷപ്പിന്റെ വാദത്തെയും വൈദികര്‍ ചോദ്യം ചെയ്‌തു. യുവതിയെ ദത്തെടുക്കല്‍ സഭാ നിയമങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. അതിന്‌ റോമില്‍ നിന്ന്‌ പ്രത്യേക വിശദീകരണം ഉണ്ടാകേണ്ട കാര്യമില്ലെന്നും വൈദികര്‍ ചൂണ്ടിക്കാട്ടി.

ബൈബിളിലെ വെളിപാടുകളെക്കുറിച്ച്‌ വ്യക്തിപരമായ വ്യഖ്യാനങ്ങള്‍ ബിഷപ്പ്‌ നടത്തിയതിനെതിരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.

അരമനയിലെ വൈദികയോഗങ്ങളില്‍ ഒരിക്കല്‍ പോലും കാണാത്ത ബഹളവും, വാഗ്വാദങ്ങളുമാണ്‌ തിങ്കളാഴ്‌ച അരങ്ങേറിയത്‌.

ഭയഭക്തിയോടെ ബിഷപ്പുമാരുടെ പ്രസംഗങ്ങള്‍ ശ്രവിക്കുന്ന സാധാരണ രീതി തിങ്കളാഴ്‌ചയുണ്ടായില്ല. ബിഷപ്പ്‌ തല്‍സ്ഥാനം ഒഴിയുകയാണ്‌ വേണ്ടതെന്നും, അതിന്‌ റോമില്‍ നിന്നുള്ള അനുവാദം കാത്തിരിക്കുന്നത്‌ ശരിയല്ലെന്നും വൈദികര്‍ കൂട്ടമായി ആവശ്യപ്പെട്ടു.

ബിഷപ്പിന്റെ വാദങ്ങള്‍ ന്യായീകരിക്കുവാന്‍ ചില വൈദികര്‍ ശ്രമിച്ചെങ്കിലും അതു ദുര്‍ബലമായി. ബിഷപ്പിനോടൊപ്പം നിന്നവര്‍ക്കെതിരെ കടുത്ത പ്രയോഗങ്ങളും യോഗത്തിലുണ്ടായി. 130 ഓളം വൈദികര്‍ യോഗത്തില്‍ പങ്കെടുത്തു.

വൈദികര്‍ക്ക്‌ നല്‍കിയ ബിഷപ്പിന്റെ ആദ്യ വിശദീകരണ കുറിപ്പ്‌ മാധ്യമങ്ങള്‍ക്കും നല്‍കി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍, രക്താഭിഷേകം, ദിവ്യ ശിശുവിന്റെ ജനനം തുടങ്ങിയ കാര്യങ്ങളില്‍ നിലപാടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുന്ന രണ്ടാം അറിയിപ്പും ബിഷപ്പ്‌ ഹൗസില്‍ നിന്ന്‌ പുറത്തു വന്നു. എന്നാല്‍ ദത്തെടുക്കല്‍ കാര്യത്തില്‍ വത്തിക്കാന്റെ തീരുമാനം വരുംവരെ ഉറച്ചു നില്‍ക്കുന്നതായും ബിഷപ്പ്‌ കുറിപ്പില്‍ വിശദീകരിച്ചു.
 

blogger templates | Make Money Online