Friday, October 10, 2008
മൂന്നാര്‍: 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യും
മാധ്യമം ഒക്ടോ 10, 2008
മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിച്ച 16,000 ഏക്കര്‍ ഭൂമിയില്‍ 1662 ഏക്കര്‍ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വ്യവസ്ഥകളോടെ വിതരണം ചെയ്യുമെന്നും മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.
മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറ്റൊരു ആധിപത്യം മൂന്നാറില്‍ വേണ്ട. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന് മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ല. സര്‍ക്കാര്‍ ഭൂമിക്ക് ടാറ്റ മൂന്നാറില്‍ തറ വാടക പിരിക്കുകയാണ്. ടാറ്റ തെറ്റ് തിരുത്തിയില്ലെങ്കില്‍ അവരെ നിലക്ക് നിര്‍ത്താന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിലും വാഗമണിലും വന്‍കിട കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതുവരെയുള്ള കണക്കനുസരിച്ച് 16000 ഏക്കര്‍ ഭൂമിയാണ് മൂന്ന് ദൌത്യസംഘങ്ങള്‍ തിരിച്ചുപിടിച്ചത്. ഇങ്ങനെ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 1662 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും മൂന്നുമാസത്തിനകം വിതരണം ചെയ്യും. 304 ഏക്കര്‍ ടൂറിസം വകുപ്പിന് കൈമാറും. വര്‍ഷങ്ങളായി വൈദ്യുതി വകുപ്പിന്റെ മൂലമറ്റം എ.കെ.ജി കോളനിയിലും മൂന്നാര്‍ ടൌണ്‍ കോളനിയിലും താമസിക്കുന്ന 160 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി കൊടുക്കുകയോ പട്ടയം നല്‍കുകയോ ചെയ്യും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ വനം^റവന്യൂ വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഈ വകുപ്പുകള്‍ സംയുക്ത സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് തീര്‍പ്പാകുന്ന മുറക്കായിരിക്കും കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി നല്‍കുകയോ പട്ടയം നല്‍കുകയോ ചെയ്യുക.
ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ഭൂമി വില്‍ക്കാനോ വാങ്ങാനോ മറ്റ് കൈമാറ്റങ്ങള്‍ക്കോ അനുമതിയില്ലാത്ത വ്യവസ്ഥകളോടെയായിരിക്കും നല്‍കുക. പുതുതായി ഭൂമി ലഭിക്കുന്നവരില്‍നിന്ന് റിസോര്‍ട്ട് മാഫിയ ഭൂമി തട്ടിയെടുക്കാതിരിക്കുന്നതിനാണ് കര്‍ശന വ്യവസ്ഥ. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക നിയമം കൊണ്ടുവരികയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യും. ഉടമസ്ഥാവകാശം പണയപ്പെടുത്താന്‍ അനുവദിക്കാത്ത വ്യവസ്ഥയോടെ പട്ടയം നല്‍കുന്നതിനാണ് ഭൂവിതരണത്തിനായി മൂന്നുമാസത്തെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഭൂമി എത്രയുംപെട്ടെന്ന് വിതരണം ചെയ്യാന്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദനെയും ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് എത്രയും പെട്ടെന്ന് പ്ലോട്ടുകളായി തിരിച്ചുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ കൈയേറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയും പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഭൂമിയും ഇതുപോലെ തന്നെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.
ആദിവാസികള്‍ക്കും ദലിതര്‍ക്കും മറ്റ് ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാകുന്ന സമഗ്രമായ മൂന്നാര്‍ ഭൂവിതരണ വികസന പദ്ധതിക്കാണ് മന്ത്രിസഭാ ഉപസമിതി രൂപം കൊടുത്തിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് കൂടി മൂന്നാറിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പദ്ധതി ആവിഷ്കരിക്കും. പട്ടയം കിട്ടാത്ത കര്‍ഷകര്‍ക്ക് പട്ടയവും കൃഷിചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് കൃഷി ഭൂമിയും നല്‍കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളോ പരിസ്ഥിതിക്ക് ഇണങ്ങാത്ത പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ല. വന്‍കിട കൈയേറ്റക്കാര്‍ സ്വന്തമാക്കിയ ഭൂമി തിരിച്ച് പിടിക്കുകയല്ലാതെ അഞ്ച്, പത്ത് സെന്റുകാരേയോ പാവങ്ങളേയോ അവരുടെ ഭൂമിയില്‍നിന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ഇറക്കി വിടുക ഞങ്ങളുടെ നയമല്ല, സാമൂഹിക നയവുമല്ല^മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വില്ലേജ് തലത്തില്‍ റവന്യൂ^വനം വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു റവന്യൂ അദാലത്തുകള്‍ ഉടന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഈ അദാലത്തുകളിലെല്ലാം റവന്യൂ മന്ത്രിയും പങ്കെടുക്കും. ഭൂമി വിതരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പടെ 150 റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരെ മൂന്നാറിലേക്ക് പ്രത്യേകമായി നിയോഗിക്കും. ഭൂമി പതിവ് കമ്മിറ്റികള്‍ ഈമാസം തന്നെ ചേരാന്‍ തീരുമാനിച്ചതായും റവന്യൂ മന്ത്രി അറിയിച്ചു.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും നടന്ന ഭൂമി കൈയേറ്റം, രേഖകളുടെ തിരിമറി എന്നിവ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിന് ഡിവൈ.എസ്.പിമാര്‍ നേതൃത്വം നല്‍കുന്ന അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
റവന്യൂ^വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ഭൂമി കൈയേറ്റം, രേഖകളിലെ തിരിമറി എന്നിവയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഒമ്പത് കേസുകളും ക്രൈംബ്രാഞ്ച് 19 കേസുകളും അന്വേഷിക്കുന്നുണ്ട്. കൈയേറ്റവും വ്യാജരേഖ ചമക്കലും വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പോലിസിനെ നിയോഗിക്കുന്നത്. ഓരോ മാസവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. ദൌത്യസംഘം മേധാവി, കോട്ടയം വിജിലന്‍സ് എസ്.പി, ജില്ലാ കലക്ടര്‍ എന്നിവരായിരിക്കും ഇത് പരിശോധിക്കുക. ഭൂമി കൈയേറ്റം സംബന്ധിച്ച കേസുകളുടെ നടത്തിപ്പിനായി മൂന്നാറില്‍ അതിവേഗ കോടതി സ്ഥാപിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. ഭൂമി കൈയേറ്റം സംബന്ധിച്ചും വ്യാജരേഖ ചമക്കല്‍ സംബന്ധിച്ചുമെല്ലാം നിലനില്‍ക്കുന്ന കേസുകളും പുതുതായി കണ്ടെത്തുന്ന കേസുകളും അതിവേഗ കോടതി വഴി തീര്‍പ്പാക്കി കൈയേറ്റം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.