മാതൃഭൂമി. ഒക്ടോ.22, 2008
കൊച്ചി:ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ തന്റെ പ്രവൃത്തികളിലൂടെ ഗുരുതരമായ വിശ്വാസ പ്രതിസന്ധി വരുത്തിയതായി ക്രിസ്‌ത്യന്‍ സര്‍വീസ് സൊസൈറ്റി ആരോപിച്ചു. അദ്ദേഹം അടിയന്തരമായി സ്ഥാനമൊഴിയണമെന്നും സിഎസ്‌എസ് ആവശ്യപ്പെട്ടു.
വൈദികവൃത്തിയുടെ പരിസമാപ്‌തിയായ മെത്രാന്‍ പദവി ഭൗതികലോകത്തുനിന്നുള്ള വിടുതലായിരിക്കെ യുവതിയെ ദത്തെടുക്കുകവഴി അദ്ദേഹം ലൗകീക ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇത് വൈദിക സന്യസ്‌ത അല്‍മായ സമൂഹത്തിന് ഇടര്‍ച്ചക്ക് കാരണമായിരിക്കുകയാണ്.
അതുകൊണ്ട് ബിഷപ്പ് തട്ടുങ്കല്‍ കൊച്ചി മെത്രാന്‍ സ്ഥാനം അടിയന്തരമായി രാജിവെയ്‌ക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് പുറത്താക്കുകയോ ചെയ്യണമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പിനോടും വത്തിക്കാന്‍ സ്ഥാനപതിയോടും വിശ്വാസ തിരുസംഘത്തോടും സിഎസ്‌എസ് യോഗം ആവശ്യപ്പെട്ടു. മറിച്ചാണ് തീരുമാനമെങ്കില്‍ പ്രതിഷേധ പരിപാടികളുമായി സിഎസ്‌എസ് രംഗത്തുവരുമെന്നും യോഗം ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ പി.എ.ജോസഫ് സ്റ്റാന്‍ലി അധ്യക്ഷനായി. യോഗത്തില്‍ സംസ്ഥാന വൈസ് ചെയര്‍മാന്മാരായ ഒ.പി.ജോയി, ഗ്ലാഡിന്‍ ജെ. പനക്കല്‍, ടി.എം.ലൂയീസ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ആന്റണി എം. അമ്പാട്ട്, വി.ജെ. മാനുവല്‍ മാസ്റ്റര്‍, സെക്രട്ടറി സി.എ.ക്ലീറ്റസ്, ട്രഷറര്‍ എം.എക്‌സ്. ജോസഫ്, ഹൈക്കമാന്‍ഡ് അംഗങ്ങളായ ആന്റണി കോന്നുള്ളി, ജോജോ മനക്കില്‍,എ.ഇ. ആന്റണി, കെ.പി.സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.