മാതൃഭൂമി, ഒക്ടോ. 5, 2008
കൊല്ലം:എം.എന്‍.വിജയനെ 'പാഠം' മാസികയില്‍നിന്ന് അടര്‍ത്തിമാറ്റുന്നതിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയത് സി.പി.എമ്മിലെ വി.എസ്.പക്ഷത്തുള്ളവരായിരുന്നെന്ന് പുതിയ വെളിപ്പെടുത്തല്‍. പാഠത്തിന്റെ കഴിഞ്ഞദിവസം പുറത്തിറക്കിയ എം.എന്‍.വിജയന്‍ സ്‌മരണികയില്‍ പ്രൊഫ. എസ്.സുധീഷാണ് ഈ ആരോപണം ഉന്നയിക്കുന്നത്.
പിണറായി വിജയനല്ല, ഐസക്കല്ല, വി.എസ്സിന്റെ ആള്‍ക്കാരാണ് പാഠത്തിനെതിരെ മാഷിനുമേല്‍ വിട്ടുവീഴ്‌ചയില്ലാത്ത സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നത്-സുധീഷ് പറയുന്നു. വി.എസ്സിനെ നേതാവായി ഉയര്‍ത്തിപ്പിടിക്കുന്ന ജനങ്ങളുടെ ആവേശമാണ് പാഠം. പക്ഷേ, വി.എസ്സിന്റെ ഓഫീസിലെ രാഷ്ട്രതന്ത്രജ്ഞര്‍ പാഠത്തിനെതിരെ ഒളിപ്പോര് നടത്തുകയായിരുന്നു. അത് വിജയന്‍ മാഷ് തന്റെ മാത്രം ദുഃഖമായി, രഹസ്യമായി മനസ്സില്‍ സൂക്ഷിച്ചുവെന്ന് പാഠത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്സിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഷാജഹാനാണ് ഈ നീക്കത്തിന് പുറകിലുണ്ടായിരുന്നതെന്നും പാഠം കുറ്റപ്പെടുത്തുന്നു. മലപ്പുറം സമ്മേളനത്തിന് മുമ്പുള്ള കണ്ണൂര്‍ സമ്മേളനത്തിന് തൊട്ടുമുമ്പ് ക്‌സാസിഫൈഡ് ഭൂപടം ദുരുപയോഗപ്പെടുത്തുകയും കടത്തുകയും ചെയ്‌തത് സംബന്ധിച്ച പത്രസമ്മേളനം നടത്താന്‍ എം.എന്‍.വിജയന്‍ തീരുമാനിച്ചിരുന്നു. പത്രസമ്മേളനം നടത്തിയാല്‍ പ്രശ്‌നം തമസ്‌കരിക്കാനാകാതെ വരുമെന്നും അതിന്റെ ഗൗരവം ബോധ്യപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ളിലെ ഫ്രാങ്കി വിഭാഗത്തിന്റെ മുന്‍കൈ ഒടിയുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, രണ്ടുദിവസം മുമ്പ് വി.എസ്സിന്റെ ഓഫീസില്‍നിന്ന് ഷാജഹാന്‍ വിളിച്ച് അത് നടത്തുന്നതില്‍നിന്ന് വിലക്കിയെന്ന് പാഠം പറയുന്നു.
വിഭവ ഭൂപടത്തിന്റെ മറവില്‍ നിര്‍മ്മിച്ച ക്ലാസിഫൈഡ് ഭൂപടങ്ങളാണ് വാഗമണിലും ബിനാനിപുരത്തുമുള്ള രഹസ്യതാവളങ്ങളിലെത്തുന്നതിന് വിദേശികള്‍ ഉപയോഗിച്ചതെന്നും പാഠം ആരോപിക്കുന്നു. അവരുടെ രാജ്യങ്ങളിലെ കോഡുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണവ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന രീതി പ്രകാരം അവ വായിക്കാനാവില്ല. ഇസ്ല്‌ളാമാബാദിലും കറാച്ചിയിലും താവളങ്ങളുള്ള റിച്ചാര്‍ഡ് ഫ്രാങ്കി ഇന്ത്യയ്‌ക്ക് അപരിചിതമായ കോഡ് ഉപയോഗിച്ച് ഭൂപടങ്ങളുണ്ടാക്കിയെന്നാണ് അര്‍ത്ഥം. ഡല്‍ഹിയിലും ബെംഗളുരുവിലും ബോംബ് സ്‌ഫോടനം നടത്തുന്ന ഭീകരര്‍ക്ക് വാഗമണിലും ബിനാനിപുരത്തും രഹസ്യതാവളങ്ങളില്‍ എത്തിച്ചേരുന്നതിന് മാത്രമല്ല, ശത്രുരാജ്യങ്ങള്‍ക്ക് ആക്രമണം നടത്തുന്നതിനും അവ ഉപയോഗിക്കാമെന്ന് പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നു.
പ്രൊഫ. എം.എന്‍.വിജയന്റെ എട്ട് ലേഖനങ്ങളടക്കം 266 പേജാണ് വിജയന്‍ സ്‌മരണികയ്‌ക്കുള്ളത്.