മാതൃഭൂമി. ഒക്ടോ.21, 2008
കൊച്ചി: ക്രിസ്‌തുവിനെ ഉപേക്ഷിച്ച് സാത്താന്റെ കുര്‍ബാന നടത്തിയ ബിഷപ്പ് ജോണ്‍ തട്ടുങ്കലിനെ പൗരോഹിത്യത്തില്‍നിന്നും സഭയില്‍നിന്നും പുറത്താക്കണമെന്ന് കെ.എല്‍.സി.എ. പുല്ലൂടന്‍ വിഭാഗം ആവശ്യപ്പെട്ടു.
ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തെ ലളിതവത്‌കരിക്കുവാന്‍ ലത്തീന്‍ കത്തോലിക്ക സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ ആരോപിച്ചു.
പ്രശ്‌നത്തെ ലളിതവത്‌കരിക്കുവാനുള്ള ശ്രമം കത്തോലിക്കാസഭയെ ഇല്ലാതാക്കും. സഭയിലെ അനേകം വൈദികര്‍ സാമ്പത്തിക ക്രമക്കേടുകള്‍, ലൈംഗിക കുറ്റങ്ങള്‍, ഗുണ്ടായിസം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ്. ജോണ്‍ തട്ടുങ്കല്‍സംഭവം ഒരു നിമിത്തമായെടുത്ത് ഇവര്‍ക്കെതിരെയും കാനോനിക നടപടിയെങ്കിലും കൈക്കൊള്ളുവാന്‍ ആര്‍ച്ച് ബിഷപ്പ് ആര്‍ജവം കാണിക്കണം. കുറ്റവാളികളായ വൈദികരുടെ പട്ടികയും അവരുടെ കുറ്റകൃത്യങ്ങള്‍ സംബന്ധിക്കുന്ന വിശദവിവരങ്ങളും നല്‍കാന്‍ കെ.എല്‍.സി.എ. ഒരുക്കമാണ്. സഭയുടെ സ്വത്തുക്കള്‍ നിയന്ത്രണവിധേയമായി കൈകാര്യം ചെയ്യുവാന്‍, ദേവസ്വം ബോര്‍ഡിന് സമാനമായി ക്രിസ്‌ത്യന്‍ ബോര്‍ഡ് രൂപവത്‌കരിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കെ.എല്‍.സി.എ. ആവശ്യപ്പെട്ടു.
22ന് കെ.എല്‍.സി.എ വരാപ്പുഴ ആര്‍ച്ച്‌ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10.30ന് മേനക ജംഗ്‌ഷനില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. മെത്രാസന മന്ദിരത്തില്‍ നടക്കുന്ന ധര്‍ണ ഫെലിക്‌സ് ജെ. പുല്ലൂടന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷനായിരിക്കും.
ജോസഫ് വെളിവില്‍, ബെന്നി ജോസഫ്, റെന്‍സണ്‍ മാര്‍ക്കോസ്, ജോഷി ഡോണ്‍ബോസ്‌കോ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.