Tuesday, September 30, 2008

മൂന്നാര്‍: പിടിച്ചെടുത്ത ഭൂമി ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും : വി.എസ്

പി.കെ. പ്രകാശ്
മാധ്യമം 2008 ഒക്ടോ. 1

മൂന്നാര്‍: കൈയേറ്റക്കാരില്‍ നിന്ന് മൂന്നാറില്‍ വീണ്ടെടുത്ത സര്‍ക്കാര്‍ ഭൂമി ഉടന്‍ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മൂന്നാറിലും സമീപപ്രദേശങ്ങളിലും കൈയേറ്റക്കാരില്‍ നിന്ന് സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്തിട്ട് ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞു. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി ഭൂരഹിത ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ വൈകിയതാണ് കൈയേറ്റക്കാര്‍ ഇപ്പോള്‍ മുതലെടുക്കുന്നത്. പാര്‍വതിമലയിലെ ഭൂമി ഒരിക്കല്‍കൂടി അളന്ന് തിട്ടപ്പെടുത്തുമെന്നും അതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാനും പിടിച്ചെടുത്ത ഭൂമി വിതരണം ചെയ്യാനും രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി ഈമാസം ഒമ്പതിന് മൂന്നാറില്‍ യോഗം ചേരും. ആ യോഗത്തില്‍ മൂന്നാറിലെ ഭൂമി വിതരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ചിന്നക്കനാലിലെ ആദിവാസികള്‍ക്കും മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കും കൃഷിക്കും ഉപജീവനത്തിനും ആവശ്യമായ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ അടക്കമുള്ള കൈയേറ്റക്കാരില്‍ നിന്ന് സര്‍ക്കാറിന്റെ ഭൂമി തിരിച്ചുപിടിക്കാന്‍ ആരംഭിച്ചപ്പോള്‍ ഇതിനെതിരെ ഒരുവിഭാഗം തൊഴിലാളികളെയും ആദിവാസികളെയും തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കി.

എന്നാല്‍, ഈ ഭൂരഹിതരായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുന്നതോടെ നവീന മൂന്നാര്‍ യാഥാര്‍ഥ്യമാകും. '57 ^ലെ ഇ.എം.എസ് സര്‍ക്കാര്‍ ആരംഭിച്ച ഭൂപരിഷ്കരണ നടപടികളുടെ തുടര്‍ നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പള്ളിവാസലില്‍ ടാറ്റ ഗ്രാന്റിസ് വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് കൈയേറിയ ഭൂമിയാണ് ആദ്യം സന്ദര്‍ശിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് സി.പി.എം നേതൃത്വത്തില്‍ ഭൂമി കൈയേറ്റം നടക്കുകയും പിന്നീട് സര്‍ക്കാര്‍ ഒഴിപ്പിക്കുകയും ചെയ്ത പാര്‍വതി മലയാണ് പിന്നീട് സന്ദര്‍ശിച്ചത്. പാര്‍വതി മലയിലെ സര്‍ക്കാര്‍ ഭൂമി 53 ഏക്കറാണെന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ച ശേഷവും ഇവിടെ സര്‍ക്കാര്‍ ഭൂമി പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബൈസണ്‍വാലി വില്ലേജിലെ ഓക്ഫീല്‍ഡ് റിസോര്‍ട്ടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ഏലം കുത്തകപ്പാട്ട നിയമം മറികടന്ന് നിര്‍മിച്ച റിസോര്‍ട്ട് നേരത്തേ ദൌത്യസംഘം ഏറ്റെടുത്തിരുന്നു. ഈ നടപടി കോടതി അംഗീകരിക്കുകയും ചെയ്തു. ഓക്ഫീല്‍ഡ് റിസോര്‍ട്ട് വി.എസ് നോക്കിക്കണ്ടു. അതിന് ശേഷം മൂന്നാര്‍ ഗസ്റ്റ് ഹൌസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദൌത്യസംഘത്തിന്റെ നേതൃത്വത്തില്‍ നേരത്തേ വീണ്ടെടുത്ത സ്ഥലങ്ങളാണ് പരിശോധിച്ചത്. മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങളായ എ.കെ. ബാലനും ബിനോയ് വിശ്വവും എത്തുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതിന് ടാറ്റ കൈയേറിയ ഭൂമിയും പുതുതായി റിസോര്‍ട്ട് നിര്‍മാണം നടക്കുന്ന പ്രദേശങ്ങളും സന്ദര്‍ശിക്കുമെന്ന് വി.എസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

(സെപ്തംബര് 30ന്റെ റിപ്പോര്‍ട്ടിന് തുടര്‍ച്ചയാണ് ഈ റിപ്പോര്‍ട്ട്. ടാറ്റ കയ്യേറിയ അമ്പതിനായിരം ഏക്കര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയെന്ന സ്തോഭ ജനകമായ വെളിപ്പെടുത്തലിന്റെ ഫോളോ അപ്.. പ്രസ്തുത റിപ്പോര്‍ട്ടിനെക്കുറിച്ചോ, കണ്ടെത്തലിനെക്കുറിച്ചോ ഈ റിപ്പോര്‍ട്ട് മൗനം പാലിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.. ഒറ്റ ദിവസത്തിനുളളില് എന്തൊരു മലക്കം മറിച്ചില്)

 

blogger templates | Make Money Online