മനോരമ, ഒക്ടോ. 1
മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നിയോഗിച്ച ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഏതാനും സ്ഥലങ്ങളില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. പള്ളിവാസലിനു സമീപം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡിസ് തോട്ടം, കഴിഞ്ഞ ദിവസം ഭൂമിപിടിച്ചടക്കലും ഒഴിപ്പിക്കലും നടന്ന പാര്‍വതി മല, മൂന്നാം ദൌത്യസംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തു മുദ്രവച്ച ഓക്ഫീല്‍ഡ് റിസോര്‍ട്ട് എന്നിവിടങ്ങളിലാണു മുഖ്യമന്ത്രിയും ദൌത്യസംഘം ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയത്.
ഇന്നു കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ തന്നെ കൈവശമുള്ള ചൊക്കനാട് എസ്റ്റേറ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ എ.കെ. ബാലനും ബിനോയ് വിശ്വവും സന്ദര്‍ശനം നടത്തുമെന്നാണ് അറിവ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോടൊപ്പം എത്താന്‍ സാധിക്കാത്ത ഉപസമിതി അംഗങ്ങളായ മന്ത്രി എ.കെ. ബാലന്‍ ഇന്നലെ മൂന്നാറില്‍ എത്തി. മന്ത്രി ബിനോയ് വിശ്വം ഇന്നു രാവിലെ ഒന്‍പതിനു മൂന്നാറില്‍ എത്തുമെന്നാണ് അറിവ്.
ഏതാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവിപരിപാടികള്‍ സംബന്ധിച്ചു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ മൂന്നാറില്‍ എത്തിയ മുഖ്യമന്ത്രിയും ദൌത്യസംഘവും നേരിട്ടു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.ചൊക്കനാട് എസ്റ്റേറ്റില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ കൈവശം ഏകദേശം 90 ഏക്കര്‍ ഭൂമി അധികം സര്‍വേയില്‍ കണ്ടെത്തിയെന്നാണ്
അറിവ്.
ഇവിടെ ഇന്നലെ ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ് സന്ദര്‍ശനം നടത്തി ഭൂമിയുടെ നിജസ്ഥിതി ഉറപ്പാക്കിയിരുന്നു. ഇതോടെ, ഇന്നലെ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുക്കലും പ്രഖ്യാപനവും ഉണ്ടാകുമെന്നു ശ്രുതിപരന്നിരുന്നു.പള്ളിവാസലില്‍ ടാറ്റയുടെ കൈവശം അഞ്ചേക്കര്‍ അധികം ഭൂമിയുണ്ടെന്നും ഇവിടെ സര്‍വേ നടത്തി ഉടമസ്ഥത ഉറപ്പാക്കുമെന്നും പിന്നീടു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൂടാതെ, പാര്‍വതി മലയില്‍ കയ്യേറ്റം ഒഴിപ്പിച്ച ഭൂമിയുടെ അളവില്‍ അഞ്ചേക്കറിന്റെ കുറവു വന്നിട്ടുണ്ടെന്നും ഇതിനാല്‍, വീണ്ടും സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്നു സിപിഎം പ്രാദേശിക നേതൃത്വം വിട്ടുനിന്നപ്പോള്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഔപചാരിക സന്ദര്‍ശനത്തില്‍ ഒതുക്കി.ദൌത്യസംഘം പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നു വിവാദത്തില്‍ എത്തിയ പല സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല.
സിപിഎം നേതാക്കളുടെ കയ്യേറ്റം വ്യാപകമായ ചിന്നക്കനാല്‍ പഞ്ചായത്തിലും സന്ദര്‍ശനം നടത്തുമോയെന്ന് ഇതുവരെ അറിവായിട്ടില്ല.ദൌത്യസംഘം സ്പെഷല്‍ ഓഫിസര്‍ കെ. രാമാനന്ദന്‍, ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ്, ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ. കുട്ടപ്പായി എന്നിവരും സംഘത്തെ അനുഗമിച്ചു.