Tuesday, September 30, 2008

മുഖ്യമന്ത്രി മൂന്നാറില്‍; പുതിയ ദൗത്യത്തിന്‌ തുടക്കം

എസ്‌.ഡി.സതീശന്‍ നായര്‍
(മാതൃഭൂമി, ഒക്ടോ.1)

മൂന്നാര്‍:കൈയേറ്റമൊഴിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിന്‌ തുടക്കംകുറിച്ച്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ചൊവ്വാഴ്‌ച മൂന്നാറിലെത്തി. ഇതിനകം ഒഴിപ്പിച്ചെടുത്ത 11581.34 ഏക്കര്‍ ഭൂമി, ഭൂരഹിതരായ അര്‍ഹതപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യുന്നതിനുള്ള നടപടിക്കും, കൈയേറ്റമെന്ന്‌ ദൗത്യസംഘം കണ്ടെത്തിയ കൂടുതല്‍ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള നീക്കത്തിനും തുടക്കമിടുകയാണ്‌ സന്ദര്‍ശനലക്ഷ്യം.

പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ്‌ ഡാമിനുസമീപം പള്ളിവാസല്‍ വില്ലേജിലെ സര്‍വ്വേനമ്പര്‍ 60/1ല്‍പ്പെടുന്ന അഞ്ചേക്കര്‍ സ്ഥലം വി.എസ്‌. സന്ദര്‍ശിച്ചു. ഇത്‌ ടാറ്റാ ടീ കൈയേറി ഗ്രാന്റിസ്‌ നട്ടുപിടിപ്പിച്ചിട്ടുള്ള സ്ഥലമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണന്‍ദേവന്‍ കമ്പനിയുടെ സെവന്‍മല, ലക്ഷ്‌മി എസ്റ്റേറ്റുകള്‍ക്കിടയില്‍ പാര്‍വതിമലയില്‍ ഈവര്‍ഷം ആദ്യം വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ നടന്ന കൈയേറ്റം ഒഴിപ്പിച്ച സ്ഥലവും വി.എസ്‌.സന്ദര്‍ശിച്ചു. ഇവിടെ 53 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണെന്നു കണ്ടെത്തി ഒഴിപ്പിച്ചതാണെങ്കിലും ഇപ്പോള്‍ 47 ഏക്കറേ ഉള്ളൂ എന്ന്‌ പിന്നീട്‌ പത്രസമ്മേളനത്തില്‍ വി.എസ്‌. പറഞ്ഞു. ഈ ഭൂമി വീണ്ടും സര്‍വ്വേ നടത്തേണ്ടതുണ്ടോ എന്ന്‌ ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ തീരുമാനിക്കും. പാര്‍വതിമലയില്‍ ഒഴിപ്പിച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുന്നതിന്‌ കഴിയില്ലേ എന്ന്‌ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട്‌ മുഖ്യമന്ത്രി ആരാഞ്ഞിട്ടുണ്ട്‌. ഈ സ്ഥലം വിതരണത്തിന്‌ റവന്യൂവകുപ്പ്‌ ഉടന്‍ നടപടി സ്വീകരിക്കും.

ബൈസണ്‍വാലി വില്ലേജില്‍ ജൂണ്‍മാസത്തില്‍ ദൗത്യസംഘം ഒഴിപ്പിച്ച ഓക്‌ഫീല്‍ഡ്‌ റിസോര്‍ട്ടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഇവിടെ 90 സെന്റ്‌ സ്ഥലത്ത്‌ 37 മുറികളോടെ കെട്ടിടം നിര്‍മിച്ചത്‌ നിയമം ലംഘിച്ചാണെന്നും ഈ സ്ഥലത്തിന്റെ കാര്യത്തില്‍ കോടതി സര്‍ക്കാരിനനുകൂലമായി വിധിച്ചിട്ടുണ്ടെന്നും വി.എസ്‌. പറഞ്ഞു.

ബുധനാഴ്‌ച കൂടുതല്‍ സ്ഥലങ്ങളില്‍ പോകുമെന്നും മന്ത്രിമാരായ എ.കെ.ബാലന്‍, ബിനോയ്‌ വിശ്വം എന്നിവര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങള്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാല്‍, കെ.ഡി.എച്ച്‌. വില്ലേജില്‍ സര്‍വ്വേനമ്പര്‍ 177/1-1-2ല്‍പ്പെട്ട 90.87 ഏക്കര്‍ ഭൂമി കൈയേറ്റമാണെന്ന്‌ ദൗത്യസംഘം കണ്ടെത്തിയിട്ടുള്ളത്‌ നേരിട്ടെത്തി ഏറ്റെടുക്കുകയാണ്‌ വി.എസ്സിന്റെ ഉദ്ദേശ്യമെന്നറിയുന്നു. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചൊക്കനാട്‌ എസ്റ്റേറ്റിനോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണിത്‌. അതേസമയം ഇവിടെ 90.87 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണെന്ന്‌ വ്യക്തമായിട്ടുണ്ടെങ്കിലും ഇതില്‍ 77 ഏക്കര്‍ മാത്രമാണ്‌ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്‌.
 

blogger templates | Make Money Online