ദേശാഭിമാനി, ഒക്ടോ 24, 2008
കൊച്ചി: പെകുട്ടിയെ ദത്തെടുത്ത് വിവാദത്തില്‍പ്പെട്ട കൊച്ചി രൂപത ബിഷപ് ജോ തട്ടുങ്കലിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വത്തിക്കാനില്‍നിന്നുള്ള തീരുമാനപ്രകാരമാണ് സസ്പെന്‍ഷന്‍. തട്ടുങ്കലിനു പകരം വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന് കൊച്ചി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുടെ ചുമതല നല്‍കി.
വ്യാഴാഴ്ച ഉച്ചയോടെയാണ് വത്തിക്കാനില്‍നിന്ന് നിര്‍ണായക തീരുമാനം വന്നത്. ഇതേത്തുടര്‍ന്ന് ജോ തട്ടുങ്കല്‍ ബിഷപ് ഹൌസ് വിട്ടു. വിവാദ ദത്തെടുക്കലും മറ്റ് ആരോപണങ്ങളും മൂന്നംഗ മെത്രാന്‍സമിതി അന്വേഷിക്കണമെന്നാണ് വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശം. മെത്രാന്‍സമിതിയെ ആര്‍ച്ച്ബിഷപ് നിയമിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ആര്‍ച്ച്ബിഷപ് വത്തിക്കാനു കൈമാറും.
റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് പ്രത്യേക സമയപരിധി നിര്‍ദേശിച്ചിട്ടില്ല. അന്വേഷണത്തില്‍ കുറ്റാരോപണങ്ങള്‍ തെളിഞ്ഞാല്‍ തട്ടുങ്കലിനെതിരെ വത്തിക്കാന്റെ കര്‍ശന നടപടി ഉണ്ടാകും. സസ്പെന്‍ഷന്റെ ഭാഗമായി തട്ടുങ്കലിന്റെ മെത്രാന്‍പദവി നിലനില്‍ക്കുമെങ്കിലും സഭയുടെ ഭരണച്ചുമതലയും അജപാലനച്ചുമതലയും ഇല്ലാതാകും.
അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍പ്പോലും വത്തിക്കാന്റെ വിശ്വാസസംരക്ഷണ തിരു സംഘങ്ങള്‍ റിപ്പോര്‍ട്ട് കര്‍ശനമായി പരിശോധിക്കും. റിപ്പോര്‍ട്ട് എങ്ങനെയായാലും ബിഷപ് സ്ഥാനത്തേക്ക് തട്ടുങ്കലിന്റെ തിരിച്ചുവരവ് പ്രയാസം നിറഞ്ഞതാകും.
ബിഷപ്പിനെതിരെ നടപടിക്ക് സാധ്യത ഏറെക്കുറെ മങ്ങിയ സാഹചര്യത്തിലാണ് ഏവരെയും ഞെട്ടിച്ച് വത്തിക്കാനില്‍നിന്ന് ഉത്തരവ് എത്തിയത്. പലരും നടപടി പ്രതീക്ഷിച്ചെങ്കിലും അതിവേഗത്തില്‍ ഉണ്ടാകുമെന്ന് ആരും കരുതിയില്ല.
ജോ തട്ടുങ്കല്‍ രാജിവയ്ക്കണമെന്ന് രൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പുകളുടെയും മുനയൊടിക്കാനുള്ള പദ്ധതികള്‍ തട്ടുങ്കലും തയ്യാറാക്കിയിരുന്നു. ചില ചെയ്തികളില്‍മാത്രം തെറ്റു സമ്മതിച്ച് മാപ്പപേക്ഷിച്ചത് അതിന്റെ ഭാഗമായാണ്. വത്തിക്കാന്‍ തീരുമാനിച്ചാല്‍ രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചത് സഭയ്ക്കുള്ളില്‍നിന്നുയര്‍ന്ന എതിര്‍ശബ്ദത്തിന്റെ ശക്തി കുറച്ചു.
ഇതിനിടെ, രൂപതയില്‍ തന്നോടൊപ്പംനില്‍ക്കുന്ന വിശ്വാസികളെയും വിവിധ സംഘങ്ങളെയും സംഘടിപ്പിച്ച് തട്ടുങ്കല്‍ സ്വീകരണയോഗങ്ങളും നടത്തി. ഫെലിക്സ് ജെ പുല്ലൂടന്റെ നേതൃത്വത്തില്‍ കെഎല്‍സിഎയായണ് ബിഷപ്പിനെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഇവര്‍ വിശ്വാസികളുടെ പ്രകടവും നടത്തിയിരുന്നു.
വത്തിക്കാന്റെ നടപടി സഭയുടെ അന്തസ്സ് വാനോളമുയര്‍ത്തിയെന്ന് ഫെലിക്സ് ജെ പുല്ലൂടന്‍ പ്രസ്താവനയില്‍ പറഞ്ഞു. ദത്തെടുക്കല്‍വിവാദത്തിന്റെ ഭാഗമായി അഴിമതി ഉള്‍പ്പെടെ ആരോപണങ്ങള്‍ക്കിരയായ മുഴുവന്‍ വൈദികര്‍ക്കെതിരെയും വത്തിക്കാന്‍ അന്വേഷണം നടത്തണമെന്നും ഫെലിക്സ് പറഞ്ഞു.