Friday, October 10, 2008

ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന്‌ മുഖ്യമന്ത്രി

ജി. ശേഖരന്‍ നായര്‍, മാതൃഭൂമി ഒക്ടോ 10, 2008

തിരുവനന്തപുരം: മൂന്നാറിലെ സന്ദര്‍ശനങ്ങള്‍ക്കിടയ്‌ക്ക്‌ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി വ്യാഴാഴ്‌ച ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ രേഖാമൂലം ആക്ഷേപം ഉന്നയിച്ചു.

സപ്‌തംബര്‍ 30നും ഒക്ടോബര്‍ ഒന്നിനും മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന്‌ 14 കാര്യങ്ങളില്‍ ഉടന്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം ഇ-മെയിലിലൂടെ ഒക്ടോബര്‍ മൂന്നിന്‌ ഇടുക്കി കളക്ടറോട്‌ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ആറിന്‌ ഇ-മെയിലിലൂടെ കളക്ടര്‍ മറുപടി നല്‍കി. ഈ ഉത്തരങ്ങളൊന്നുംതന്നെ തൃപ്‌തികരമല്ലെന്നും പലതും വസ്‌തുതാപരമല്ലെന്നും വ്യാഴാഴ്‌ച നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി 12 പേജുള്ള കുറിപ്പിലൂടെ വ്യക്തമാക്കുകയും കളക്ടറെ നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തു.

താന്‍ ഉന്നയിച്ച കേസ്സുകളില്‍ ഉടനടി ഒഴിപ്പിക്കല്‍ നടപടി ത്വരപ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കി. കണ്ണന്‍ദേവന്‍ ഹില്‍ വില്ലേജില്‍ അഞ്ചേക്കറോളം സ്ഥലത്ത്‌ ഗ്രാന്‍ഡിസ്‌ വച്ചുപിടിപ്പിച്ചത്‌ ഏറ്റെടുക്കാന്‍ എന്ത്‌ നടപടിയെടുത്തു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒന്നാമത്തെ ചോദ്യം. ഈ സ്ഥലത്ത്‌ സര്‍ക്കാര്‍ ബോര്‍ഡ്‌ വെയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു അതിന്‌ കളക്ടറുടെ മറുപടി. എന്നാല്‍ ഇവിടെ ബോര്‍ഡ്‌ വെച്ചാല്‍ പോരെന്നും ഗ്രാന്‍ഡിസ്‌ വെട്ടിമാറ്റി ഭൂരഹിതര്‍ക്ക്‌ ഉടനടി വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി വ്യാഴാഴ്‌ച നിര്‍ദ്ദേശം നല്‍കി.

പാര്‍വതിമലയില്‍ ഏറ്റെടുത്ത്‌ വിതരണം ചെയ്യാനിരുന്ന 53 ഏക്കര്‍ ഭൂമി വനംവകുപ്പിന്‍േറതാണെന്ന അവകാശവാദത്തിന്‌ രേഖ ഹാജരാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റീസര്‍വേ പ്രകാരം ഭൂവിസ്‌തൃതി കുറഞ്ഞുപോയെന്നും ഇപ്പോള്‍ സ്ഥലം വനംവകുപ്പിന്റെ കൈവശമാണെന്നും സര്‍വേയര്‍മാരോട്‌ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

സംസ്ഥാന സര്‍വേ ഓഫീസിലും ഇടുക്കി സര്‍വേ ഓഫീസിലും രേഖ ഉണ്ടെന്നിരിക്കേ ആ രേഖകള്‍ ഹാജരാക്കാന്‍ എന്തിനാണ്‌ കൂടുതല്‍ സമയം എന്ന്‌ മുഖ്യമന്ത്രി ആരാഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇപ്പോഴുള്ള കൈയേറ്റങ്ങള്‍ നിയമപരമാക്കാന്‍വേണ്ടി മാത്രം എന്തിനാണ്‌ റീസര്‍വേ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പഴയ രേഖകള്‍ അടിസ്ഥാനമാക്കി നിക്ഷിപ്‌ത ഭൂമി അളക്കാന്‍ കാലതാമസം വരുന്നതിനാലാണ്‌ വിസ്‌തീര്‍ണത്തില്‍ കുറവുവന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വേ രേഖകള്‍ 6(1) പ്രകാരം ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി കൈയേറ്റഭൂമി ഒഴിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പോതമേട്‌ മേഖലയിലെ കൈയേറ്റവും അനധികൃത നിര്‍മ്മാണവും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇവയുടെ ഏലപ്പാട്ടവും പട്ടയവും റദ്ദാക്കാന്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്ന്‌ അദ്ദേഹം ചോദിച്ചിരുന്നു. ഇവിടെ 23 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നതായി കളക്ടര്‍ മറുപടി നല്‍കി. ഇതിനെതിരെ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയതായും എട്ടുപേര്‍ അത്‌ കോടതിയില്‍ ചോദ്യംചെയ്‌തതായും മറുപടിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഏലപ്പാട്ട ലംഘനവും ഏലപ്പട്ടയ ലംഘനവും നടന്നതായി കളക്ടര്‍തന്നെ സമ്മതിക്കുമ്പോള്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കുന്നതിനു പകരം അവ പിടിച്ചെടുക്കാത്തതെന്തെന്ന്‌ മുഖ്യമന്ത്രി അവലോകന യോഗത്തില്‍ ചോദിച്ചു. പട്ടയവും പാട്ടവും റദ്ദാക്കി ഭൂമി ഉടന്‍ പിടിച്ചെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശവും നല്‍കി. മൂന്നാര്‍ ദേവികുളം കോളനിയില്‍ താമസിക്കുന്നവര്‍ക്ക്‌ മുഴുവന്‍ കരമടയ്‌ക്കാന്‍ ഉടന്‍ അവസരമുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുതിരപ്പുഴ മുതല്‍ ചിന്നക്കനാല്‍ ഗ്യാപ്പ്‌ വരെയുള്ള സര്‍ക്കാര്‍ഭൂമി റീഫിക്‌സ്‌ ചെയ്യുന്നതിനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുമുള്ള നടപടികള്‍ എന്തായി എന്ന്‌ മുഖ്യമന്ത്രി ഇ-മെയിലിലൂടെ ചോദിച്ചിരുന്നു. ഇതിനായുള്ള രേഖകള്‍ പരിശോധിച്ചുവരുന്നു എന്നായിരുന്നു കളക്ടറുടെ മറുപടി. 177 ല്‍ 1 എന്ന ഭാഗത്ത്‌ 87 സെന്റ്‌ സ്ഥലം മാത്രമാണ്‌ സര്‍ക്കാരിനുള്ളതെന്ന്‌ കളക്ടര്‍ മറുപടി നല്‍കിയിരുന്നു. ഇത്‌ തെറ്റാണെന്നും 90 ഏക്കര്‍ 97 സെന്റ്‌ സ്ഥലം സര്‍ക്കാരിന്‍േറതാണെന്നും ഇത്‌ ഉടനടി തിരിച്ചുപിടിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

ചെറുകിട കൈയേറ്റക്കാരില്‍ ഒരാളെപ്പോലും അന്യായമായി ഒഴിപ്പിക്കില്ലെന്നും അച്യുതാനന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി.
 

blogger templates | Make Money Online