മാധ്യമം, ഒക്ടോ 6, 2008
കോട്ടയം: മലയാള മനോരമയില്‍ നിന്ന് കാര്‍ട്ടൂണിസ്റ്റ്' യേശുദാസന്‍ രാജിവെച്ചു. കഴിഞ്ഞ ശനിയാഴ്ച രാജിക്കത്ത് കൈമാറിയ അദ്ദേഹം ശനിയാഴ്ച്ച ദേശാഭിമാനിക്ക് വേണ്ടി വരച്ചു.
1985ലാണ് യേശുദാസന്‍ മനോരമയില്‍ ചേര്‍ന്നത്. വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തിലായിരുന്നു. ജനയുഗത്തിലായിരുന്നു തുടക്കം.
ഉമ്മന്‍ചാണ്ടിയുടെ മൂക്ക് നീണ്ടെന്നും സോണിയാ ഗാന്ധിക്ക് എതിരാണെന്നും പറഞ്ഞ് കാര്‍ട്ടൂണ്‍ മാറ്റിവെക്കുന്നത് ഇനിയുണ്ടാകരുത്. അറുനൂറോളം കാര്‍ട്ടൂണുകള്‍ നിരസിക്കപ്പെട്ടു. കാര്‍ട്ടൂണ്‍ തമസ്കരിക്കുന്ന എഡിറ്റോറിയല്‍ ബോര്‍ഡിലെ 'മാധ്യമ മാഫിയ'യെ സഹിക്കാനാകാതെയാണ് മനോരമ വിടുന്നത്. മാനേജ്മെന്റ് അറിയാതെ ആയിരിക്കില്ല ഇതൊന്നും. ഗ്രൂപ്പിലെ മുഖ്യകക്ഷി ആരെന്ന് അവസരം വരുമ്പോള്‍ വെളിപ്പെടുത്തും. മാധ്യമ മാഫിയയെക്കുറിച്ച് രാജിക്കത്തില്‍ പറഞ്ഞിട്ടുണ്ട്.
'വരകളിലെ നായനാര്‍' 2004ല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് പ്രകാശനം ചെയ്ത ചടങ്ങോടെയാണ് തനിക്കെതിരെ യുദ്ധം തുടങ്ങിയത്. 'മനോരമ ദല്‍ഹി പതിപ്പ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ തീയതി കിട്ടാതിരിക്കെ തന്റെ പരിപാടിക്ക് ഡേറ്റ് തന്നു.
ചടങ്ങുകള്‍ രണ്ടും ഒരുമിച്ചാക്കണമെന്ന നിര്‍ദേശം അവഗണിച്ചതും പ്രകോപനമായി. പ്രധാനമന്ത്രിയുടെ ആദ്യ സ്വകാര്യ പരിപാടി പുസ്തകപ്രകാശനംപോലെ ചെറിയൊരെണ്ണമാകുന്നത് ശരിയാണോ എന്ന് പ്രസ് സെക്രട്ടറിയെക്കണ്ട് നോട്ട് എഴുതിച്ചിട്ടുപോലും ധനമന്ത്രിയായിരിക്കുമ്പോള്‍ മുതലുള്ള ബന്ധത്തിന്റെ പേരില്‍ മന്‍മോഹന്‍ വരാന്‍ തയാറായി.
ആന്റണി മുഖ്യമന്ത്രിയായിരിക്കെ തന്റെ പേര് പത്മശ്രീക്ക് ശിപാര്‍ശ ചെയ്തു. എന്നാല്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ മേശപ്പുറത്ത് എത്തിയശേഷം ശിപാര്‍ശ അട്ടിമറിക്കപ്പെട്ടു. അതേ വര്‍ഷം മാനേജിംഗ്എഡിറ്റര്‍ മാമ്മന്‍ മാത്യുവിന് പത്മശ്രീ ലഭിച്ചു. ഇക്കാലത്ത് 'പത്മ,മുതലാളി' തട്ടിയെടുത്തെന്ന പരാമര്‍ശം തന്റെതായി പ്രചരിച്ചു - യേശുദാസ് പറഞ്ഞു.