Wednesday, October 1, 2008

പ്രത്യേക സാമ്പത്തിക മേഖല: നയത്തിന്‌ അംഗീകാരം

മാതൃഭൂമി, സെപ്തംബര്‍ 29, 2008

തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കുന്നത്‌ സംബന്ധിച്ച നയത്തിന്‌ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെസ്സുകള്‍ക്കായി നെല്‍വയല്‍ നികത്താനാകില്ല, അവയ്‌ക്ക്‌ വൈദ്യതി നിരക്ക്‌ ഇളവ്‌ അനുവദിക്കില്ല, തൊഴില്‍ നിയമങ്ങള്‍ എല്ലാ സെസ്സുകള്‍ക്കും ബാധകമാക്കും തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെട്ടതാണ്‌ നയം.

വ്യവസ്ഥകള്‍ ആംഗീകരിച്ചുകൊണ്ടുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവയ്‌ക്കുന്നവര്‍ക്ക്‌ മാത്രമേ സെസ്സിന്‌ അനുമതി നല്‍കൂ. മന്ത്രിസഭാ യോഗത്തിന്‌ ശേഷം മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

നയത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വിജ്ഞാപനങ്ങളില്‍ മാറ്റംവരുത്തി പുതിയ വിജ്ഞാപനം ഇറക്കും. നിബന്ധനകള്‍ക്ക്‌ വിധേയമായി ചീഫ്‌ സെക്രട്ടറി ശുപാര്‍ശ ചെയ്‌ ത അപേക്ഷകള്‍ കേന്ദ്രത്തിന്‌ അയയ്‌ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതിയ സെസ്‌ നയത്തിലെ വ്യവസ്ഥകള്‍

1. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ വന്‍തോതില്‍ ഭൂമി എറ്റെടുക്കേണ്ടി വരുന്ന സെസ്സുകള്‍ക്ക്‌ അനുമതി നല്‍കില്ല.

2. സെസ്സുകള്‍ക്കായി നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ല.

3. സര്‍ക്കാര്‍ ഏജന്‍സികള്‍ ഭൂമി ഏറ്റെടുത്ത്‌ വികസിപ്പിച്ച വ്യവസായ പാര്‍ക്കുകള്‍ക്കും സെസ്സിന്‌ അപേക്ഷിക്കാം, എന്നാല്‍ സ്വകാര്യ സംരംഭകര്‍ക്ക്‌ സെസ്സുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കില്ല.

4. സെസ്സിലെ സംരംഭകരെ വൈദ്യുതി ചാര്‍ജ്ജ്‌ നല്‍കുന്നതില്‍നിന്ന്‌ ഒഴിവാക്കില്ല.

5. സെസ്‌ പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായ ആവശ്യങ്ങള്‍ക്കും ബാക്കിയുള്ളത്‌ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉപയോഗിക്കണം. മറ്റു സൗകര്യങ്ങള്‍ ഒരുക്കാനായി ഉപയോഗിക്കുന്ന സ്ഥലത്ത്‌ നിര്‍മ്മിക്കുന്ന കെട്ടിട സമുഛയങ്ങള്‍ ജീവനക്കാരുടെ താമസത്തിന്‌ മാത്രമായി ഉപയോഗിക്കണം. ഇവ പുറത്തുളളവര്‍ക്ക്‌ വില്‍ക്കാന്‍ അനുമതി നല്‍കില്ല.

6. കെ.ജി.എസ്‌.ടി നിയമപ്രകാരം വാറ്റ്‌ ഉള്‍പ്പെടെയുള്ള നികുതികളില്‍നിന്ന്‌ സെസ്‌ സംരംഭകരെ പത്ത്‌ വര്‍ഷത്തേക്ക്‌ ഒഴിവാക്കും.

7.സംസ്ഥാനത്തെ സെസ്സുകളെ ഒരു തൊഴില്‍ നിയമത്തില്‍നിന്നും ഒഴിവാക്കില്ല.

8. സെസ്സുകള്‍ക്ക്‌ കോണ്‍ട്രാക്‌ ട്‌ ലേബര്‍ റെഗുലേഷന്‍ ആന്‍ഡ്‌ അബോളിഷന്‍ ആക്‌ ടിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

9. എല്ലാ സെസ്സുകള്‍ക്കും പഞ്ചായത്തിരാജ്‌ നിയമം ബാധകമായിരിക്കും. നിയമത്തിലെ 200 ാം വകുപ്പില്‍നിന്ന്‌ ആര്‍ക്കും ഒഴിവ്‌ നല്‍കില്ല.

10. സെസ്സുകള്‍ക്ക്‌ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്‌ ആക്‌ ട്‌ ബാധകമായിരിയ്‌ക്കും.

11. ഐ.ഡി ആക്‌ ടിന്റെ അധ്യായം അഞ്ച്‌ ബിയില്‍നിന്നും സെസ്സുകളെ ഒഴിവാക്കുന്ന കേന്ദ്ര വ്യവസ്ഥ അംഗീകരിക്കില്ല.

12. മിച്ചഭൂമി കേസുകളുള്ള സംരംഭകരുടെ സെസ്സ്‌ അപേക്ഷകള്‍ ശുപാര്‍ശ ചെയ്യില്ല.

13. പദ്ധതി നിര്‍മ്മാണം തുടങ്ങുന്നതിനു മുന്‍പ്‌ ഈ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കരാര്‍ സംസ്ഥാന സര്‍ക്കാരുമായി സംരംഭകര്‍ ഒപ്പുവയ്‌ക്കണം.
 

blogger templates | Make Money Online