മാതൃഭൂമി. ഒക്ടോ.18, 2008
കൊച്ചി: കൊച്ചി ബിഷപ് യുവതിയെ ദത്തെടുത്തതുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ദുരൂഹതകളേറുന്നു. ആത്മീയജീവിതം നയിക്കുന്ന പത്തനംതിട്ടയിലെ 27കാരിയെ ദത്തെടുത്തതായാണ് രേഖയിലുള്ളത്. പക്ഷേ സ്‌കൂള്‍രേഖകള്‍പ്രകാരം യുവതിക്ക് 39 വയസ്സുണ്ട്. യുവതിയെ മൂന്നരവയസ്സുമുതല്‍ വളര്‍ത്തുന്നതായാണ് പിതാവായ വൈദികന്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായശേഷമാണ് യുവതിയെ വൈദികന്‍ ഒപ്പം താമസിപ്പിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
യുവതിയെ വൈദികന്‍ ഒപ്പം താമസിപ്പിച്ചത് ഓര്‍ത്തഡോക്‌സ് സഭയില്‍ ചര്‍ച്ചയാവുകയും അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് വൈദികന് സഭ വിലക്കും ഏര്‍പ്പെടുത്തി.
ഇതോടെ ദത്തെടുക്കല്‍രേഖയിലെ ഒട്ടേറെ വിവരങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ വളര്‍ത്തുപിതാവാണെന്ന കാര്യം ദത്തുപത്രത്തില്‍ വൈദികന്‍ മറച്ചുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ ജന്മദിനമായി കാണിച്ചിരിക്കുന്നത് 1981 ഡിസംബര്‍ 25 ആണ്. ഇതും ശരിയല്ലെന്നാണ് തെളിയുന്നത്. നിലവിലില്ലാത്ത ക്രിസ്‌ത്യന്‍ദത്തെടുക്കല്‍ നിയമപ്രകാരമാണ് ദത്തെടുപ്പ് നടത്തിയിരിക്കുന്നതും.