മാതൃഭൂമി, ഒക്ടോ.3, 2008
പാലക്കാട്: സംസ്ഥാനത്ത് പ്രത്യേക സാമ്പത്തികമേഖല (സെസ്) നടപ്പാക്കിയാല്‍ കലാപമുണ്ടാവുമെന്നും ആയിരക്കണക്കിന് തൊഴിലാളികളെ ബലികൊടുക്കേണ്ടിവന്നാലും സെസ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
എ.ഐ.ടി.യു.സി. സംസ്ഥാനസമ്മേളനത്തിന് തുടക്കം കുറിച്ച് കോട്ടമൈതാനത്ത് പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്നരനൂറ്റാണ്ടായി തൊഴിലാളികള്‍ പൊരുതിനേടിയ സര്‍വ അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ സെസ്സിനുപിന്നിലുണ്ടെന്ന് വെളിയം കുറ്റപ്പെടുത്തി.
എ.ഐ.ടി.യു.സി.യും സി.ഐ.ടി.യു.വുമായി തമ്മില്‍ തല്ലിയ കാലമൊക്കെ പോയെന്നും വേര്‍പിരിഞ്ഞു നില്‍ക്കേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു സംഘടനകള്‍ക്കുംകൂടി ഇനി ഒരു പേര് പോരേ? തൊഴിലാളിസംഘടന രണ്ടായതിനുശേഷം നേതൃത്വത്തിലേക്കുവന്നവരാണ് അപ്പുറത്ത് കൂടുതല്‍. അവര്‍ക്ക് അക്കാലത്തെക്കുറിച്ചൊന്നും അറിയില്ലെന്നും വെളിയം പറഞ്ഞു.
നിബന്ധനകളൊന്നുമില്ലാതെ വിദേശനിക്ഷേപത്തിന് അനുമതിനല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തികനില വഷളാക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി ഗുരുദാസ്‌ദാസ് ഗുപ്‌ത എം.പി. പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ നടപ്പാക്കിയെടുക്കുക എന്ന ഒരൊറ്റ അജന്‍ഡമാത്രമാണ്. അതിനിടയില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് അവര്‍ കാണുന്നില്ല. ആണവക്കരാറുള്‍പ്പെടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കും.
സ്വാഗതസംഘം ചെയര്‍മാനും സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.ഇ. ഇസ്‌മായില്‍ എം.പി. അധ്യക്ഷനായി.
മന്ത്രിമാരായ കെ.പി. രാജേന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, ബിനോയ് വിശ്വം, നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ബേബി, എ.ഐ.ടി.യു.സി. നേതാക്കളായ സി.എ. കുര്യന്‍, കാനം രാജേന്ദ്രന്‍, ടി.ജെ. ആഞ്‌ജലോസ്, പി. രാജ, ജെ. ഉദയഭാനു, പി. വിജയമ്മ, എം. സുജനപ്രിയന്‍, വാഴൂര്‍ സോമന്‍, എം. രാധാകൃഷ്‌ണന്‍, സോണി ബി.തെങ്ങമം, വി. ചാമുണ്ണി, എം. കുട്ടിക്കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ വിജയന്‍ കുനിശ്ശേരി സ്വാഗതവും കെ.സി. ജയപാലന്‍ നന്ദിയും പറഞ്ഞു.