Friday, October 10, 2008

മൂന്നാര്‍ ഒഴിപ്പിക്കലിന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും പിന്തുണ

മാധ്യമം ഒക്ടോ10, 2008

മൂന്നാര്‍: മൂന്നാര്‍ ഒഴിപ്പിക്കലിനോടുള്ള എതിര്‍പ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ നേതൃത്വവും സി.പി.എം ജില്ലാ നേതൃത്വവും അവസാനിപ്പിക്കുന്നു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യാനുള്ള പദ്ധതിയും വന്‍കിട കൈയേറ്റക്കാരില്‍നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും ഉപസമിതി യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചതോടെ ഒറ്റയടിക്ക് വര്‍ധിച്ച ജനപിന്തുണയാണ് രാഷ്ട്രീയ നേതൃത്വങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഉപസമിതി യോഗം ചേരുമെന്ന് നേരത്തേ അറിയിച്ചിരുന്ന മൂന്നാര്‍ ഗസ്റ്റ്ഹൌസിനു മുന്നില്‍ പാര്‍ട്ടിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ഇന്നലെ വന്‍ ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു. ഇത് മുന്നില്‍കണ്ട് ഉപസമിതി യോഗം കെ.ടി.ഡി.സിയുടെ ടീ കൌണ്ടിയിലേക്ക് നേരത്തേതന്നെ മാറ്റിയിരുന്നു.

ആയിരക്കണക്കിന് നിവേദനങ്ങളാണ് ഉപസമിതി യോഗം കഴിഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൌസിലെത്തിയ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ നല്‍കിയത്. അതിനു മുമ്പുതന്നെ മൂന്നാര്‍ ടൌണില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാനുള്ള ഭൂമി പോലിസ് ക്യാമ്പിനു സമീപം മന്ത്രിസഭാ ഉപസമിതി നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ഭൂമി വിതരണം പ്രഖ്യാപിക്കുകയും ടാറ്റയുടെ ആധിപത്യം അവസാനിപ്പിക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തതോടെ ജനം വി.എസിന് അനുകൂലമായി പ്രകടനം നടത്തി രംഗത്തിറങ്ങുകയായിരുന്നു. ആദ്യ ദൌത്യസംഘത്തിന്റെ സമയത്ത് അതിനെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്തിറക്കിയ ഇക്കാ കോളനി നിവാസികള്‍ തന്നെയാണ് ഇന്നലെ വി.എസിന് അനുകൂലമായി മൂന്നാറില്‍ പ്രകടനം നടത്തിയത്. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് കൈയേറ്റക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇക്കാ കോളനി നിവാസികള്‍ പ്രകടനത്തിന് ഇറങ്ങിയത്.

മൂന്നാര്‍ ദൌത്യം ആരംഭിച്ചപ്പോള്‍ മുതല്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയിരുന്ന ഇടതുമുന്നണി ജില്ലാ നേതൃത്വവും സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും ഇന്നലെ വൈകുന്നേരമായതോടെ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങളെ പിന്തുണക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി 'മാധ്യമ'ത്തോട് പറഞ്ഞു. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും ചെറുകിട കര്‍ഷകരെയും ദുര്‍ബല വിഭാഗങ്ങളെയും ഒഴിപ്പിക്കരുതെന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടികളെയും ഉപസമിതിയുടെ തീരുമാനങ്ങളെയും പിന്തുണക്കുന്നതെന്ന് എം.എം. മണി വ്യക്തമാക്കി.

ഏലം കര്‍ഷകര്‍ക്ക് പാട്ടം പുതുക്കി നല്‍കാനും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കി പട്ടയം നല്‍കാനും എടുത്ത സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നതായി ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ. ജയചന്ദ്രനും 'മാധ്യമ'ത്തോട് പറഞ്ഞു.

ഇക്ക കോളനി നിവാസികള്‍ അടക്കമുള്ളവര്‍ക്കും മൂന്നാറിലെ പാവപ്പെട്ടവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത നടപടിയെ പിന്തുണക്കുന്നതായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും പറഞ്ഞു.

ഇന്നലെ ഉപസമിതി യോഗത്തിന് ശേഷം ജനപ്രതിനിധികളുടെയും പിന്നീട് ഇടതുമുന്നണി നേതാക്കളുടെയും യോഗം മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേര്‍ത്തിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രിമാര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. ഉപസമിതി യോഗത്തിനും പത്രസമ്മേളനത്തിനും ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിരിച്ചുപോയി.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരായിരുന്നു ജനപ്രതിനിധികളുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തിയത്.
 

blogger templates | Make Money Online