Tuesday, September 30, 2008

മൂന്നാറിന്റെ സംരക്ഷണത്തിനുള്ള നിയമം യാഥാര്‍ഥ്യമായില്ല

മാതൃഭൂമി, ഒക്ടോ. 1, 2008

കൊച്ചി: മൂന്നാറില്‍ ഭൂമി കൈയേറ്റം തടയുന്നതിനും മറ്റുമായി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന നിയമ നിര്‍മ്മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍.

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ഘട്ടത്തിലാണ്‌ ഇങ്ങനെയൊരു നിയമനിര്‍മ്മാണത്തിന്‌ സര്‍ക്കാര്‍ ഉദ്ദേശിച്ചത്‌. റവന്യു, നിയമ വകുപ്പുകള്‍ കൂടിയാലോചിച്ച്‌ ഒരു ബില്‍ തയ്യാറാക്കി. ചില ചര്‍ച്ചയും നടന്നു. ബില്‍ യാഥാര്‍ഥ്യമാക്കി നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഇതുവരെ സര്‍ക്കാരിന്‌ കഴിഞ്ഞില്ല.

ജില്ലാ കളക്ടര്‍ ചെയര്‍മാനായി മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനും കൈയേറ്റം തടയുന്നതിനുമാണ്‌ ഒരു അതോറിട്ടി രൂപവത്‌കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചത്‌. കൈയേറ്റക്കാര്‍ക്ക്‌ ജയില്‍ശിക്ഷയും പിഴയും നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു. ഭൂമി സംരക്ഷിക്കുന്നതിന്‌ കര്‍ശന നിലപാടുകളും സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ, ബില്ലിനെ കുറിച്ച്‌ തുടര്‍ന്ന്‌ ചര്‍ച്ചകള്‍ ഒന്നും നടന്നില്ല. ഇതില്‍ താല്‍പ്പര്യം എടുക്കേണ്ട റവന്യു വകുപ്പും തണുപ്പന്‍ സമീപനം സ്വീകരിച്ചു.

ചൊവ്വാഴ്‌ച മൂന്നാറിലേക്ക്‌ തിരിക്കുന്നതിന്‌ മുമ്പ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ്‌ പ്ലീഡര്‍ ഡി. അനില്‍കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. മൂന്നാര്‍ കേസുകള്‍ ഹൈക്കോടതിയില്‍ നടന്നപ്പോള്‍ സര്‍ക്കാരിനു വേണ്ടി അദ്ദേഹമാണ്‌ ഹാജരായിരുന്നത്‌. ഹൈക്കോടതിയില്‍ നിലവിലുള്ള മൂന്നാര്‍ കേസുകളെക്കുറിച്ച്‌ മുഖ്യമന്ത്രിയുമായി അദ്ദേഹം സംസാരിച്ചു.

കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഇടിച്ചുപൊളിച്ചതിനെ ചോദ്യംചെയ്‌തും നഷ്ടപരിഹാരം തേടിക്കൊണ്ടും വിവിധ റിസോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള സിവില്‍ കേസുകള്‍ തൊടുപുഴ സബ്‌ കോടതിയിലാണ്‌ നിലവിലുള്ളത്‌.

വ്യാജപട്ടയങ്ങളെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ നടത്തുന്ന അന്വേഷണവും പൂര്‍ത്തിയായിട്ടില്ല. വ്യാജപട്ടയങ്ങളെ മുന്‍നിര്‍ത്തിയുള്ള വിജിലന്‍സ്‌ കേസുകള്‍ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയിലാണ്‌. അതിന്റെ വിചാരണയും ആരംഭിച്ചിട്ടില്ല.
 

blogger templates | Make Money Online