Tuesday, September 30, 2008

പുലിയെപ്പോലെ പോയ വി.എസിനെ മൂന്നാറില്‍ വെറും 'പൂച്ച'യാക്കി

മംഗളം, ഒക്ടോ.1

കോട്ടയം/കൊച്ചി: വി.എസ്‌. മനസില്‍ കണ്ടത്‌ ടാറ്റയും പാര്‍ട്ടിയിലെ മറുപക്ഷവും മാനത്തുകണ്ടു. നഷ്‌ടപ്പെട്ട പ്രതിച്‌ഛായ വീണ്ടെടുക്കാന്‍ രണ്ടാം ഭൂപരിഷ്‌കരണ സ്വപ്‌നങ്ങളുമായി വീണ്ടും മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനു വീണ്ടും ചുവടു പിഴച്ചു. പാര്‍ട്ടിയില്‍നിന്നു ടാറ്റ വഴിവന്ന പാരയാണ്‌ വി.എസിന്റെ മൂന്നാര്‍ 'രഹസ്യ' സന്ദര്‍ശനത്തിന്റെ മുനയൊടിച്ചത്‌.

ടാറ്റ ഹൈക്കോടതിയില്‍നിന്നു സമ്പാദിച്ച സ്‌റ്റേ ഉത്തരവ്‌ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാനെത്തിയ വി.എസിനു വിലങ്ങുതടിയായി. ഔദ്യോഗിക അറിയിപ്പില്ലാതെ അധികമാരുമറിയാതെയാണു വി.എസ്‌. മൂന്നാറിലെത്തിയത്‌. എന്നാല്‍ വി.എസിനു 'പൈലറ്റായി' മുന്‍ദൗത്യസംഘത്തലവന്‍ കെ. സുരേഷ്‌കുമാര്‍ ദിവസങ്ങള്‍ക്കു മുമ്പ്‌ മൂന്നാറിലെത്തിയപ്പോള്‍തന്നെ പാര്‍ട്ടിയിലെ മറുപക്ഷം വി.എസിന്റെ വരവു മണത്തറിഞ്ഞു. പാര്‍ട്ടിയില്‍നിന്നുതന്നെ 'അപകടമുന്നറിയിപ്പു' ലഭിച്ചതോടെയാണ്‌ സ്‌റ്റേ ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാന്‍ ടാറ്റയ്‌ക്കു കാലേക്കൂട്ടി കഴിഞ്ഞത്‌. സ്‌റ്റേ ഉത്തരവിനേത്തുടര്‍ന്ന്‌ ഒക്‌ടോബര്‍ പത്തിന്‌ അടുത്ത വാദം കേള്‍ക്കുംവരെ മൂന്നാറിലെ ടാറ്റയുടെ ഏതെങ്കിലും സ്വത്തിന്മേല്‍ കൈവയ്‌ക്കാന്‍ സര്‍ക്കാരിനു കഴിയില്ല.

ടാറ്റ കൈയേറിയെന്ന്‌ ആരോപിക്കപ്പെടുന്ന പള്ളിവാസലിലെ അഞ്ച്‌ ഏക്കര്‍ വി.എസ്‌. ഇന്നലെ സന്ദര്‍ശിച്ചു. വേണ്ടത്ര തയാറെടുപ്പില്ലാതെ എത്തിയ ഉദ്യോഗസ്‌ഥസംഘം കൈയേറ്റങ്ങളുടെ നിയമപരമായ വിശദാംശങ്ങള്‍ ധരിപ്പിക്കുംമുമ്പാണ്‌ രണ്ടാംദൗത്യത്തിനു വി.എസ്‌. തുനിഞ്ഞത്‌.

കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മൂന്നാര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. സമിതി ഒക്‌ടോബര്‍ ഒന്‍പതിനു മൂന്നാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ്‌ വി.എസ്‌. ആസൂത്രിതമായി ഇന്നലെ മൂന്നാറിലെത്തിയത്‌. ഉപസമിതി എത്തുന്നതിനു മുമ്പ്‌ ടാറ്റ കൈയേറിയ ഭൂമി പിടിച്ചെടുക്കുകയായിരുന്നുവത്രേ വി.എസിന്റെ ഉന്നം. ഇതു മുന്നില്‍കണ്ട്‌ പാര്‍ട്ടിയിലെ ചില ഉന്നതര്‍തന്നെ ടാറ്റയ്‌ക്കു കരുനീക്കത്തിനുള്ള വഴി പറഞ്ഞുകൊടുക്കുകയായിരുന്നു.

ഉപസമിതി എത്തുംമുമ്പേ മൂന്നാറിലെ സ്‌ഥിതിഗതികള്‍ അറിയാന്‍ വി.എസ്‌. വിശ്വസ്‌തരെ നിയോഗിച്ചിരുന്നു. ദൗത്യസംഘത്തിന്റെ മുന്‍തലവന്‍ കെ. സുരേഷ്‌കുമാര്‍ കഴിഞ്ഞ ഏതാനും ദിവസം മൂന്നാറില്‍ തങ്ങി തയാറാക്കിയ രൂപരേഖയനുസരിച്ചാണു വി.എസിന്റെ രണ്ടാംദൗത്യം തുടങ്ങിയത്‌.

പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞതൊന്നും ഭരണത്തിലേറിയിട്ടും നടപ്പാക്കാനായില്ലെന്ന ആക്ഷേപം ഇല്ലാതാക്കാനുറച്ചാണ്‌ വി.എസ്‌. ഇത്തവണ മൂന്നാറിലേക്കു നീങ്ങിയത്‌. വിലക്കയറ്റം ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വീഴ്‌ചകള്‍ മുഖ്യമന്ത്രിയുടെ തലയില്‍ വച്ചുകെട്ടാന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നും മുന്നണിക്കുള്ളില്‍നിന്നും നീക്കമാരംഭിച്ചിരുന്നു. മൂന്നാര്‍ ദൗത്യം കത്തിനില്‍ക്കവേ ആദ്യതവണ മൂന്നാറിലെത്തിയപ്പോഴും വി.എസിന്റെ നീക്കങ്ങള്‍ ഫലം കണ്ടില്ല. അന്ന്‌ നേമക്കാട്‌ ടാറ്റയ്‌ക്കു കുത്തകപ്പാട്ടത്തിനു നല്‍കിയ സ്‌ഥലത്തു മുഖ്യമന്ത്രി സര്‍ക്കാര്‍ ബോര്‍ഡ്‌ സ്‌ഥാപിച്ചതു വിവാദമായിരുന്നു.

വനംവകുപ്പ്‌ ഈ സ്‌ഥലം അവരുടേതാണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. അതിന്റെ പേരില്‍ ഉദ്യോഗസ്‌ഥര്‍ പഴി കേട്ടതല്ലാതെ വനംവകുപ്പിന്റെ ന്യായത്തെ ഖണ്ഡിക്കാന്‍ കഴിഞ്ഞില്ല. 58,741 ഏക്കറില്‍ കൂടുതല്‍ ടാറ്റയുടെ പക്കലുണ്ടെങ്കിലേ ഏറ്റെടുക്കൂ എന്നു നേരത്തെ അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലവും ടാറ്റയുടെ കൈവശമുണ്ട്‌. കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിവച്ച സാറ്റലൈറ്റ്‌ സര്‍വേയും നിലച്ചു. ഇന്നും മൂന്നാര്‍ സന്ദര്‍ശനം തുടരുന്ന മുഖ്യമന്ത്രിക്കൊപ്പം വനംമന്ത്രി ബിനോയ്‌ വിശ്വവും ചേരും.

ഷാലു മാത്യു/രാജുപോള്‍
 

blogger templates | Make Money Online