മാതൃഭൂമി, സെപ്തം. 26, 2008
തിരുവനന്തപുരം: സെസ് സംബന്ധിച്ച വിവാദം നേതൃത്വത്തിനെതിരെയുള്ള കുറ്റവിചാരണയായി മാറിയത് സി.പി.ഐ യില്‍ ആഴത്തിലുള്ള മുറിവിനു കാരണമായി. എല്‍.ഡി.എഫ്. യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കെതിരെയായിരുന്നു നിശിത വിമര്‍ശം. പാര്‍ട്ടിയുടെ അഭിപ്രായം ഇടതുമുന്നണി യോഗത്തില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് തുടങ്ങിയ കുറ്റപ്പെടുത്തല്‍ അവരെ സംശയിക്കുന്ന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഒരുവേള സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പൊട്ടിത്തെറിച്ചു -''ആര്‍ക്കും ആരെയും വിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ പരസ്‌പരം തമ്മിലടിച്ചോ. ഞങ്ങള്‍ ഒഴിഞ്ഞേക്കാം''. വെളിയത്തിന്റെ ഈ രാജിഭീഷണിയാണ് ഒരു പരിധിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.ഇ.ഇസ്‌മയിലിനെയും സി.എന്‍.ചന്ദ്രനെയും തുണച്ചത്. കൗണ്‍സിലിലും ഇതിന്റെ അനുരണനങ്ങളുണ്ടായി.
സെസ് അനുവദിക്കുന്നതിനു മുമ്പ് നിയമം വേണമെന്നായിരുന്നു സി.പി.ഐ. എക്‌സിക്യൂട്ടീവിന്റെ തീരുമാനം. കാനം രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.രാമചന്ദ്രന്‍ നായര്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ.പ്രകാശ് ബാബു എന്നിവരടങ്ങുന്ന ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി ഈ നിലപാടെടുത്തത്. എന്നാല്‍ ഇടതുമുന്നണി യോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഈ നിലപാട് ശക്തമായി ഉന്നയിച്ചില്ലെന്നായിരുന്നു എക്‌സിക്യൂട്ടിവിലും കൗണ്‍സിലിലും ഉയര്‍ന്ന വിമര്‍ശം.
പാര്‍ട്ടിയെക്കുറിച്ച് ഏറെ സംശയത്തിന് ഇടവരുത്തുന്ന നിലപാടാണ് സെസ് കാര്യത്തില്‍ സ്വീകരിച്ചതെന്ന് പ്രകാശ്‌ബാബു എക്‌സിക്യൂട്ടീവില്‍ തുറന്നടിച്ചു. സപ്‌തംബര്‍ 30നകം അപേക്ഷകളെല്ലാം നല്‍കണമെന്ന നിബന്ധന കേന്ദ്രനിയമത്തിലൊന്നുമില്ലെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. 'പുലിവരുന്നേ പുലി'യെന്നു പറഞ്ഞ് ചിലര്‍ പേടിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ നയവ്യതിയാനത്തെക്കാളുപരി പാര്‍ട്ടി നിലപാട് മറന്ന് മറ്റൊരു നിലപാട് കൈക്കൊണ്ടത് സംശയത്തിനിട നല്‍കിയെന്ന് അദ്ദേഹവും പറഞ്ഞു. തുടര്‍ന്നു പ്രസംഗിച്ച ഓരോരുത്തരും അസിസ്റ്റന്റ് സെക്രട്ടറിമാരെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.
ഇടയ്‌ക്കുചേര്‍ന്ന എക്‌സിക്യൂട്ടിവിനുശേഷം കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ വിമര്‍ശം കൂടിവന്നതേയുള്ളൂ. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ മാത്രമല്ല, ഘടകങ്ങളുടെ ചുമതലയുള്ളവരുടെ നിലപാടുകള്‍ക്കെതിരെയും ശബ്ദമുയര്‍ന്നത് വെളിയമടക്കമുള്ളവരെ ഉദ്ദേശിച്ചായിരുന്നു. ഈ ഘട്ടത്തില്‍ വെളിയം ഭാര്‍ഗവന്‍ പറഞ്ഞു -''അസിസ്റ്റന്റ് സെക്രട്ടറിമാര്‍ മാത്രം ഒഴിയേണ്ട. സെക്രട്ടറിയും ഒഴിഞ്ഞേക്കാം''.
മൂന്നാര്‍ സംഭവത്തില്‍ പാര്‍ട്ടിക്കു നാണക്കേട് വരുത്തിയവര്‍ തന്നെയാണ് സെസ് കാര്യത്തിലും പ്രശ്‌നമുണ്ടാക്കിയതെന്ന് എ.ഐ.വൈ.എഫ്. മുന്‍ സെക്രട്ടറി വേലപ്പന്‍ പറഞ്ഞു. സി.പി.എമ്മുമായി താഴെത്തട്ടില്‍ തങ്ങള്‍ പോരാടി നിലനില്‍ക്കുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ക്ക് നേതൃത്വം വഴങ്ങുന്നത് ശരിയല്ലെന്നായിരുന്നു പത്തനംതിട്ട ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്റെ വിമര്‍ശം. ജനഹിതം മനസ്സിലാക്കണമെന്ന് എപ്പോഴും ഉപദേശിക്കുന്ന നേതൃത്വം ജനഹിതം ഉള്‍ക്കൊള്ളാതെ തീരുമാനമെടുക്കുന്നുവെന്ന് തൃശ്ശൂരില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.
നിയമം വേണമെന്ന ശക്തമായ അഭിപ്രായം മന്ത്രിസഭായോഗത്തില്‍ എടുക്കാന്‍ മന്ത്രിമാരോട് നിര്‍ദ്ദേശിച്ച് വെളിയം യോഗം അവസാനിപ്പിക്കുമ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിമാരെ കൈവിട്ടില്ല. അവര്‍ പാര്‍ട്ടി നിലപാട് മുന്നണി യോഗത്തില്‍ വ്യക്തമാക്കിയതാണെന്നും ഇക്കാര്യത്തില്‍ വീഴ്‌ച ഉണ്ടായതായി കരുതുന്നില്ലെന്നും വെളിയം വ്യക്തമാക്കി.