Tuesday, September 8, 2009

പോള്‍ വധം: മുഖ്യപ്രതി അറസ്റ്റില്‍ - 26 aug

Date : August 26 2009 (mbi)

ആലപ്പുഴ: പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതിയെന്ന്‌ പോലീസ്‌ പറയുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം പ്ലാമ്പറമ്പില്‍ സതീശന്‍ എന്ന കാരി സതീശനെ (26) ചൊവ്വാഴ്‌ച അറസ്റ്റുചെയ്‌തു. കോട്ടയം ഡി.വൈ.എസ്‌.പി. പി.കെ. മധുവിന്റെ നേതൃത്വത്തില്‍ പായിപ്പാട്ടെ വീട്ടില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്ത പ്രതിയെ പുളിങ്കുന്ന്‌ സി.ഐ. വിശ്വനാഥന്‍ ഏറ്റുവാങ്ങി ആലപ്പുഴയില്‍ കൊണ്ടുവന്നു. കൊലപാതകത്തെ തുടര്‍ന്ന്‌ ചവറയില്‍ ഉപേക്ഷിക്കപ്പെട്ട എന്‍ഡവര്‍ കാര്‍ കൊണ്ടുപോകാന്‍ എത്തിയശേഷം മുങ്ങിയ മൂന്നുപേരെ തിരുവനന്തപുരത്തുനിന്ന്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഗുണ്ടാസംഘത്തലവന്‍ അജേഷ്‌ പുത്തന്‍പാലത്തിന്റെ കൂട്ടാളികളായ കണ്ണമ്മൂല സ്വദേശികളായ അനുരാജ്‌, ബിനുരാജ്‌, ബിനു എന്നിവരാണ്‌ കസ്റ്റഡിയിലായിട്ടുള്ളത്‌. ഗുണ്ടാസംഘം നേതാക്കളായ ഒാംപ്രകാശിനും രാജേഷ്‌ പുത്തന്‍പാലത്തിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ പത്തോളം പേരെ ചൊവ്വാഴ്‌ച ആലപ്പുഴ പോലീസ്‌ ക്ലബ്ബില്‍ പോലീസ്‌ ചോദ്യംചെയ്‌തു. പോളിന്റെ കാറിടിച്ച്‌ പരിക്കേറ്റ ആലപ്പുഴ സ്വദേശി ബിജുവിനെ (30) പോലീസ്‌ വീണ്ടും ചോദ്യംചെയ്‌തു.

സംഭവം നടന്ന്‌ നാലുദിവസം പിന്നിട്ടിട്ടും കേസന്വേഷണത്തിലെ ദുരൂഹത തുടരുകയാണ്‌. പോളിനെ കുത്തിയ ആളെന്ന്‌ സംശയിക്കുന്ന കാരി സതീശ്‌ ചൊവ്വാഴ്‌ച കാലത്തുതന്നെ പോലീസ്‌ കസ്റ്റഡിയിലായതായി അഭ്യൂഹമുണ്ടായിരുന്നു. അഭിഭാഷകന്‍ വഴി കീഴടങ്ങാനെത്തിയ സതീശനെ പോലീസ്‌ കസ്റ്റഡിയിലെടുത്തതായിട്ടായിരുന്നു വിവരം. അതെല്ലാം നിഷേധിച്ചുകൊണ്ടിരുന്ന പോലീസ്‌ വൈകീട്ട്‌ നാലുമണിയോടെ ചങ്ങനാശ്ശേരിക്ക്‌ സമീപം പായിപ്പാട്ട്‌ തുരുത്തിക്കടവിലെ വാടകവീട്ടിലെത്തി സതീശനെ കസ്റ്റഡിയിലെടുത്തു.

ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘവും പോളുമായി പൊങ്ങ ജ്യോതി ജംഗ്‌ഷനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ കത്തികൊണ്ട്‌ കുത്തിയത്‌ കാരി സതീശനാണെന്നാണ്‌ പോലീസിന്‌ ലഭിച്ച വിവരം. 'എസ്‌' ആകൃതിയിലുള്ള കത്തികൊണ്ട്‌ നാല്‌ കുത്താണ്‌ പോളിന്റെ പുറത്തുണ്ടായിരുന്നത്‌. ഒരാള്‍ മാത്രമേ ആയുധം പ്രയോഗിച്ചിട്ടുള്ളൂ എന്നും പോലീസ്‌ പറയുന്നു. കിണര്‍ പണിക്കാരനായ സതീശന്‌ കാര്യമായ ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല.

സതീശന്‌ പുറമെ ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ 11 പേരെ തിങ്കളാഴ്‌ച അറസ്റ്റ്‌ ചെയ്‌തിരുന്നു. തിങ്കളാഴ്‌ച രാത്രി രാമങ്കരി മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ ഇവരെ സപ്‌തംബര്‍ 5 വരെ റിമാന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. ബുധനാഴ്‌ച ഇവരെ വീണ്ടും പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങുമെന്നറിയുന്നു. കേസില്‍ 22 പ്രതികളുണ്ടെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. ഇനി 10 പേരെ കൂടി കിട്ടാനുണ്ട്‌.

മെക്കാനിക്കുകളെന്ന്‌ പറഞ്ഞ്‌ ചവറയില്‍ നിന്ന്‌, വഴിയോരത്ത്‌ കിടന്ന എന്‍ഡവര്‍ കാര്‍ എടുത്തുകൊണ്ടു പോകാനെത്തിയ മൂന്നുപേരെ നേരത്തെ പോലീസ്‌ വിട്ടയച്ചിരുന്നു. ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്‌. ചൊവ്വാഴ്‌ച കാലത്താണ്‌ ഇവര്‍ കസ്റ്റഡിയിലായത്‌.

ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച രണ്ട്‌ ടെമ്പോ ട്രാവലറുകള്‍ ആലപ്പുഴയില്‍ ഒരു വ്യക്തിയുടേതാണ്‌. പോലീസ്‌ കസ്റ്റഡിയിലുള്ള ഈ വണ്ടികള്‍ ഓടിച്ചവരേയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്‌. അന്വേഷണ വിവരങ്ങളെല്ലാം പോലീസ്‌ രഹസ്യമാക്കി വച്ചിരിക്കുകയാണ്‌. അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നു പറഞ്ഞ്‌ വിവരങ്ങളൊന്നും പുറത്തേക്ക്‌ വിടുന്നില്ല.

ഓംപ്രകാശിനെ തിരയാന്‍ നോട്ടീസ്‌; സി.പി.എം. ചങ്ങാത്തം രക്ഷാകവചം - 25 aug

Date : August 25 2009 (mbi)


തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെതിരെ സംസ്ഥാന പോലീസ്‌ ഒടുവില്‍ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. തലസ്ഥാനത്ത്‌ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഓംപ്രകാശടക്കം 18 പേരെ ഇനിയും പിടികിട്ടാനുണ്ട്‌. ഇതില്‍ ഏറ്റവും പഴക്കമുള്ള കേസ്‌ ഓംപ്രകാശിന്‍േറതാണ്‌. രാജ്യത്തിന്റെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഫോട്ടോയടക്കമുള്ള വിവരങ്ങളാണ്‌ കൈമാറിയിട്ടുള്ളത്‌. അതേസമയം, സി. പി. എമ്മിന്റെ മുന്നു പ്രാദേശിക നേതാക്കളുടെ വാറണ്ട്‌ കാലാവധി നീട്ടികിട്ടുന്നതിന്‌ പോലീസ്‌ നടപടിയൊന്നും എടുത്തിട്ടില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്‌.

രണ്ടു കൊല്ലമായി പോലീസ്‌ തിരയുന്ന ഓംപ്രകാശിനെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ടത്‌ 2007 ജൂണ്‍ 13-നാണ്‌. വിദേശത്തും നാട്ടിലുമായി കറങ്ങി നടന്ന ഒാംപ്രകാശിന്റെ പേര്‌ ആലപ്പുഴയില്‍ പോള്‍ ജോര്‍ജ്ജിന്റെ കൊലക്കേസ്സുമായി ബന്ധപ്പെട്ടാണ്‌ വീണ്ടും സജീവമായത്‌. മുത്തൂറ്റ്‌ പോള്‍ ജോര്‍ജിനോടൊപ്പം ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട രണ്ട്‌ ക്രിമിനലുകള്‍ ഉണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നതോടെയാണ്‌ പെട്ടെന്ന്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കാന്‍ പോലീസ്‌ തയ്യാറായത്‌. പോലീസ്‌ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള ചങ്ങാത്തമാണ്‌ ഓംപ്രകാശിന്‌ തുണയായത്‌. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കണമെന്നാണ്‌ വ്യവസ്ഥ. എന്നാല്‍ ഓംപ്രകാശിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ഇതുകാരണം വിമാനത്താവളങ്ങളിലൂടെ പല തവണ കടന്നുപോയി. എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായവും ലഭിച്ചിരുന്നു. വിവിധ പേരുകളില്‍ ഓംപ്രകാശിന്‌ കുറഞ്ഞത്‌ അഞ്ച്‌ പാസ്‌പോര്‍ട്ടുകളെങ്കിലും ഉണ്ടെന്നാണ്‌ പോലീസിന്റെ വിലയിരുത്തല്‍.

ഒരിക്കല്‍ വാറണ്ട്‌ പുറപ്പെടുവിച്ചാല്‍, ആറു മാസം മാത്രമേ നിലനില്‍ക്കുകയുള്ളു. അതിനുശേഷം വീണ്ടും അപേക്ഷ നല്‍കണമെന്നാണ്‌ വ്യവസ്ഥ. എന്നാല്‍, ഓംപ്രകാശ്‌ ഉള്‍പ്പെടെ സി.പി.എം. നേതൃത്വവുമായി ബന്ധമുള്ള നിരവധി ഗുണ്ടകളുടെ വാറണ്ട്‌ നീട്ടിക്കിട്ടുന്നതിന്‌ പോലീസ്‌ അപേക്ഷ നല്‍കിയിട്ടില്ല. ആറു മാസം മുമ്പ്‌ കളക്ടര്‍ ഒപ്പിട്ട ഗുണ്ടാ പട്ടികയില്‍ സി.പി.എമ്മിന്റെ മൂന്നു പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നു. ഇവരുടെ വാറണ്ട്‌ കാലാവധി കഴിയാറായെങ്കിലും നീട്ടിക്കിട്ടുന്നതിനോ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനോ ശ്രമം നടത്തിയിട്ടില്ല. വിദേശത്ത്‌ പോയെന്ന്‌ പോലീസ്‌പ്രചരിപ്പിച്ചിരുന്ന ഓംപ്രകാശാണ്‌ ഇപ്പോള്‍, ആലപ്പുഴയില്‍ കൊല ചെയ്യപ്പെട്ട വ്യവസായിയോടൊപ്പം ഉണ്ടായിരുന്നുവെന്ന്‌ തെളിഞ്ഞിരിക്കുന്നത്‌. സി. പി. എമ്മിന്റെ പ്രാദേശിക നേതാക്കളായ എയര്‍പോര്‍ട്ട്‌ ശ്യാം, വഞ്ചിയൂര്‍ ഹരിപ്രസാദ്‌, ചുക്രന്‍ രഞ്‌ജിത്‌ എന്നിവരുടെ വാറണ്ട്‌ പുതുക്കാന്‍ പോലീസ്‌ നടപടിയില്ലെന്നും ആക്ഷേപമുണ്ട്‌.

ഓംപ്രകാശിനൊപ്പം ഗുണ്ടാ പട്ടികയിലുള്ള പുത്തന്‍പാലം രാജേഷിനെതിരെ നടപടി തുടരാന്‍ പോലീസ്‌ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്‌.

ക്വട്ടേഷന്‍ സംഘത്തലവന്മാര്‍ക്ക്‌ പോളുമായുള്ള ബന്ധം കണ്ടെത്താന്‍ അന്വേഷണം തുടരും - 25 aug

Date : August 25 2009 (Mbi)

ആലപ്പുഴ: കൊല്ലപ്പെട്ട പോള്‍ എം. ജോര്‍ജിന്‌ ക്വട്ടേഷന്‍ സംഘത്തലവന്മാരായ ഒാംപ്രകാശ്‌, രാജേഷ്‌ പുത്തന്‍പാലം, ക്രിമിനല്‍ സംഘവുമായി ബന്ധമുള്ള മനു എന്നിവരുമായി എന്താണ്‌ ബന്ധമെന്ന ചോദ്യത്തിന്‌ പോലീസിന്‌ ഉത്തരം നല്‍കാനായിട്ടില്ല. ക്രിമിനലുകള്‍ക്ക്‌ പോളുമായുള്ള ബന്ധം തുടര്‍ന്ന്‌ നടക്കുന്ന അന്വേഷണത്തിലേ വ്യക്തമാവൂ എന്നാണ്‌ ഐ.ജി. വിന്‍സന്‍ എം. പോളിന്റെ മറുപടി. ഒാംപ്രകാശിനേയും രാജേഷിനേയും പിടികിട്ടിയാലേ ചിത്രം തെളിയൂ.

ഇവര്‍ നാലുപേരും ഒരുമിച്ചാണ്‌ യാത്ര ചെയ്‌തതെന്ന്‌ പോലീസ്‌ സ്ഥിരീകരിക്കുന്നുണ്ട്‌. ഫോര്‍ഡ്‌ എന്‍ഡവര്‍, സ്‌കോര്‍പ്പിയോ എന്നീ കാറുകളില്‍ ആരൊക്കെയായിരുന്നുവെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോര്‍ഡ്‌ കാര്‍ ഓടിച്ചിരുന്നത്‌ പോള്‍. സ്‌കോര്‍പ്പിയോ ഓടിച്ചിരുന്നത്‌ പോളിന്റെ ഡ്രൈവര്‍ ഷിബു. സ്‌കോര്‍പ്പിയോ കാര്‍ പിന്നിലും മറ്റേ കാര്‍ മുന്നിലുമായിട്ടായിരുന്നു യാത്ര.

രാജേഷും മനുവും ആണ്‌ പോളുമായി ആദ്യം സന്ധിച്ചത്‌. എവിടെവെച്ചാണ്‌ ഇവര്‍ ഒന്നിച്ചതെന്ന്‌ പോലീസ്‌ വെളിപ്പെടുത്തുന്നില്ലെങ്കിലും കോയമ്പത്തൂരില്‍ വെച്ചാണെന്നാണ്‌ സൂചന. തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ്‌ എവിടെ വെച്ച്‌ സന്ധിച്ചുവെന്ന്‌ വെളിപ്പെടുത്താത്തതെന്ന്‌ പോലീസ്‌ ഭാഷ്യമുണ്ട്‌. അതേസമയം ഒാംപ്രകാശ്‌ തൃശ്ശൂരില്‍ വെച്ചാണ്‌ സംഘത്തോടൊപ്പം കൂടിയതെന്ന്‌ പോലീസ്‌ പറയുന്നു.

എറണാകുളത്തുള്ള പോളിന്റെ ജ്യേഷുന്‍ ജോര്‍ജിന്റെ വീട്ടില്‍ സംഘം ചെന്നിരുന്നു. പോള്‍ മാത്രമേ അകത്തുകയറിയുള്ളൂ. മറ്റുള്ളവര്‍ പുറത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ രണ്ട്‌ കാറുകളും ആലപ്പുഴ ഭാഗത്തേക്ക്‌ തിരിച്ചു. മാരാരിക്കുളത്ത്‌ പോളിന്റെ ചുമതലയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിന്റെ പുരോഗതി വിലയിരുത്തിയ ശേഷം അവിടെ നിന്ന്‌ ഭക്ഷണം കഴിച്ച്‌ ആലപ്പുഴയിലെത്തി ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള എ.സി. റോഡിലൂടെ രാത്രി യാത്ര തുടര്‍ന്നു. പള്ളാത്തുരുത്തി പാലത്തിന്‌ സമീപംവെച്ചാണ്‌ ആലപ്പുഴ സ്വദേശി ബിജുവിന്റെ ബുള്ളറ്റ്‌ മോട്ടോര്‍ സൈക്കിളില്‍ പോള്‍ ഓടിച്ചിരുന്ന ഫോര്‍ഡ്‌ കാര്‍ തട്ടുന്നതെന്നും തുടര്‍ന്ന്‌ കൊലപാതകം ഉണ്ടായതെന്നും പോലീസ്‌ പറയുന്നു.

പോളിനൊപ്പം ഉണ്ടായിരുന്ന മനുവിന്റെ മൊഴിയുടെ ചുവടുപിടിച്ചാണ്‌ പോലീസ്‌ പോളിന്‌ ക്രിമിനലുകളുമായുള്ള ബന്ധം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്‌. കുത്തേറ്റ്‌ നിസ്സാര പരിക്കേറ്റ മനു ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌. പോളും താനും മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ്‌ മനു ആദ്യം നല്‍കിയ മൊഴി. ഗുണ്ടാത്തലവന്മാരായ ഒാംപ്രകാശിന്റെയും രാജേഷിന്റെയും സാന്നിധ്യം മറച്ചുപിടിക്കാന്‍ മനു ബോധപൂര്‍വം ശ്രമിച്ചിരുന്നുവെന്നും വിശദമായ ചോദ്യംചെയ്യലിലാണ്‌ ഇവരുടെ പേരുകള്‍ പുറത്തുവന്നതെന്നും ഐജി വിന്‍സന്‍ എം. പോള്‍ വ്യക്തമാക്കി.

പോളിനെയും സംഘത്തെയും ആക്രമിക്കുമ്പോള്‍ ഒാംപ്രകാശിനും രാജേഷിനും പരിക്കേറ്റിട്ടുണ്ടോ എന്നു പോലീസിന്‌ വ്യക്തമല്ല. പോള്‍ ഓടിച്ചിരുന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ തിരുവനന്തപുരം സ്വദേശി ജോണ്‍ എന്നയാളുടെ പേരിലാണ്‌ രജിസ്റ്റര്‍ചെയ്‌തിട്ടുള്ളതെങ്കിലും മേല്‍വിലാസം തെറ്റായതിനാല്‍ വ്യാജ രജിസ്‌ട്രേഷനാണ്‌. പോളിന്റെ പക്കല്‍ ഈ കാര്‍ എങ്ങനെ വന്നുവെന്ന്‌ വ്യക്തമല്ല. ഒാംപ്രകാശോ രാജേഷോ ഈ കാര്‍ കൊണ്ടുവന്നതായിരിക്കാമെന്ന്‌ പോലീസ്‌ കരുതുന്നു. നീണ്ടകരയില്‍നിന്ന്‌ കണ്ടെടുത്ത കാറില്‍നിന്ന്‌ ഒാംപ്രകാശിന്റെ ഡ്രൈവിങ്‌ ലൈസന്‍സ്‌ കണ്ടുകിട്ടിയിരുന്നു. കാറിനുള്ളില്‍നിന്ന്‌ ഒരു ചെറിയ ബാഗ്‌മാത്രമേ കിട്ടിയിട്ടുള്ളുവെന്ന്‌ പോലീസ്‌ പറയുന്നു. അതില്‍ ടൂത്ത്‌ബ്രഷും ടൂത്ത്‌പേസ്റ്റും ഷേവിങ്‌സെറ്റും മറ്റുമായിരുന്നത്രെ. സംഭവസ്ഥലത്തുനിന്ന്‌ ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ഓടിച്ചുകൊണ്ടുപോയി നീണ്ടകരയില്‍ ഉപേക്ഷിച്ചത്‌ തെളിവുനശിപ്പിക്കാന്‍ ഗുണ്ടാത്തലവന്മാര്‍ ശ്രമിച്ചതായിരിക്കാമെന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌. കാറില്‍ രക്തക്കറ കണ്ടത്‌ സംബന്ധിച്ച്‌ ഇനിയും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. കാറിന്‌ പുറത്തുവെച്ചാണ്‌ പോളിനെ കൊലചെയ്‌തതെന്നാണ്‌ ഇപ്പോഴത്തെ നിഗമനം.

ഗുണ്ടാത്തലവന്മാരെ തേടിയുള്ള അന്വേഷണത്തില്‍ രാഷ്ട്രീയസമ്മര്‍ദമില്ലെന്ന്‌ ഐജി വ്യക്തമാക്കി. മുന്‍പ്‌ ഡിവൈഎഫ്‌ഐയില്‍ സജീവമായിരുന്ന ഒാംപ്രകാശിന്‌ സിപിഎമ്മിലെ ചില ഉന്നതകേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. ഒാംപ്രകാശും രാജേഷും കാര്‍ നീണ്ടകരയില്‍ ഉപേക്ഷിച്ചശേഷം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച്‌ അന്വേഷണസംഘത്തിന്‌ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ്‌ വിവരം. വേണ്ടിവന്നാല്‍ കേരളത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും.

ഒാംപ്രകാശിനെയും രാജേഷിനെയും കുറിച്ച്‌ മനു ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇപ്പോള്‍ അക്കാര്യം പറയാന്‍ പറ്റില്ലെന്നാണ്‌ പോലീസിന്റെ നിലപാട്‌. ഗുണ്ടാത്തലവന്മാര്‍ സഞ്ചരിച്ചശേഷം ഉപേക്ഷിച്ച കാറിന്‌ കാര്യമായ തകരാറൊന്നുമില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. മനുവിന്റെ റെന്റ്‌ എ കാര്‍ ബിസിനസ്സിന്‌ പോളിന്റെ ഭാഗത്തുനിന്ന്‌ സഹായം ലഭിച്ചിരുന്നുവെന്ന്‌ മനു മൊഴി നല്‍കിയിട്ടുണ്ട്‌.

നീണ്ടകരയില്‍ ഉപേക്ഷിച്ച ഫോര്‍ഡ്‌ കാര്‍ എടുത്തുകൊണ്ടുപോവാന്‍ ശ്രമിച്ച വര്‍ക്‌ഷോപ്പ്‌ ജീവനക്കാര്‍ കാറിലുണ്ടായിരുന്ന ഒരു ബാഗ്‌ എടുത്തുകൊണ്ടുപോയി എന്ന വിവരം പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ ബാഗില്‍ എന്തായിരുന്നുവെന്ന്‌ വ്യക്തമല്ല.

ചങ്ങനാശ്ശേരിയിലെ ക്വട്ടേഷന്‍സംഘത്തിന്റെ ആലപ്പുഴയിലെ ദൗത്യം പോലീസ്‌ വെളിപ്പെടുത്തുന്നില്ല. വീട്‌ ആക്രമണം ഭയന്ന ഒരാളാണ്‌ കലവൂരിലുള്ള ഗുണ്ടകള്‍വഴി ചങ്ങനാശ്ശേരിസംഘത്തെ ഏര്‍പ്പാടാക്കിയതെന്നാണ്‌ സൂചന. ഇവര്‍ക്ക്‌ വരാന്‍ വാഹനം ഏര്‍പ്പാടാക്കിയതും ആലപ്പുഴയിലെ വ്യക്തിയാണെന്നാണ്‌ വിവരം.

പോള്‍ വധം: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ - 25 aug

Date : August 25 2009 (Mbi)

ആലപ്പുഴ: പോള്‍ വധക്കേസ്‌ സംബന്ധിച്ച്‌ പോലീസ്‌ വെളിപ്പെടുത്തിയ കഥയില്‍ സംശയങ്ങള്‍ ഏറെ ബാക്കി.

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ പള്ളാത്തുരുത്തിക്കും പൊങ്ങ ജംഗ്‌ഷനുമിടയില്‍ ഒരു വാഹനാപകടത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ്‌ കൊലപാതകം നടക്കുന്നതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. രണ്ടര കിലോമീറ്ററാണ്‌ ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം. പള്ളാത്തുരുത്തി വരെ പോള്‍ ഓടിച്ചിരുന്ന കാറിനെ അനുഗമിച്ചിരുന്ന സ്‌കോര്‍പ്പിയോ അവിടെ താക്കോല്‍ വാങ്ങാനായി നിര്‍ത്തുന്നു. ഏഴു മിനുട്ടിനുള്ളില്‍ ഈ വണ്ടിയില്‍ ഡ്രൈവര്‍ ഷിബു പൊങ്ങയിലെത്തുമ്പോള്‍ പോള്‍ കുത്തേറ്റുമരിച്ചു കഴിഞ്ഞു. പുറത്ത്‌ നാലു കുത്തേറ്റ പോള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായിട്ടാണ്‌ വിവരം.

ഇതിനിടയ്‌ക്കുള്ള സമയത്താണ്‌ പള്ളാത്തുരുത്തിയില്‍ പോളിന്റെ വണ്ടി ബൈക്കിടിച്ചിടുന്നതും ടെമ്പോ ട്രാവലര്‍ പിന്നാലെയെത്തുന്നതും പൊങ്ങയില്‍ സംഘര്‍ഷമുണ്ടാകുന്നതും കൊല നടക്കുന്നതും. ഇത്ര ചുരുങ്ങിയ സമയത്തില്‍ ഇതെല്ലാം കൂടി നടക്കുമോ എന്നതാണ്‌ ലളിതമായ സംശയം.

ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അത്‌വിശ്വാസ്യമാണെന്നാണ്‌ ഐ.ജി. വിന്‍സന്‍ എം. പോള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്‌.

പോളിനൊപ്പം എത്തിയിരുന്നവര്‍ എല്ലാം ക്വട്ടേഷന്‍ സംഘ നേതാക്കളാണ്‌. ഇവരെ ആക്രമിക്കുന്നത്‌ മറ്റൊരു ക്വട്ടേഷന്‍ സംഘവും. പോളിനൊപ്പമുണ്ടായിരുന്നവരും ആക്രമണം നടത്തിയവരും തമ്മില്‍ ബന്ധമുണ്ടായിക്കൂടെ?

ഐ.ജി.യുടെ മറുപടി ഇപ്രകാരം: ''ചങ്ങനാശ്ശേരിയിലെ ക്വട്ടേഷന്‍ സംഘം ആലപ്പുഴയില്‍ ഒരു ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നതു ചെയ്യാന്‍ വരുന്ന വഴിയായിരുന്നു. രണ്ടു ടെമ്പോ, ഒരു സാന്‍ട്രോ, ഒരു സ്‌കോര്‍പിയോ എന്നീ വാഹനങ്ങളിലാണു വന്നത്‌. പള്ളാത്തുരുത്തി ഭാഗത്ത്‌ ഒരു ടെമ്പോയുടെ ടയര്‍ ഊരിപ്പോയി. അതു മാറ്റിയിടുന്നതിനിടയിലാണ്‌ പോളിന്റെ വണ്ടി വരുന്നതും അപകടവും മറ്റും. ഈ സമയം ആലപ്പുഴ ഭാഗത്തേക്ക്‌ പാര്‍ക്കു ചെയ്‌തിരുന്ന വണ്ടികളിലൊന്നാണ്‌ തിരിച്ച്‌ പോളിന്റെ വണ്ടിക്കു പിന്നാലെ വിട്ടത്‌. ഇവര്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇതേവരെ അതേപ്പറ്റി ഒരു സൂചനയുമില്ല''.

എന്‍ഡവര്‍ പോലെ അതിവേഗം പോകാന്‍ ശേഷിയുള്ള ഒരു വണ്ടിയുമായി ടെമ്പോ ട്രാവലര്‍ മത്സര ഓട്ടത്തിനു പോയി എന്നതിന്റെ വിശ്വാസ്യതയിലും അന്വേഷണസംഘത്തിനു സംശയമില്ല. എല്ലാവരും മദ്യലഹരിയിലായതിനാല്‍ അപ്രകാരം സംഭവിക്കാമെന്നാണ്‌ വിശദീകരണം.

അപകടമുണ്ടായതുമുതല്‍ കൊല നടക്കുന്നതു വരെയുള്ള സമയം ഡ്രൈവറുടെ വാഹനം അനുഗമിക്കാതിരിക്കാന്‍ കരുതിക്കൂട്ടി ചെയ്‌ത വിദ്യയായിരുന്നോ താക്കോലിനായി പറഞ്ഞുവിട്ടതെന്ന സംശയവും ബാക്കി. ചമ്പക്കുളം ഗസ്റ്റ്‌ ഹൗസിന്റെ താക്കോലിനായി ഡ്രൈവര്‍ ചെന്നപ്പോള്‍ ഗസ്റ്റ്‌ ഹൗസ്‌ തുറന്നുകിടപ്പുണ്ടെന്നാണ്‌ പള്ളാത്തുരുത്തി ഓഫീസില്‍ നിന്ന്‌ നല്‍കിയ മറുപടി.

കൊലപാതകത്തെ തുടര്‍ന്ന്‌ പോലീസ്‌ സംഭവ സ്ഥലത്തെത്തുമ്പോള്‍ പള്ളാത്തുരുത്തിയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കേടായ ടെമ്പോ കിടപ്പുണ്ടായിരുന്നുവെന്ന്‌ ഐ.ജി. സമ്മതിക്കുന്നു. അല്‌പസമയത്തിനകം അതവിടെ നിന്ന്‌ കടത്തി. ഇത്‌ എന്തുകൊണ്ട്‌ പോലീസ്‌ അപ്പോള്‍ കസ്റ്റഡിയിലെടുത്തില്ല എന്ന ചോദ്യം അവശേഷിക്കുന്നു. കൊല്ലത്ത്‌ എന്‍ഡവര്‍ കൊണ്ടു പോകാനെത്തിയവരെ പോലീസ്‌ വിട്ടയച്ചതും ഇതിന്റെ അനുബന്ധം.

പോള്‍ വധം ക്വട്ടേഷന്‍ സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ - 25 -aug

Date : August 25 2009 (Mbi)

ആലപ്പുഴ: പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ ഗുണ്ടാ സംഘത്തിലെ 11 പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കേസില്‍ 22 പ്രതികളുണ്ട്‌. പോളിനെ കുത്തിയ ആളടക്കം മറ്റ്‌ പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നു.

തിങ്കളാഴ്‌ച വൈകീട്ട്‌ ആലപ്പുഴ എസ്‌.പി. ഓഫീസില്‍ ഐ.ജി. വിന്‍സന്‍ എം. പോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണീ കാര്യം.

വ്യവസായരംഗത്തെ പകയോ മുന്‍വൈരാഗ്യമോ ഒന്നുമല്ല കൊലയ്‌ക്ക്‌ പിന്നില്‍ എന്നാണ്‌ അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പോള്‍ ഓടിച്ചിരുന്ന കാര്‍ പള്ളാത്തുരുത്തിയില്‍ ഒരു മോട്ടോര്‍ ബൈക്ക്‌ യാത്രക്കാരനെ ഇടിച്ചു വീഴ്‌ത്തിയതിനെ തുടര്‍ന്നുണ്ടായ യാദൃച്ഛിക സംഭവങ്ങള്‍ കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ്‌ ഐ.ജി. വിശദീകരിച്ചത്‌. ഇതേവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനമാണിത്‌. കൊലപാതകത്തിലേക്ക്‌ നയിക്കാവുന്ന മറ്റെല്ലാ സാധ്യതകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്‌. കൊലപാതകം ആസൂത്രിതമാണോ എന്ന്‌ വീണ്ടും പരിശോധിക്കും.

പോളിനോടൊപ്പം ഉണ്ടായിരുന്ന തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘത്തലവന്മാരായ ഒാംപ്രകാശ്‌, രാജേഷ്‌ പുത്തന്‍പാലം എന്നിവര്‍ സംഭവത്തെ തുടര്‍ന്ന്‌ മുങ്ങിയിരിക്കുകയാണ്‌. ഇവര്‍ക്കുവേണ്ടി പോലീസ്‌ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്‌. ഇവര്‍ക്ക്‌ സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കും.

പോള്‍ വധം സംബന്ധിച്ച്‌ പോലീസ്‌ പറയുന്നതിപ്രകാരം: എറണാകുളത്തുനിന്ന്‌ എന്‍ഡവര്‍ കാറിലും പോളിന്റെ സ്‌കോര്‍പ്പിയോയിലുമായി പുറപ്പെട്ട സംഘത്തില്‍ പോളിനെയും ഡ്രൈവര്‍ ഷിബുവിനെയും കൂടാതെ ഉണ്ടായിരുന്നത്‌ ഗുണ്ടാ നേതാവ്‌ ഒാംപ്രകാശും രാജേഷ്‌ പുത്തന്‍പാലവും ഇവരുടെ കൂട്ടാളിയായ പ്രവീണ്‍ എന്ന മനുവുമാണ്‌. ഇവര്‍ മാരാരിക്കുളത്ത്‌ പോളിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ കയറി ഭക്ഷണം കഴിച്ചശേഷം ചമ്പക്കുളത്ത്‌ മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഗസ്റ്റ്‌ ഹൗസിലേക്ക്‌ പോകുന്നു. മുമ്പില്‍ പോള്‍ ഡ്രൈവുചെയ്യുന്ന എന്‍ഡവര്‍ കാറും പിന്നില്‍ ഡ്രൈവര്‍ ഓടിക്കുന്ന സ്‌കോര്‍പിയോയും. മനുവിനെ കൂടാതെ രാജേഷോ ഒാംപ്രകാശോ എന്ന്‌ തീര്‍ച്ചയില്ല, ഒരാള്‍ പോളിന്റെ കാറിലുണ്ടായിരുന്നു. മറ്റേയാള്‍ സ്‌കോര്‍പ്പിയോയിലും.

പള്ളാത്തുരുത്തിയിലുള്ള പോളിന്റെ ഹൗസ്‌ ബോട്ട്‌ ഓഫീസില്‍ നിന്ന്‌ ചമ്പക്കുളം ഗസ്റ്റ്‌ ഹൗസിന്റെ താക്കോല്‍ എടുത്തുവരാന്‍, പിന്നാലെ വന്ന ഡ്രൈവര്‍ക്ക്‌ പോള്‍ നിര്‍ദേശം നല്‍കി. താക്കോലിനായി അവിടെ വണ്ടി നിര്‍ത്തിയ ഡ്രൈവര്‍ അപ്പോള്‍ തന്നെ യാത്ര തുടരുന്നു.

ഇതിനിടെ പോളിന്റെ കാര്‍ ചങ്ങനാശ്ശേരി ഭാഗത്തേയ്‌ക്ക്‌ പോയ ബൈക്കുയാത്രക്കാരനെ ഇടിച്ചുവീഴ്‌ത്തിയിട്ട്‌ നിര്‍ത്താതെ പോയി. ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘം വന്ന ടെമ്പോ ട്രാവലര്‍ ഈ സമയം ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന്‌ നന്നാക്കാന്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഒരാളുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത്‌ ആലപ്പുഴയ്‌ക്ക്‌ വരികയായിരുന്നു സംഘം. ഇവരുടെ ദൗത്യം പോലീസ്‌ വ്യക്തമാക്കുന്നില്ല.

റോഡില്‍ തെറിച്ചുവീണ ബൈക്കുയാത്രികന്‍ ആലപ്പുഴ മുനിസിപ്പല്‍ ജില്ലാ കോടതി വാര്‍ഡില്‍ തൃച്ചീരി വീട്ടില്‍ ബിജു (30)വിനെ അവിടെയുണ്ടായിരുന്ന ക്വട്ടേഷന്‍ സംഘം ആണ്‌ ഓടിയെത്തി സഹായിച്ചത്‌.

രണ്ട്‌ ടെമ്പോ ട്രാവലറുകളിലും രണ്ട്‌ കാറുകളിലുമായെത്തിയ സംഘത്തില്‍പ്പെട്ട കുറേപ്പേര്‍ ഉടനെ ഒരു ടെമ്പോ ട്രാവലറില്‍ പോളിന്റെ വണ്ടിക്ക്‌ പിന്നാലെ പാഞ്ഞു. ബൈക്കുയാത്രക്കാരനെ ഇടിച്ചിട്ട്‌ നിര്‍ത്താതെ പോയത്‌ ചോദിക്കാനായിട്ടായിരുന്നു യാത്ര. രണ്ടര കി.മീ. അകലെ പൊങ്ങയില്‍ ഈസമയം പോള്‍, വണ്ടി റോഡിന്റെ ഇടതുഭാഗത്ത്‌ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബൈക്കുമായുള്ള കൂട്ടിയിടിയില്‍ വണ്ടിക്ക്‌ വല്ലതും പറ്റിയോ എന്ന്‌ പരിശോധിച്ചുകൊണ്ടിരുന്ന പോളുമായി ടെമ്പോ ട്രാവലറില്‍ എത്തിയ സംഘം വാഗ്വാദത്തിലേര്‍പ്പെട്ടു. അത്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ പോളിനെ കുത്തിവീഴ്‌ത്തി. പോളിന്‌ നാലുതവണ കുത്തേറ്റു.

ഇതിനിടയിലായിരിക്കണം കാറിലുണ്ടായിരുന്ന മനുവിന്റെ കൈയിലും ചെറിയ മുറിവുണ്ടായി. സംഭവമുണ്ടായി ആറേഴ്‌ മിനിട്ടിനുള്ളില്‍ സ്‌കോര്‍പ്പിയോയില്‍ ഡ്രൈവര്‍ ഷിബുവും ഗുണ്ടാ നേതാക്കളിലൊരാളും കൂടി സംഭവസ്ഥലത്തെത്തുന്നു. 'കയറി വിട്ടോടാ' എന്ന്‌ പറഞ്ഞ്‌ സംഘം ടെമ്പോ ട്രാവലറില്‍ കയറി ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ പോയി.

പതിനഞ്ചോളം പേരെ സംഭവസ്ഥലത്ത്‌ കണ്ടതായിട്ടാണ്‌ ഡ്രൈവര്‍ ഷിബുവും ദൃക്‌സാക്ഷിയായ മനുവും പറയുന്നത്‌.

ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരും പോളും മനുവും മദ്യപിച്ചിരുന്നതായി ഐ.ജി. പറഞ്ഞു. മദ്യലഹരിയിലായിരിക്കാം വേണ്ടപ്പെട്ടവരല്ലാഞ്ഞിട്ടും മോട്ടോര്‍ ബൈക്കുയാത്രക്കാരന്‌ വേണ്ടി ഇവര്‍ കാറിന്‌ പിന്നാലെ പാഞ്ഞത്‌.

പരിക്കേറ്റ ബൈക്കുയാത്രക്കാരന്‍ രാത്രിയില്‍ നെടുമുടി പോലീസ്‌ സ്റ്റേഷനില്‍ വിവരം റിപ്പോര്‍ട്ടു ചെയ്യുകയും രാത്രി പന്ത്രണ്ടരയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തിട്ടുണ്ട്‌. തൃക്കോടിത്താനത്ത്‌ ഭാര്യവീട്ടിലേക്ക്‌ പോകുമ്പോഴുണ്ടായ ഈ അപകടത്തെ തുടര്‍ന്ന്‌ കൊലപാതകം നടന്നത്‌ ഇയാള്‍ അറിഞ്ഞിട്ടില്ല. എഴുന്നേല്‍ക്കാന്‍ സഹായിച്ചത്‌ അവിടെ ഉണ്ടായിരുന്ന അജ്ഞാതരായിരുന്നുവെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായിരുന്നുവെന്നാണ്‌ പോലീസിന്റെ നിഗമനം.

ഈ സംഭവത്തില്‍ പോളിന്റെ ബന്ധുക്കളടക്കം ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തതായി ഐ.ജി. പറഞ്ഞു. കേസിന്റെ തുടരന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇതില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ, മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നെല്ലാം അന്വേഷിക്കും.

അറസ്റ്റിലായ പ്രതികള്‍

പോള്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചങ്ങനാശ്ശേരി, തിരുവല്ല, ആലപ്പുഴ, കുന്നന്താനം, നാലുകോടി, തൃക്കൊടിത്താനം ഭാഗത്തുള്ളവരാണ്‌. ഇവരെല്ലാം ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണ്‌. പ്രായം 20നും 30നും ഇടയ്‌ക്ക്‌.

പേരുവിവരം: സത്താര്‍, രാജീവ്‌കുമാര്‍, ഷിനോ പോള്‍, ആകാശ്‌ സതീഷ്‌കുമാര്‍, സുനില്‍, നിബിന്‍, അനീഷ്‌കുമാര്‍, ബിനോയ്‌, മാര്‍ക്കോസ്‌, ജയിന്‍ ജോസ്‌, ജയചന്ദ്രന്‍.

ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കും-ഡി.ജി.പി.

പോള്‍ ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ തിരുവനന്തപുരത്ത്‌ പറഞ്ഞു. ഗുണ്ടാത്തലവന്മാരായ ഒാംപ്രകാശിനും പുത്തന്‍പാലം രാജേഷിനും കൊല്ലപ്പെട്ട പോള്‍ ജോര്‍ജുമായുള്ള ബന്ധവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓംപ്രകാശിനെയും രാജേഷിനെയും തേടി പോലീസ്‌; കൂട്ടാളികള്‍ ഉടന്‍ പിടിയിലാകും. - 24 aug

Date : August 24 2009 (Mbi)

തിരുവനന്തപുരം: പോള്‍ എം.ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരെയും കൂട്ടാളികളെയും കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം തിരുവനന്തപുരത്ത്‌ ശക്തമാക്കി. ഇവര്‍ ഉപേക്ഷിച്ചെന്ന്‌ കരുതുന്ന കാര്‍ ശരിയാക്കാനെത്തിയ കുമാരപുരം സ്വദേശികളായ വിനുരാജ്‌, സഹോദരന്‍ അനുരാജ്‌, കണ്ണമ്മൂല സ്വദേശി വിനു എന്നിവരെയും തിരയുന്നു.

ദേശീയപാത- 47 ല്‍ ചവറ ടൈറ്റാനിയത്തിന്‌ സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറിന്‌ സമീപത്ത്‌ നിന്നാണ്‌ മൂന്നു പേരും ചവറ പോലീസിന്റെ പിടിയിലായത്‌. എന്നാല്‍ കൊലപാതകവുമായി ബന്ധമുള്ള വാഹനമാണ്‌ ഇതെന്ന്‌ കണ്ടെത്തുന്നതിന്‌ മുമ്പ്‌ തന്നെ പോലീസ്‌ ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു. ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന്റെ കൂട്ടാളികളാണ്‌ ഇവരെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ഇവര്‍ക്കുപുറമേ ഒാംപ്രകാശുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നവരെയും പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. ചവറയില്‍ വാഹനം ഉപേക്ഷിച്ച്‌ ഒാംപ്രകാശും രാജേഷും കടന്നുകളയുകയായിരുന്നുവെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

പോള്‍ എം. ജോര്‍ജിന്‌ കുത്തേറ്റ ശേഷം കൂടെയുണ്ടായിരുന്ന ഗുണ്ടാത്തലവന്‍മാരായ ഒാംപ്രകാശും പുത്തന്‍പാലം രാജേഷും രക്ഷപ്പെട്ട കാര്‍ ചവറ ടൈറ്റാനിയത്തിന്‌ സമീപമാണ്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ചവറ പോലീസ്‌ സ്ഥലത്തെത്തിയത്‌. വാഹന ഉടമയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ കാര്‍ വര്‍ക്ക്‌ഷോപ്പിലെത്തിക്കാന്‍ എത്തിയതാണെന്നാണ്‌ പിടികൂടിയവര്‍ പോലീസിനോട്‌ പറഞ്ഞത്‌. കുമാരപുരം സ്വദേശികളായ സഹോദരന്‍മാര്‍ ഇടതുപക്ഷ അനുഭാവ തൊഴിലാളി സംഘടനയുടെ പ്രവര്‍ത്തകരാണ്‌.

ഗുണ്ടാത്തലവന്‍ ഓംപ്രകാശ്‌ ഉപയോഗിച്ചിരുന്ന കാര്‍ ടൈറ്റാനിയം സ്വദേശിയായ ഷിബു ആന്റണി എന്ന ഒരാളുടെ പേരിലുള്ളതാണ്‌. ഇങ്ങനെയൊരാള്‍ ആ പ്രദേശത്തുള്ളതായി പോലീസിന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാജ പേരിലാണ്‌ കാര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചത്‌ ഇതില്‍ നിന്നാണ്‌. പോളിനൊപ്പം പരിക്കേറ്റ മനു മുഖേനയാണ്‌ കാര്‍ ഒാംപ്രകാശിന്‌ ലഭിച്ചത്‌. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ രേഖകള്‍ വ്യാജമാണെന്ന്‌ ആര്‍.ടി. ഓഫീസില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മനുവിന്‌ ജില്ലയില്‍ ക്രിമിനല്‍ കേസുകളില്ലെങ്കിലും ഇയാള്‍ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. റെന്റ്‌ എ കാര്‍ ബിസിനസ്‌ നടത്തുന്ന ഇയാളുടെ കൈവശം ഇന്നോവ, മാരുതി തുടങ്ങിയ വാഹനങ്ങള്‍ ഉണ്ടായിരുന്നു. പുത്തന്‍പാലം രാജേഷിനുവേണ്ടി ഇയാള്‍ പണമിടപാട്‌ നടത്തിയിരുന്നതായും സൂചനയുണ്ട്‌. ഇയാളുടെ വീട്‌ ശനിയാഴ്‌ച പോലീസ്‌ പരിശോധിച്ചിരുന്നു. വാഹനക്കച്ചവടവുമായി ബന്ധപ്പെട്ട രേഖകളാണ്‌ ഇവിടെ നിന്നും ലഭിച്ചത്‌.

ബാംഗ്ലൂര്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒളിത്താവളങ്ങളില്‍ നിന്നും ഒാംപ്രകാശ്‌ ഇടയ്‌ക്കിടെ ജില്ലയില്‍ എത്തിയിരുന്നു. പുത്തന്‍പാലം രാജേഷിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നില്‍ ഒാംപ്രകാശായിരുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലും വിദഗ്‌ധനായ ഒാംപ്രകാശിന്‌ തുണയേകിയത്‌ ഉന്നത രാഷ്ട്രീയ ബന്ധങ്ങളായിരുന്നു.

കൊലപാതകത്തിന്‌ പിന്നില്‍ ജില്ലയിലെ ക്രിമിനലുകളുടെ സാന്നിധ്യം വെളിപ്പെട്ടതിനെ തുടര്‍ന്ന്‌ ദക്ഷിണമേഖലാ ഐ.ജി. വിന്‍സെന്റ്‌ എം.പോള്‍ ശനിയാഴ്‌ച രാത്രി തിരുവനന്തപുരത്ത്‌ എത്തിയിരുന്നു.

കാര്‍ കൊണ്ടുപോകാന്‍ വന്നവരെ വിട്ടയച്ച പോലീസ്‌ നടപടി വിവാദത്തില്‍ - 24 aug

Date : August 24 2009 (mbi)

കൊല്ലം: മുത്തൂറ്റ്‌ പോള്‍ എം.ജോര്‍ജ്ജ്‌ സഞ്ചരിച്ചിരുന്ന കാര്‍ നീണ്ടകര പുത്തന്‍തുറയില്‍നിന്ന്‌ കൊണ്ടുപോകാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ച പോലീസ്‌ നടപടി വിവാദമാവുന്നു. തിരുവനന്തപുരം സ്വദേശികളായ ബിനു, ബിനുരാജ്‌, അനുരാജ്‌ എന്നിവരെയാണ്‌ പോലീസ്‌ വിട്ടയച്ചത്‌.

ദേശീയപാതയോരത്ത്‌ നീണ്ടകര പുത്തന്‍തുറ എ.എസ്‌.യു.പി. സ്‌കൂളിന്‌ എതിര്‍വശത്ത്‌ പഴയ റോഡിലാണ്‌ ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ കിടന്നത്‌.

ശനിയാഴ്‌ച രാവിലെ 5 മുതല്‍ ദുരൂഹസാഹചര്യത്തില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാര്‍ ഒരു ക്വാളിസ്‌ കാറിലെത്തിയ മൂന്നംഗസംഘം കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ചവറ എസ്‌.ഐ. എസ്‌.ഷുക്കൂറിന്റെ നേതൃത്വത്തില്‍ പോലീസ്‌ എത്തി. ക്വാളിസില്‍ എത്തിയവര്‍ ഫോര്‍ഡിന്റെ സര്‍വീസ്‌ സെന്ററില്‍നിന്ന്‌ എത്തിയവരാണെന്നാണ്‌ പോലീസിനോടു പറഞ്ഞത്‌. എന്നാല്‍ സര്‍വീസ്‌ സെന്ററിലെ യൂണിഫോം ഇല്ലാത്ത ഇവരെ വിശ്വസിക്കരുതെന്നും കാറില്‍ രക്തം പുരണ്ട പാടുകള്‍ കാണുന്നതായും തുറന്നു പരിശോധിക്കണമെന്നും നാട്ടുകാര്‍ പോലീസിനോട്‌ ആവശ്യപ്പെട്ടു.

ആലപ്പുഴയില്‍ കൊല്ലപ്പെട്ട വ്യവസായി സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം ഭാഗത്തേക്ക്‌ കൊണ്ടുപോയിട്ടുള്ളതായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടെന്നും അതാണോ എന്ന്‌ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട്‌ എസ്‌.ഐ. തട്ടിക്കയറിയതായും പറയപ്പെടുന്നു. തുടര്‍ന്ന്‌, പോലീസ്‌ കാര്‍ തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ 4 എക്‌സിക്യൂട്ടീവ്‌ ബാഗുകള്‍, ഒരു ലേഡീസ്‌ ഹാന്‍ഡ്‌ ബാഗ്‌, ഡാഷ്‌ ബോക്‌സില്‍ കുറേ ഗുളികകള്‍ എന്നിവ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബാഗുകളില്‍ ഒന്ന്‌ തുറന്നുനോക്കിയ എസ്‌.ഐ. ഉടന്‍ അത്‌ അടച്ചത്രെ.

തുടര്‍ന്ന്‌ മൂവര്‍സംഘത്തില്‍ ഒരാള്‍ സംസാരിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്‌.ഐ. ഫോണില്‍ സംസാരിച്ചു തുടങ്ങിയതോടെ ഫോണ്‍ കട്ടായതായും പിന്നീട്‌ പലതവണ വിളിച്ചിട്ടും കിട്ടിയില്ലെന്നും സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്നവര്‍ പറയുന്നു.

തുടര്‍ന്ന്‌, കാറിലെ ബാഗുകളെല്ലാം ക്വാളിസിലേക്ക്‌ മാറ്റിയശേഷം സംഘാംഗങ്ങളില്‍ 2 പേരെ പോലീസ്‌ ജീപ്പിലും ഒരാളെ ക്വാളിസിലും കയറ്റി സ്റ്റേഷനിലേക്ക്‌ പോവുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. എന്‍ഡവര്‍ കാറും സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. എന്നാല്‍ ക്വാളിസ്‌ വാനും ബാഗുകളും സംബന്ധിച്ച്‌ പിന്നീട്‌ ഒരു വിവരവും ഇല്ലാതായി.

കാര്‍ അപകടത്തില്‍പ്പെട്ടതാണെന്നും തങ്ങള്‍ ഫോര്‍ഡിന്റെ സര്‍വീസ്‌ സെന്ററില്‍നിന്നു വന്നവരാണെന്നും അവര്‍ പറഞ്ഞ കഥ പോലീസ്‌ കണ്ണടച്ച്‌ വിശ്വസിക്കുകയായിരുന്നെന്നാണ്‌ ആക്ഷേപം.

എന്നാല്‍ ആരോപണങ്ങളെല്ലാം പോലീസ്‌ നിഷേധിക്കുന്നു. കാറിനുള്ളില്‍ ബാഗുകള്‍ ഉണ്ടായിരുന്നതായുള്ള പ്രചാരണം ശരിയല്ലെന്നും ദുഷ്‌പ്രചാരണം മാത്രമാണെന്നും എസ്‌.ഐ. ഷുക്കൂര്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന്‌ എത്തിയ മൂന്നുപേര്‍ കാര്‍ മെക്കാനിക്കും സഹായികളുമാണെന്ന്‌ ബോധ്യപ്പെട്ടശേഷമാണ്‌ വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.

പോള്‍ സഞ്ചരിച്ച കാറില്‍ നിന്ന്‌ ഗുണ്ടാത്തലവന്റെ ലൈസന്‍സ്‌ കണ്ടെടുത്തു - 24 aug

Date : August 24 2009 (Mbi)


കൊല്ലം:കൊല്ലപ്പെടുന്നതിനു മുമ്പ്‌ പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റ്‌ സഞ്ചരിച്ചിരുന്ന കാറിനുള്ളില്‍ പോലീസ്‌ രക്തക്കറ കണ്ടെത്തി. കാറില്‍ നിന്ന്‌ കണ്ടുകിട്ടിയ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ വലിയതുറ പനമൂട്‌ ഒാംപ്രകാശിന്‍േറതാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ശനിയാഴ്‌ച രാവിലെ ദേശീയ പാതയോരത്ത്‌ നീണ്ടകര പുത്തന്‍തുറയിലാണ്‌ ദുരൂഹ സാഹചര്യത്തില്‍ കാര്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നത്‌ നാട്ടുകാര്‍ കണ്ടത്‌. ഉച്ചയോടെ മൂന്ന്‌ യുവാക്കള്‍ വന്ന്‌ കാര്‍ കൊണ്ടുപോവാന്‍ ശ്രമിച്ചു. ഇതുകണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാര്‍ കൊണ്ടുപോവാന്‍ ശ്രമിച്ച യുവാക്കളെ സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്നുവെങ്കിലും ഇവരെ വിട്ടയച്ചു.

വെള്ളിയാഴ്‌ച ആലപ്പുഴ നെടുമുടിയില്‍ വച്ച്‌ പോള്‍ എം. ജോര്‍ജ്‌ കുത്തേറ്റതിനെ തുടര്‍ന്ന്‌ പോളിന്റെ കാറുമായി രണ്ടുപേര്‍ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയതായും കാര്‍ ഇടിച്ചിട്ടുള്ളതായും പോലീസിന്‌ വിവരം ലഭിച്ചിരുന്നു. പുത്തന്‍തുറയില്‍ കണ്ടെത്തിയ കെ.എല്‍. 01 എ.എസ്‌. 8407 എന്ന നമ്പരിലുള്ള ഫോര്‍ഡ്‌ എന്‍ഡവര്‍ കാറിന്റെ റേഡിയേറ്റര്‍ പൊട്ടി വെള്ളം ചോരുകയും മുന്‍വശത്തെ നമ്പര്‍പ്ലേറ്റ്‌ വളയുകയും ബമ്പര്‍ പൊട്ടുകയും ചെയ്‌തിട്ടുണ്ട്‌. കാറിന്‌ അകത്തും പുറത്തുമായി പല ഭാഗങ്ങളിലും രക്തക്കറ പുരണ്ടിട്ടുള്ളതും മുന്‍വശത്തെ ഡോര്‍ഗ്ലാസിലും മുന്നിലെ സീറ്റിലുമുള്ള രക്തക്കറയുടെ പാടുകളും മറ്റും ഞായറാഴ്‌ച ആലപ്പുഴയില്‍ നിന്നെത്തിയ വിദഗ്‌ദ്ധ സംഘം പരിശോധിച്ചു. കാറിന്റെ ഗിയറിനു താഴെ രക്തം തുടച്ച കടലാസുതുണ്ടുകള്‍ ചുരുട്ടിയിട്ടിരുന്നതും കണ്ടെത്തിയിട്ടുണ്ട്‌.

ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌, തിരുവനന്തപുരം ടൈറ്റാനിയം ടി.സി.33-ല്‍ അപ്പാവുവിളയില്‍ ഷിബു ആന്റണിയുടെ പേരിലുള്ള ഇന്റഷൂറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നീ രേഖകളും ടൈറ്റാന്‍ വാച്ച്‌, കൂളിങ്‌ ഗ്ലാസ്‌, സോക്‌സ്‌, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വെച്ചെടുത്ത യുവാക്കളുടെ ഗ്രൂപ്പ്‌ ഫോട്ടോകള്‍, ഇരുപതോളം സിഡികള്‍ എന്നിവയും കാറില്‍ നിന്ന്‌ ലഭിച്ചു. പുത്തന്‍തുറയില്‍ നിന്ന്‌ കാര്‍ കൊണ്ടുപോകാന്‍ വന്ന്‌ പോലീസ്‌ പിടിയിലായ തിരുവനന്തപുരം കണ്ണമ്മൂല കുന്നില്‍ വീട്ടില്‍ ബിനു (23), കുമാരപുരം പടിഞ്ഞാറ്റില്‍ ലെയ്‌നില്‍ സഹോദരന്മാരായ അനുരാജ്‌, ബിനുരാജ്‌ എന്നിവര്‍ തിരുവനന്തപുരത്തെ വര്‍ക്‌ഷോപ്പ്‌ തൊഴിലാളികളാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

അമ്പലപ്പുഴയില്‍ നിന്ന്‌ സിഐ പി.ഡി. ശശിയുടെ നേതൃത്വത്തില്‍ പോലീസും ആലപ്പുഴ ഡിസിആര്‍ബിയിലെ സയന്റിഫിക്‌ ഇന്‍വെസ്റ്റിഗേഷന്‍ വിഗ്‌ദ്ധന്‍ ഡോ. കെ. ജയചന്ദ്രന്‍, വിരലടയാള വിദഗ്‌ദ്ധര്‍ എന്നിവരും ചവറ പോലീസ്‌ സ്റ്റേഷനിലെത്തിയാണ്‌ കാര്‍ പരിശോധിച്ചത്‌. കൂടുതല്‍ തെളിവെടുപ്പിനായി കാര്‍ ആലപ്പുഴയിലേക്ക്‌ കൊണ്ടുപോകുമെന്നറിയുന്നു. കരുനാഗപ്പള്ളി ഡിവൈഎസ്‌പി ആര്‍. പ്രസന്നകുമാര്‍, ചവറ സിഐ ശ്രീകുമാര്‍, എസ്‌ഐ എസ്‌. ഷുക്കൂര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

പോള്‍ വധം: ക്വട്ടേഷന്‍ സംഘം തലവന്മാര്‍ക്ക്‌ പങ്കെന്ന്‌ സൂചന - 24-aug

Date : August 24 2009 (mbi)


ആലപ്പുഴ: പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട 17 പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ ഒാംപ്രകാശും കസ്റ്റഡിയിലുണ്ടെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌. രണ്ടു ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാകുമെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഐജി വിന്‍സന്‍ എം. പോള്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്നു കാണാതായ ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ഞായറാഴ്‌ച കൊല്ലത്ത്‌ നീണ്ടകര പുത്തന്‍തുറയില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനു മുമ്പ്‌ പോളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഈ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചങ്ങനാശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള ക്വട്ടേഷന്‍കാരാണ്‌ പോലീസ്‌ കസ്റ്റഡിയിലുള്ളതെന്നാണ്‌ സൂചന. വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുനൂറോളം പേരെ ചോദ്യം ചെയ്‌തതായി ഐജി അറിയിച്ചു.

ഒരുബൈക്കുമായി കാര്‍ ഉരഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട്‌ കൊലപാതകം വരെ എത്തിയെന്ന സൂചന പോലീസ്‌ പരിശോധിച്ചുവരികയാണ്‌. ആസൂത്രിതമല്ലാതെ യാദൃശ്ചികമായുണ്ടായ സംഭവമാണോ എന്ന നിലക്കും അന്വേഷണം നടക്കുന്നുണ്ട്‌. സംഭവസ്ഥലത്ത്‌ നിന്ന്‌ പോലീസിന്‌ ലഭിച്ച ചതഞ്ഞരഞ്ഞ മൊബൈല്‍ഫോണും സിംകാര്‍ഡും സംഭവത്തിലെ പ്രധാന പ്രതിയുടേതാണെന്നാണ്‌ വിവരം. തിരുവനന്തപുരത്തേയും ചങ്ങനാശ്ശേരിയിലേയും ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായെന്ന വിവരം സത്യമാണോ എന്ന്‌ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.

ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചതെന്നു കരുതുന്ന രണ്ടു ടെമ്പോ ട്രാവലറുകളും പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. വഴിച്ചേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട വണ്ടിയുടെ വിശദാംശങ്ങളും പോലീസ്‌ ശേഖരിച്ചു.

തിരുവനന്തപുരത്തെ ഗുണ്ടാ നേതാക്കളായ ഒാംപ്രകാശും രാജേഷ്‌ പുത്തന്‍പാലവും പോള്‍ എം. ജോര്‍ജിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒാംപ്രകാശ്‌, പോള്‍ ജോര്‍ജിനൊപ്പം എന്‍ഡവര്‍ കാറിലായിരുന്നു. പോളിന്റെ ഡ്രൈവര്‍ ഷിബു ഓടിച്ച കാറിലായിരുന്നു രാജേഷ്‌. രാജേഷുമായി അടുപ്പമുള്ളയാളാണ്‌ കൈക്കു പരിക്കേറ്റു കിടക്കുന്ന മനു എന്നാണ്‌ വിവരം.

കൃത്യം നടത്തിയത്‌ ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്‌. സംശയം തോന്നി കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരെയും ആലപ്പുഴ പോലീസ്‌ ക്ലബ്ബില്‍ ഐജിയുടെ സാന്നിധ്യത്തിലാണ്‌ ചോദ്യം ചെയ്‌തത്‌. ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മനുവിനെയും ഞായറാഴ്‌ച പോലീസ്‌ ക്ലബ്ബില്‍ ചോദ്യം ചെയ്‌തു.

കൊലപാതകം ആര്‍ക്കുവേണ്ടിയായിരുന്നുവെന്നതു സംബന്ധിച്ച ദുരൂഹത തുടരുകയാണ്‌.

വ്യവസായരംഗത്തെ ശത്രുതയും കിടമത്സരവുമൊന്നും ഈ കൊലപാതകത്തിനു പിന്നിലില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിങ്കളാഴ്‌ചയോടെ ചിത്രം വ്യക്തമാകുമെന്നാണ്‌ അന്വേഷണച്ചുമതലയുള്ള ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ഇ. ദിവാകരന്റെ പ്രതീക്ഷ.

പോലീസ്‌ പിടിയിലായ ക്വട്ടേഷന്‍ സംഘത്തില്‍ ആലപ്പുഴ കലവൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഉണ്ടെന്ന സൂചന ലഭിച്ചു. മാരാരിക്കുളത്തെ ബീച്ച്‌ റിസോര്‍ട്ടില്‍ നിന്ന്‌ പോള്‍ പുറപ്പെട്ട ശേഷം ഇവര്‍ പിന്തുടര്‍ന്നിരുന്നുവെന്ന്‌ സംശയമുണ്ട്‌.

കൊലപാതകം ആസൂത്രിതമാണോ യാദൃച്ഛികമായി സംഭവിച്ചതാണോ എന്ന്‌ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. രണ്ട്‌ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക സംഭവത്തിന്‌ പിന്നിലുണ്ടോ എന്ന ദിശയിലേക്കും അന്വേഷണം നീളുന്നുണ്ട്‌.

കാറും കൂട്ടുകാരും എവിടെ? മൊഴികളിലും ദുരൂഹത - aug-23

Date : August 23 2009 (mbi)

ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച, യുവ വ്യവസായിയുടെ കൊലപാതകത്തിന്‌ സാക്ഷിയെന്ന്‌ കരുതുന്നയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍. മരിച്ചയാളുടെ ഡ്രൈവറുടെ വാക്കുകളില്‍ പോലീസിന്‌ അവിശ്വാസം. സംഭവത്തില്‍ അടിമുടി ദുരൂഹതയും.

വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയില്‍ അത്ര തിരക്കില്ലാത്ത എ.സി.റോഡിലെ പൊങ്ങയില്‍ നടന്ന ഈ കൊലപാതകം ക്വട്ടേഷന്‍ സംഘം ആളുമാറി നടത്തിയതാണെന്ന പ്രചാരണമായിരുന്നു ആദ്യം.

മരിച്ച പോള്‍ എം. ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു, സംഭവത്തിനിടെ പരിക്കേറ്റെന്നു പറയുന്ന തിരുവനന്തപുരം പേട്ട സ്വദേശി മനു എന്നിവരുടെ മൊഴികള്‍ അടിസ്ഥാനമാക്കിയാണ്‌ അന്വേഷണം. ഷിബുവും മനുവും പറയുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവമായെടുത്തിട്ടുണ്ട്‌.

വെള്ളിയാഴ്‌ച വൈകിട്ട്‌ 5ന്‌ എറണാകുളം മുത്തൂറ്റ്‌ ഹെഡ്‌ ഓഫീസില്‍ നിന്ന്‌ രണ്ടുവണ്ടികളിലാണ്‌ തങ്ങള്‍ പുറപ്പെട്ടതെന്നാണ്‌ ഡ്രൈവര്‍ ഷിബു പറയുന്നത്‌. ഒരു വണ്ടിയില്‍ താനും പോള്‍.എം. ജോര്‍ജും മറ്റൊരു വണ്ടിയില്‍ പോളിന്റെ കൂട്ടുകാരും. മാരാരിക്കുളത്ത്‌ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ നിര്‍മിക്കുന്ന ഹോട്ടല്‍ സൈറ്റ്‌ സന്ദര്‍ശിച്ച ശേഷം സമീപത്തുള്ള റിസോര്‍ട്ടിലും കുറേ സമയം ചെലവിട്ടു.

ചമ്പക്കുളത്തുള്ള കമ്പനി വക ഗസ്റ്റ്‌ ഹൗസിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. ഈ യാത്രയില്‍ പോള്‍ കൂട്ടുകാര്‍ക്കൊപ്പം അവരുടെ വണ്ടിയിലായിരുന്നു. താനും പോളിന്റെ ഒരു കൂട്ടുകാരനും പോളിന്റെ വണ്ടിയിലും അനുഗമിച്ചു. ഈ കൂട്ടുകാരനും താനും കൂടിയാണ്‌ പോളിനെയും പരിക്കേറ്റ മനുവിനെയും മെഡിക്കല്‍ കോളേജാസ്‌പത്രിയിലാക്കിയതെന്നും ഡ്രൈവര്‍ ഷിബു പറഞ്ഞു.

പോളിനൊപ്പം കാറിലുണ്ടായിരുന്ന മനു പറയുന്നത്‌ അനുഗമിച്ച കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്‌.

പോളിനെ കൂടാതെ മൂന്നുകൂട്ടുകാര്‍ കൂടി ആക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നുവെന്നാണ്‌ മനു പറഞ്ഞത്‌. എന്നാല്‍ ഈ കാറും കൂട്ടുകാരും എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു.

വെള്ളിയാഴ്‌ച കാലത്ത്‌ പോളിന്റെ സ്‌കോര്‍പ്പിയോ കാറിലാണ്‌, പേട്ടയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പ്‌ നടത്തുന്ന താന്‍ എറണാകുളത്തിനുപോയതെന്നാണ്‌ മനു പറയുന്നത്‌. വര്‍ക്ക്‌ഷോപ്പിലേക്കു സാധനങ്ങള്‍ വാങ്ങാനായിരുന്നുവത്രെ യാത്ര.

എന്നാല്‍, ഇദ്ദേഹം സാധനങ്ങള്‍ ഒന്നുംതന്നെ വാങ്ങിയില്ല. അത്‌ അടുത്ത ദിവസത്തേക്കു മാറ്റിവച്ചുവെന്നാണ്‌ വിശദീകരണം. മരിച്ച പോളുമായി മുന്‍പരിചയമില്ലെന്നു പറയുന്ന മനു എങ്ങനെ ഈ സംഘത്തില്‍ വന്നു എന്നതില്‍തന്നെയുണ്ട്‌ ദുരൂഹത. തന്റെയും പോളിന്റെയും സ്‌നേഹിതന്‍ നൗഷാദ്‌ പറഞ്ഞിട്ട്‌ ഒപ്പം കൂടിയെന്ന മനുവിന്റെ വിശദീകരണം അന്വേഷണ ഉദ്യോഗസ്ഥര്‍ അപ്പടി വിശ്വസിക്കുന്നില്ല. ഈ നൗഷാദിനെപ്പറ്റി ഒരു വിവരവുമില്ല. താന്‍ കാലത്തുമുതല്‍ ഉപയോഗിച്ചുവെന്നു മനു പറയുന്ന പോളിന്റെ കാര്‍ എറണാകുളത്തുതന്നെ ഉണ്ടായിരുന്നുവെന്നും തിരുവനന്തപുരത്തു പോയിട്ടില്ലെന്നും ഡ്രൈവര്‍ പറയുമ്പോള്‍ സംശയം ഇരട്ടിക്കുകയാണ്‌.

കൂട്ടുകാര്‍ വന്ന കാറും ട്രാവലറും സംഭവസ്ഥലത്തുനിന്ന്‌ ഒപ്പം പോയി എന്നാണ്‌ മനു പറയുന്നത്‌. എന്നാല്‍ താന്‍ പോളിനെയും പരിക്കേറ്റയാളിനെയും മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുവരുമ്പോള്‍ കൂട്ടുകാരുടെ കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ എന്‍.എച്ചില്‍ കയറി തെക്കോട്ടുപോയെന്നുമാണ്‌ ഡ്രൈവര്‍ പറയുന്നത്‌.

ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ തന്റെ പക്കലുള്ളൂ എന്നായിരുന്നു ഡ്രൈവര്‍ പോലീസിനോട്‌ പറഞ്ഞിരുന്നത്‌. ദേഹപരിശോധനയില്‍ മറ്റൊരെണ്ണം കൂടി കിട്ടിയതും ഡ്രൈവറില്‍ പോലീസിന്‌ അവിശ്വാസം ജനിപ്പിച്ചു.

മനുവിന്റെ പരിക്കും ടെമ്പോ ട്രാവലറില്‍ പന്ത്രണ്ടംഗ സംഘം എത്തിയതുമെല്ലാം വിശദമായ അന്വേഷണത്തിനുശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ്‌ പോലീസ്‌.

പോള്‍.എം. ജോര്‍ജിന്റെ കൊലപാതകം: വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജം - aug 23

Date : August 23 2009 (Mbi)


തിരുവനന്തപുരം: ആലപ്പുഴയില്‍ കുത്തേറ്റ്‌ മരിച്ച വ്യവസായി പോള്‍.എം.ജോര്‍ജും സുഹൃത്തും സഞ്ചരിച്ചിരുന്ന ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന്‌ പോലീസ്‌ കണ്ടെത്തി. ഈ വാഹനം തിരുവനന്തപുരം നഗരത്തില്‍ നിന്നും കസ്‌റ്റഡിയിലെടുത്തതായി സൂചനയുണ്ട്‌.

തിരുവനന്തപുരം പേട്ട മൂന്നാം മനയ്‌ക്കല്‍ സ്വദേശി പ്രവീണ്‍ എന്ന മനുവുമായി കാറില്‍ പോകുമ്പോഴാണ്‌ വാനിലെത്തിയ സംഘം ഇവരെ ആക്രമിച്ചത്‌. മനു ഉപയോഗിച്ചിരുന്നതാണ്‌ ഈ ആഡംബരക്കാറെന്ന്‌ പോലീസ്‌ സ്ഥീരികരിച്ചു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ളതായിരുന്നു ഈ വാഹനം. റെന്റ്‌ എ കാര്‍ ബിസിനസ്‌ നടത്തിയിരുന്ന മനുവിന്റെ ബന്ധങ്ങള്‍ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ഇയാള്‍ക്ക്‌ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്‌.

മനുവിന്റെ സുഹൃത്തുക്കളെ പോലീസ്‌ ചോദ്യം ചെയ്‌തു . ഇയാളുടെ പേട്ടയിലുള്ള വീട്ടില്‍ പോലീസ്‌ ശനിയാഴ്‌ച വൈകുന്നേരം പരിശോധന നടത്തി. വാഹന കച്ചവടവുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്‌. റെന്റ്‌ എ കാര്‍ ബിസിനസ്‌ രംഗത്തുള്ള എയര്‍പോര്‍ട്ട്‌ സ്വദേശികളെയും പോലീസ്‌ സംശയിക്കുന്നുണ്ട്‌. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരില്‍ പലരും ഒളിവിലാണ്‌.

പോള്‍ എം. ജോര്‍ജിന്റെ സഹോദരന്റെ വീട്ടിലെ ജീവനക്കാരനും സംഭവസമയത്ത്‌ സ്ഥലത്തുണ്ടായിരുന്ന മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഡ്രൈവറുമാണ്‌ മനുവിന്റെ കാറിനെക്കുറിച്ചുള്ള സൂചന പോലീസിന്‌ നല്‍കിയത്‌. കുത്തേറ്റ്‌ അവശനിലയിലായ പോള്‍ എം. ജോര്‍ജുമായി ആസ്‌പത്രിയിലേക്ക്‌ പോകവേ ഈ വാഹനം തിരുവനന്തപുരത്തേക്ക്‌ പോകുന്നത്‌ കണ്ടതായി ഡ്രൈവര്‍ പോലീസിനോട്‌ പറഞ്ഞിരുന്നു. ഒരാഴ്‌ച മുമ്പ്‌ പോള്‍ എം. ജോര്‍ജ്‌ സുഹൃത്തുക്കളുമായി ഈ കാറില്‍ കൊച്ചിയിലെ സഹോദരന്റെ വസതിയില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ വാഹനത്തിന്റെ നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ നല്‍കിയ മൊഴിയില്‍ പരാമര്‍ശിച്ച വാഹനം ഇതാണെന്ന്‌ സംശയം തോന്നിയതിനെ തുടര്‍ന്നാണ്‌ പോലീസ്‌ അന്വേഷണം തിരുവനന്തപുരത്തേക്ക്‌ വ്യാപിപ്പിച്ചത്‌. തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയത്‌.

കൊലപാതകത്തിന്‌ പിന്നില്‍ തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്‌ പങ്കുള്ളതായി പോലീസിന്‌ സംശയമുണ്ട്‌. സംഭവത്തിനുശേഷം കാര്‍ തിരുവനന്തപുരത്ത്‌ എത്തിയതാണ്‌ സംശയത്തിന്‌ ബലമേകുന്നത്‌. കേസന്വേഷിക്കുന്ന ഐ.ജി. വിന്‍സന്‍ .എം. പോള്‍ ശനിയാഴ്‌ച രാത്രി തിരുവനന്തപുരത്ത്‌ എത്തിച്ചേര്‍ന്നു.

പോള്‍ എം. ജോര്‍ജിന്റെ കൊലപാതകം: രണ്ടുപേര്‍ കസ്റ്റഡിയില്‍ - 23-aug

Date : August 23 2009 (mbi)

തിരുവനന്തപുരം: പോള്‍ എം. ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യാനായി വരുത്തിയ രണ്ടുപേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തതായി സൂചന.

തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട്‌ ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണിവരെന്ന്‌ അറിയുന്നു. പോള്‍ എം. ജോര്‍ജിനൊപ്പമുണ്ടായിരുന്ന മനുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്‌ ഇരുവരും. റെന്റ്‌ എ കാര്‍, റിയല്‍ എസ്റ്റേറ്റ്‌, ബിസിനസുകളില്‍ ഇവര്‍ പങ്കാളികളായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ ചോദ്യം ചെയ്‌തുവരികയാണെന്നും ഇവര്‍ക്ക്‌ കൊലപാതകവുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഇപ്പോള്‍ നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ്‌ പോലീസ്‌.

മുത്തൂറ്റ്‌ പോള്‍ എം.ജോര്‍ജ്‌ നടുറോഡില്‍ കൊല്ലപ്പെട്ടു -23 aug

Date : August 23 2009 (mbi)


ആലപ്പുഴ:മുത്തൂറ്റ്‌ എം.ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എം.ജി.ജോര്‍ജിന്റെ മകന്‍ പോള്‍ എം. ജോര്‍ജ്‌ (30)വെള്ളിയാഴ്‌ച അര്‍ധരാത്രി നടുറോഡില്‍ കൊലചെയ്യപ്പെട്ടു. കൊലപാതകത്തിന്‌ പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നു പോലീസ്‌ സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്ത്‌ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

കോഴഞ്ചേരി ആസ്ഥാനമായുള്ള മുത്തൂറ്റ്‌ എം ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറും ഹോസ്‌പിറ്റാലിറ്റി ഡിവിഷന്റെ ഡയറക്ടറുമായിരുന്നു പോള്‍. വ്യവസായ പ്രമുഖനായിരുന്ന മുത്തൂറ്റ്‌ എം.ജോര്‍ജിന്റെ ചെറുമകനാണ്‌.

കൂട്ടുകാരുമൊത്ത്‌ കാറില്‍ കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള മുത്തൂറ്റ്‌ ഗ്രൂപ്പ്‌വക ഗസ്റ്റ്‌ഹൗസിലേക്ക്‌ പോകുമ്പോള്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ ജ്യോതി ജങ്‌ഷനില്‍ വച്ചായിരുന്നു സംഭവം. വിജനമായ റോഡില്‍ രാത്രി പന്ത്രണ്ടരയോടെ അക്രമികള്‍ പോളിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

മരിച്ചപ്പോള്‍ പോള്‍ എം.ജോര്‍ജിനൊപ്പം കാറിലുണ്ടായിരുന്ന തിരുവനന്തപുരം പേട്ട മൂന്നാമനയ്‌ക്കല്‍ രാമന്‍വിളാകം വീട്ടില്‍ പ്രവീണ്‍ എന്ന മനുവി(30)നെ ഇടതുകൈയില്‍ കുത്തേറ്റ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളും പോളിന്റെ ഡ്രൈവര്‍ കാഞ്ചിയാര്‍ വള്ളാനത്തുവീട്ടില്‍ ഷിബുവും (30) മാത്രമാണ്‌ കൃത്യം കണ്ടിട്ടുള്ള രണ്ടുപേര്‍. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ അന്വേഷണം നടക്കുന്നത്‌. ഏറെ പൊരുത്തക്കേടുള്ള ഇവരുടെ മൊഴി പോലീസ്‌ അതേപടി വിശ്വസിക്കുന്നില്ല.

അക്രമം നടക്കുമ്പോള്‍ പോള്‍ സഞ്ചരിച്ചിരുന്ന കാറും അതിലുണ്ടായിരുന്ന കൂട്ടുകാരേയും കൃത്യത്തിനുശേഷം കാണാതായത്‌ സംഭവത്തിന്‌ ദുരൂഹതയുണ്ടാക്കിയിരിക്കുകയാണ്‌.

ഒരു ടെമ്പോട്രാവലറില്‍ എത്തിയ പന്ത്രണ്ടംഗ സംഘമാണ്‌ പോളിനെ കൊലപ്പെടുത്തിയതെന്ന്‌ പോളിന്റെ ഡ്രൈവര്‍ ഷിബുവും പരിക്കേറ്റ മനുവും മൊഴി നല്‍കിയിട്ടുണ്ട്‌. അക്രമം നടക്കുമ്പോള്‍ പോള്‍ കൂട്ടുകാര്‍ക്കൊപ്പം അവരുടെ കാറിലായിരുന്നു. ഡ്രൈവര്‍ ഓടിച്ചിരുന്ന പോളിന്റെ കാര്‍ കൃത്യം നടന്നുകഴിഞ്ഞാണ്‌ സംഭവസ്ഥലത്ത്‌ എത്തുന്നത്‌.

ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിലെ പൊങ്ങജ്യോതി ജംഗ്‌ഷനില്‍ ഒരുമതിലിനോടു ചേര്‍ത്തുനിര്‍ത്തി പിന്നില്‍ നിന്ന്‌ കുത്തി പരിക്കേല്‌പിച്ച നിലയിലായിരുന്നു പോളിന്റെ മൃതദേഹം. കൈക്കുകുത്തേറ്റ നിലയില്‍ മനുവും സമീപത്തുണ്ടായിരുന്നു.

പോളിന്റെ കാറില്‍ ഇരുവരേയും താനാണ്‌ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ കൊണ്ടുവന്നതെന്നാണ്‌ ഡ്രൈവര്‍ ഷിബു പോലീസിനോട്‌ പറഞ്ഞത്‌. നെടുമുടി പോലീസ്‌സ്റ്റേഷനില്‍ 12.50ന്‌ വിവരമറിയിച്ചതും ഡ്രൈവര്‍ തന്നെയാണ്‌.

ഗസ്റ്റ്‌ഹൗസിന്റെ താക്കോല്‍ വാങ്ങാന്‍ പള്ളാത്തുരുത്തിയിലുള്ള മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഓഫീസില്‍ കയറിയതിനാലാണ്‌ പോളിന്റെ കാറിനെ അനുഗമിച്ചിരുന്ന വണ്ടി അല്‌പം പിന്നിലായതെന്നാണ്‌ ഡ്രൈവര്‍ പറഞ്ഞത്‌. താന്‍ സ്ഥലത്തെത്തുമ്പോള്‍ പന്ത്രണ്ടുപേര്‍ പോള്‍ സഞ്ചരിച്ചിരുന്ന വണ്ടിക്കുചുറ്റും നില്‍ക്കുന്നതു കണ്ടു. വണ്ടിയുടെ മുന്‍വശത്തെ വെളിച്ചം കണ്ടപ്പോള്‍ ഇവര്‍ അടുത്തുകിടന്ന ടെമ്പോ ട്രാവലറില്‍ കയറി സ്ഥലംവിട്ടു.

ടെമ്പോട്രാവലറില്‍ വന്ന സംഘം വണ്ടിവട്ടമിട്ട്‌ ആക്രമിക്കുകയായിരുന്നുവെന്നാണ്‌ പരിക്കേറ്റ മനുവിന്റെ മൊഴി. വലിയ ഒരു വ്യവസായ ശൃംഖലയിലെ പ്രധാന വ്യക്തിയുടെ കൊലപാതകം അതീവ ഗൗരവത്തോടെയാണ്‌ പോലീസ്‌ കൈകാര്യം ചെയ്യുന്നത്‌. ഐജി വിന്‍സന്‍ എം. പോള്‍ ശനിയാഴ്‌ച സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. എസ്‌പി ഇ. ദിവാകരന്‍, ഡിവൈഎസ്‌പി കെ.എം.ടോമി, ആലപ്പുഴ നോര്‍ത്ത്‌ സിഐ കെ.എ.തോമസ്‌ എന്നിവരാണ്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌.

നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, കെ.സി.വേണുഗോപാല്‍ എംപി, കോട്ടയം ഡിസിസി പ്രസിഡന്റ്‌ കെ.സി.ജോസഫ്‌ എംഎല്‍എ എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാസ്‌പത്രിയിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.

ശവസംസ്‌കാരം പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ഞായറാഴ്‌ച 3ന്‌ കോഴഞ്ചേരി സെന്റ്‌ മാത്യൂസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടക്കും.

ന്യൂഡല്‍ഹി സെന്റ്‌ജോര്‍ജ്‌ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാറാമ്മയാണ്‌ പോളിന്റെ അമ്മ. മുത്തൂറ്റ്‌ എം ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ ജോര്‍ജ്‌ എം.ജോര്‍ജ്‌, അലക്‌സാണ്ടര്‍ എം. ജോര്‍ജ്‌ എന്നിവര്‍ പോളിന്റെ സഹോദരങ്ങളാണ്‌.
 

blogger templates | Make Money Online