Wednesday, October 1, 2008

സെസ് : 10 സംരംഭം വഴി 6100 കോടി നിക്ഷേപം

ദേശാഭിമാനി, സെപ്തം.30, 2008

തിരു: പ്രത്യേക സാമ്പത്തികമേഖലാ പദവിക്ക് അപേക്ഷിച്ച പത്ത് വ്യവസായസംരംഭംവഴി സംസ്ഥാനത്തെത്തുന്നത് 6109 കോടി രൂപയുടെ നിക്ഷേപം. ഒന്നരലക്ഷത്തോളം തൊഴിലവസരവും ഇതുവഴി സംസ്ഥാനത്തിന് ലഭിക്കും. പത്ത് അപേക്ഷയും ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.

കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയശേഷം വ്യവസായസംരംഭകര്‍ സംസ്ഥാന സര്‍ക്കാരുമായി കരാറിലെത്തണം. മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ച സെസ് നയം അടിസ്ഥാനമാക്കിയായിരിക്കും കരാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതി മന്ത്രിസഭയ്ക്ക് ശുപാര്‍ശചെയ്ത പത്ത് വ്യവസായപദ്ധതിയില്‍ എട്ടും 30 ഏക്കറില്‍ താഴെമാത്രം ഭൂമി ആവശ്യമുള്ളവയാണ്. ഇതില്‍ ഭൂരിപക്ഷവും ഐടി പദ്ധതികളും ഐടി അധിഷ്ഠിത സേവനപദ്ധതികളും.

രണ്ടു പദ്ധതിയാണ് വ്യവസായവകുപ്പ് മുഖേന വന്നത്. ഏഴു പദ്ധതി ഐടി വകുപ്പുവഴിയുള്ളതാണ്്. ഒന്ന് കേന്ദ്രസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റേതും. പള്‍പ്പ് ഫാക്ടറിക്കായാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് അപേക്ഷ സമര്‍പ്പിച്ചത്. കമ്പനിയുടെ കൈവശമുള്ള 126 ഹെക്ടറിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. 2.05 കോടി രൂപ മുതല്‍മുടക്കുന്ന ഫാക്ടറിയില്‍ 1050 നേരിട്ടുള്ള തൊഴിലും 20,000 പരോക്ഷതൊഴിലുമാണ് വാഗ്ദാനം.

എമ്മാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ് ആലുവയില്‍ 12.17 ഹെക്ടറില്‍ ഐടി കമ്പനിക്കാണ് സെസ് പദവിക്കായി അപേക്ഷിച്ചത്. 279 കോടി രൂപയാണ് മുതല്‍മുടക്ക്. 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

എറണാകുളത്ത് കിന്‍ഫ്രയുടെ 12 ഹെക്ടറില്‍ ബയോടെക്നോളജി വ്യവസായത്തിനാണ് ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് അപേക്ഷിച്ചത്. 113 കോടി രൂപ മുതല്‍മുടക്കി സ്ഥാപിക്കുന്ന വ്യവസായസംരംഭംവഴി 6000 പേര്‍ക്ക് നേരിട്ടും 3000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ വാഗ്ദാനംചെയ്യുന്നു.

ആലുവയില്‍ 30.76 ഹെക്ടറില്‍ ഐടി വ്യവസായത്തിനാണ് പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് അപേക്ഷിച്ചിരിക്കുന്നത്. 243.16 കോടി രൂപ ഇവിടെ മുതല്‍മുടക്കും. 30,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ആലുവയില്‍തന്നെ എംഎം ടെക് ടവേഴ്സ് 14 ഹെക്ടറില്‍ ഐടി സംരംഭമാണ് ആരംഭിക്കുന്നത്. 400 കോടി രൂപ അവര്‍ നിക്ഷേപിക്കും. 10,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്തിട്ടുണ്ട്.

സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയില്‍ കിന്‍ഫ്രയുടെ 10 ഹെക്ടറില്‍ സ്ഥാപിക്കുന്ന ഐടി-ഐടി അധിഷ്ഠിത വ്യവസായത്തിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 52 കോടി അവര്‍ മുതല്‍മുടക്കും. 3000 തൊഴിലാണ് വാഗ്ദാനം.

കൊച്ചിന്‍ ടെക്നോപാര്‍ക്ക് ആലുവ ചെങ്ങമനാട് വില്ലേജില്‍ സെസ് ഡെവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കുന്നത് 12.15 ഹെക്ടറിലാണ്. 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന സ്ഥാപനം 165 കോടി രൂപ നിക്ഷേപമിറക്കും.

ഐടി, ഐടി അധിഷ്ഠിത സേവന വ്യവസായം സ്ഥാപിക്കുന്ന ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 3765 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ഉറപ്പു നല്‍കുന്നു. എറണാകുളം ആമ്പല്ലൂരില്‍ ഐടി, ഐടി അധിഷ്ഠിത വ്യവസായമാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. 202 ഹെക്ടര്‍ ഭൂമിക്ക് സെസ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ ടെക്നോപാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശൂര്‍ പുതുക്കാട്ട് സ്ഥാപിക്കുന്ന ഐടി സംരംഭത്തിനായി പത്ത് ഹെക്ടറിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 177.37 കോടി മുതല്‍മുടക്കും. 10,000 പേര്‍ക്ക് തൊഴിലാണ് വാഗ്ദാനം.

എറണാകുളം കുന്നത്തുനാട്ടില്‍ ഐടി സംരംഭം തുടങ്ങുന്ന യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ് 913.05 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 10.84 ഹെക്ടറിലാണ് വ്യവസായസംരംഭം. 60,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി.
 

blogger templates | Make Money Online