Saturday, October 4, 2008

ഹര്‍ത്താലുകള്‍ ആഘോഷിക്കാന്‍ മലയാളി തലേന്നേ വാങ്ങുന്നത്‌ ഇരട്ടി മദ്യം

മംഗളം
ഹര്‍ത്താലുകള്‍ എല്ലാ മേഖലയ്‌ക്കും നഷ്‌ടമുണ്ടാക്കുന്നു എന്ന കുറ്റപ്പെടുത്തലില്‍നിന്നു ബിവറേജസ്‌ കോര്‍പറേഷനെ ഒഴിവാക്കാം. ഹര്‍ത്താല്‍, പണിമുടക്ക്‌ തുടങ്ങിയ 'ആഘോഷദിവസ'ങ്ങള്‍ക്കു തലേന്ന്‌ കോര്‍പറേഷന്റെ ലാഭം ഇരട്ടിയിലേറെയാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ ഇരട്ടിയോളം തുകയ്‌ക്കുള്ള മദ്യമാണു ബിവറേജസ്‌ കോര്‍പറേഷന്‍ ഹര്‍ത്താല്‍ തലേന്നു വിറ്റഴിക്കുന്നത്‌.

ഹര്‍ത്താലിനു കിട്ടാത്ത 'അവശ്യവസ്‌തു' തലേന്നുതന്നെ കരുതിവയ്‌ക്കുകയാണിപ്പോള്‍ മലയാളിക്കുടിയന്‍മാരുടെ പതിവ്‌. 12 മണിക്കൂര്‍ ഹര്‍ത്താലിന്‌ ആറുമണി കഴിഞ്ഞാല്‍ ബിവറേജസ്‌ ഷോപ്പുകള്‍ തുറക്കുമെങ്കിലും അത്രയ്‌ക്കു ക്ഷമ അവര്‍ക്കില്ല.

ബിവറേജസ്‌ കോര്‍പറേഷനു സംസ്‌ഥാനത്ത്‌ 16 വെയര്‍ഹൗസുകളുടെ കീഴിലായി 330 വിദേശമദ്യ റീട്ടെയ്‌ല്‍ വില്‍പനശാലകളാണുള്ളത്‌.

ഒരു ഔട്ട്‌ലെറ്റില്‍ സാധാരണ ദിവസത്തെ വില്‍പന ശരാശരി 2.21 ലക്ഷം രൂപയുടേതാണ്‌. എല്ലാ വില്‍പനശാലകളിലും കൂടി ദിവസം ശരാശരി 729.30 ലക്ഷം രൂപയുടെ വില്‍പന.

ഇക്കൊല്ലം ഫെബ്രുവരി 19, മേയ്‌ രണ്ട്‌, ജൂണ്‍ അഞ്ച്‌, ജൂലൈ മൂന്ന്‌, ഓഗസ്‌റ്റ് 20 ദിവസങ്ങളിലാണു ഹര്‍ത്താല്‍, പണിമുടക്കുകള്‍ നടന്നത്‌. ഫെബ്രുവരി 18 ന്‌ ബിവറേജസ്‌ കോര്‍പറേഷന്‍ 988.08 ലക്ഷത്തിന്റെയും ഏപ്രില്‍ 30 ന്‌ 1378.90 ലക്ഷത്തിന്റെയും ജൂണ്‍ നാലിന്‌ 1075.14 ലക്ഷത്തിന്റെയും ജൂലൈ രണ്ടിന്‌ 1207.12 ലക്ഷത്തിന്റെയും ഓഗസ്‌റ്റ് 19-ന്‌ 1122.18 ലക്ഷത്തിന്റെയും മദ്യം വിറ്റു.

എല്ലാ കടകമ്പോളങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിക്കുമ്പോഴും മദ്യവില്‍പനശാലകള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കാറുണ്ടെന്ന്‌ കൊച്ചിയിലെ 'ദ പ്രോപ്പര്‍ ചാനലി'നു ബിവറേജസ്‌ കോര്‍പറേഷന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്‌തമാക്കുന്നു. ഹര്‍ത്താല്‍ ദിവസങ്ങളില്‍ യഥാക്രമം 476.88 ലക്ഷം, 468.29 ലക്ഷം, 456.88 ലക്ഷം, 408.74 ലക്ഷം, 05.26 ലക്ഷം രൂപയുടെ വില്‍പനയാണു നടന്നത്‌.

അഞ്ചു ഹര്‍ത്താല്‍ ദിവസങ്ങളുടെ തലേന്നുമാത്രം കേരളം കുടിച്ചുതീര്‍ത്തത്‌ 5771.42 ലക്ഷം രൂപയുടെ മദ്യമാണ്‌. സാധാരണ അഞ്ചുദിവസങ്ങളില്‍ മൊത്തം ഏകദേശം 3646.50 ലക്ഷത്തിന്റെ വില്‍പന നടക്കുന്ന സ്‌ഥാനത്താണ്‌ ഇത്‌. ഹര്‍ത്താല്‍തലേന്ന്‌ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്‌ എറണാകുളം ജില്ലയിലാണ്‌. 857.27 ലക്ഷം രൂപയുടേത്‌. കുറവ്‌ മലപ്പുറത്തും-213.85 ലക്ഷം.
 

blogger templates | Make Money Online