Thursday, October 23, 2008

കൊച്ചി ബിഷപ്പിനെ മാര്‍പ്പാപ്പ നീക്കംചെയ്‌തു

മാതൃഭൂമി, ഒക്ടോ 24, 2008

കൊച്ചി: പെണ്‍കുട്ടിയെ അനധികൃതമായി ദത്തെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന്‌ കൊച്ചി രൂപതാ ബിഷപ്പ്‌ ഡോ. ജോണ്‍ തട്ടുങ്കലിനെ രൂപതാ അധികാരി സ്ഥാനത്തുനിന്ന്‌ നീക്കംചെയ്‌തു. രൂപതാ ഭരണാധികാരി സ്ഥാനത്തുനിന്ന്‌ ബിഷപ്പിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയാണ്‌. ഭാരതചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ബിഷപ്പിനെതിരെ മാര്‍പ്പാപ്പ ഇത്തരത്തില്‍ നടപടിയെടുക്കുന്നത്‌.

നിലവിലുള്ള ബിഷപ്പിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതിനാല്‍, കൊച്ചി രൂപതയുടെ ഭരണച്ചുമതല അപ്പസ്‌തോലിക അഡ്‌മിനിസ്‌ട്രേറ്റര്‍ കൂടിയായ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്‌ കൈമാറിയിട്ടുണ്ട്‌. വ്യാഴാഴ്‌ചതന്നെ ഡോ. അച്ചാരുപറമ്പിലിന്‌ കൊച്ചി രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി.

ഡോ. ജോണ്‍ തട്ടുങ്കല്‍ പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ദത്തെടുത്തതും, തുടര്‍ന്ന്‌ യുവതിയുടെ രക്തംകൊണ്ട്‌ അഭിഷേകം നടത്തിയതുമായ സംഭവങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഇനി അഡ്‌മിനിസ്‌ട്രേറ്ററാണ്‌ അന്വേഷണസമിതിയെ നിയോഗിക്കുക. മൂന്നംഗ മെത്രാന്‍ സമിതിയെയാവും അന്വേഷണത്തിനായി ആര്‍ച്ച്‌ബിഷപ്പ്‌ നിയോഗിക്കുക. ഈ മെത്രാന്മാര്‍ ആരൊക്കെയാണെന്ന്‌ പിന്നീട്‌ തീരുമാനിക്കും.

മൂന്നംഗ മെത്രാന്‍ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട്‌ കേരളത്തിലെ ലത്തീന്‍ രൂപതാ ആര്‍ച്ച്‌ബിഷപ്പ്‌ കൂടിയായ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്‌ സമര്‍പ്പിക്കും. ആര്‍ച്ച്‌ബിഷപ്പിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ടോടെയാണ്‌, അന്തിമവിധി മാര്‍പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയെന്ന്‌ അതിരുപതാ വക്താവ്‌ അറിയിച്ചു.

വിവാദത്തില്‍ ഉള്‍പ്പെട്ട കൊച്ചി ബിഷപ്പിനെ മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കും അന്വേഷണം. ബിഷപ്പ്‌ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍, സംഭവത്തില്‍ അന്തിമവിധി പ്രഖ്യാപനം നടത്തേണ്ടത്‌ മാര്‍പാപ്പയാണ്‌.
 

blogger templates | Make Money Online