മനോരമ ഒക്ടോ 10, 2008
മൂന്നാര്‍: മൂന്നാര്‍ ദൌത്യസംഘത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നീക്കങ്ങള്‍ക്കു മൂക്കുകയറിട്ട മന്ത്രിസഭാ ഉപസമിതി യോഗം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനവും ഘടനയും ഉടച്ചുവാര്‍ത്തു. ഇന്നലെ മൂന്നാറില്‍ നടന്ന നിര്‍ണായക മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ സംഘത്തിന്റെ ദൌത്യം പുനര്‍നിര്‍വചിക്കപ്പെട്ടു. ഭൂമിവിതരണ നടപടികള്‍ക്ക് ഉദ്യോഗസ്ഥവൃന്ദത്തെ നിയോഗിക്കാനും തീരുമാനിച്ചു.
മുന്‍ ദൌത്യസംഘങ്ങള്‍ പിടിച്ചെടുത്ത 16,000 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്ന നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോഴത്തെ ദൌത്യസംഘത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. റവന്യു, സര്‍വേ, വനം വകുപ്പുകളില്‍നിന്നു ഭൂമി അളന്നുതിരിച്ചു വിതരണം ചെയ്യുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി 150 പേരെ വിട്ടുകൊടുക്കും. ഇതോടെ, തന്നോടു കൂറുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന നിഴല്‍സംഘത്തിന്റെ സഹായത്തോടെ മൂന്നാര്‍ ദൌത്യസംഘത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന നീക്കങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരാജയപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വണ്‍മാന്‍ഷോ സംബന്ധിച്ചു മന്ത്രിസഭയിലും മൂന്നാര്‍ ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലും ഉടലെടുത്ത എതിര്‍പ്പാണു കയ്യേറ്റം ഒഴിപ്പിക്കലില്‍നിന്നു ഭൂമിവിതരണത്തിലേക്കുള്ള ഘടനാമാറ്റത്തിനു വഴിതെളിച്ചത്. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ എ.കെ. ബാലന്‍, കെ.പി. രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
മന്ത്രിസഭയെയും ദൌത്യസംഘത്തെയും മറികടന്നുള്ള പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഉപസമിതി അംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യക്തമാക്കി. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്നും കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും മന്ത്രി എ.കെ. ബാലനെ പ്രാദേശിക നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണു പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കും വോട്ടുബാങ്കിനും ചോര്‍ച്ച സംഭവിക്കാത്ത ഒത്തുതീര്‍പ്പിനു വഴിയൊരുങ്ങിയത്.
ഭൂമിവിതരണത്തിനു പുറമേ മൂന്നാറിന്റെയും സമീപ പഞ്ചായത്തുകളുടെയും വികസനത്തിനു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിനും ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയതിനും ഉപസമിതി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു.മൂന്നാറിലെയും പരിസരത്തെയും കയ്യേറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതിന് ഓരോ വില്ലേജിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവല്‍ക്കരിച്ചു.
എല്ലാ മാസവും സ്ക്വാഡിന്റെ പ്രവര്‍ത്തനം ദൌത്യത്തിന്റെ അധികച്ചുമതല വഹിക്കുന്ന ഐജി വിന്‍സന്‍ എം. പോള്‍ വിലയിരുത്തും.മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനു പ്രത്യേക കോടതിയോ അതിവേഗ കോടതിയോ സ്ഥാപിക്കുന്നതിനു ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാനും ഉപസമിതി തീരുമാനിച്ചു.മൂന്നാര്‍ ടൌണിലെ ഇക്കാ നഗറിലും മൂലമറ്റത്തെ എകെജി കോളനിയിലും പട്ടയവിതരണം ത്വരിതപ്പെടുത്തും. ഇതൊടൊപ്പം കെഎസ്ഇബി ഭൂമിയിലെ കൈവശക്കാര്‍ക്കും പട്ടയം വിതരണം ചെയ്യും.
മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കെട്ടിടങ്ങള്‍ക്കു ടാറ്റ തറവാടക പിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. സാധാരണക്കാരനു വന്നു താമസിച്ചു പോകാവുന്ന തരത്തില്‍ മൂന്നാറിനെ നവീകരിക്കുന്നതിനു വിനോദസഞ്ചാര വകുപ്പിനു 304 ഏക്കര്‍ സ്ഥലം നല്‍കാന്‍ തീരുമാനിച്ചു.ഉപസമിതി യോഗത്തിലും ഉദ്യോഗസ്ഥ ചര്‍ച്ചയിലും മുഖ്യമന്ത്രി സജീവമായിരുന്നില്ല. കുടിയിറക്കു ശ്രമങ്ങളെ എതിര്‍ത്തു സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആറായിരത്തോളം പേരാണു മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.