മാതൃഭൂമി. ഒക്ടോ.21, 2008
കൊച്ചി: ഭരണ പ്രതിസന്ധിയിലായ കൊച്ചി രൂപതയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം വൈകില്ലെന്നു സൂചന. ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് രൂപതയിലെ പ്രതിസന്ധിക്ക് കാരണം.
വൈദികരില്‍ ഭൂരിപക്ഷവും ബിഷപ്പ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ബിഷപ്പിനെതിരെ നടപടി വേണമെന്നുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന്റെ പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ച് തീരുമാനം വൈകരുതെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി വത്തിക്കാന്‍ സ്ഥാനപതി മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ നിലപാട് വിശദീകരിക്കാന്‍ ബിഷപ്പ് വിളിച്ചുകൂട്ടിയ വൈദിക യോഗം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. ബിഷപ്പിന്റെ വിശദീകരണങ്ങള്‍ സഭാ നിയമങ്ങള്‍ക്കും വിശ്വാസ സത്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന് മെത്രാന്‍ സമിതി വത്തിക്കാനോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
തിങ്കളാഴ്‌ച ബിഷപ്പ് നല്‍കിയ വിശദീകരണക്കുറിപ്പും അതിലെ പൊരുത്തക്കേടുകളും വത്തിക്കാന്‍ സ്ഥാനപതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനാല്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണ ബിഷപ്പ് കാലം ചെയ്യുമ്പോഴാണ് അഡ്‌മിനിസ്‌ട്രേറ്ററെ ചുമതല ഏല്‌പിക്കുന്നത്. നിലവിലുള്ള ആലോചനാ സമിതി മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് അഡ്‌മിനിസ്‌ട്രേറ്ററെ തിരഞ്ഞെടുക്കുന്നത്. കൊച്ചി രൂപതയില്‍ വൈദികര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വത്തിക്കാന്‍ നേരിട്ട് അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കാനാണ് കൂടുതല്‍ സാധ്യത.
ബിഷപ്പിന്റെ നടപടികളെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ പിന്നാലെയുണ്ടാകും. നീണ്ട നടപടി ക്രമങ്ങള്‍ക്കു ശേഷമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ബിഷപ്പിനെ ചുമതലയില്‍ നിന്നു നീക്കി അഡ്‌മിനിസ്‌ട്രേറ്ററെ ഭരണമേല്‌പിച്ചാല്‍ പ്രതിസന്ധിക്ക് താത്‌കാലിക പരിഹാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.