മാതൃഭൂമി. ഒക്ടോ.20, 2008
കൊച്ചി: കൊച്ചി ബിഷപ്പിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ കൊച്ചി രൂപതയുടെ കീഴിലുള്ള വൈദികരുടെ യോഗം തിങ്കളാഴ്‌ച ബിഷപ്പ് ഹൗസില്‍ ചേരും. ഇതില്‍ പങ്കെടുക്കാന്‍ വൈദികരോട് ബിഷപ്പ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഫൊറോനകള്‍ തിരിച്ച് വൈദിക യോഗങ്ങള്‍ വിളിച്ചെങ്കിലും വൈദികന്‍ പങ്കെടുത്തിരുന്നില്ല. കുമ്പങ്ങി, അരൂര്‍ ഫൊറോനകളിലെ വൈദികരുടെ യോഗങ്ങള്‍ പ്രത്യേകമായാണ് വിളിച്ചിരുന്നത്. എല്ലാ വൈദികരെയും ഒരുമിച്ച് വിളിക്കണമെന്ന നിര്‍ദേശമാണ് ഫൊറോന വികാരികള്‍ വെച്ചത്. തുടര്‍ന്നാണ് തിങ്കളാഴ്‌ചത്തെ യോഗം.
ബിഷപ്പ് ഡോ. ജോണ്‍ തട്ടുങ്കലിന്റെ ഇടവക സന്ദര്‍ശനം ഞായറാഴ്‌ചയും തുടര്‍ന്നു.
ഇടക്കൊച്ചി സെന്റ് ലോറന്‍സ് പള്ളിയിലെ ആത്മീയ ചടങ്ങുകളിലാണ് ഞായറാഴ്‌ച ബിഷപ്പ് പ്രധാനമായും പങ്കെടുത്തത്. ഉച്ചയ്‌ക്കുശേഷം പള്ളിയില്‍ സ്ഥൈര്യലേപനച്ചടങ്ങുകളുണ്ടായി. നൂറ്റിമുപ്പതോളം കുട്ടികളാണ് പങ്കെടുത്തത്.
ഞായറാഴ്‌ച ബിഷപ്പിന്റെ നേതൃത്വത്തില്‍ കുര്‍ബാനയ്‌ക്ക് വിശ്വാസികള്‍ കൂട്ടമായി പങ്കെടുത്തു. പാസ്റ്ററല്‍ യോഗത്തില്‍ ബിഷപ്പ് സംസാരിച്ചു. ഇടവകയിലെ വിധവയായ സാധുസ്‌ത്രീയുടെ മരണാനന്തരചടങ്ങിലും പങ്കെടുത്തു. കുടിലില്‍ കഴിഞ്ഞിരുന്ന ഇവരുടെ ദൈന്യാവസ്ഥയറിഞ്ഞ ബിഷപ്പ് അവിടെ പോകണമെന്ന് പറയുകയാണുണ്ടായത്.സംസ്‌കാരചടങ്ങുകള്‍ക്ക് ഫീസൊന്നും വാങ്ങരുതെന്നും നിര്‍ദേശിച്ചു.
ഇവരുടെ കുടുംബത്തെ സഹായിക്കണമെന്ന് അല്‍മായരോട് നിര്‍ദേശിച്ചു.