Tuesday, September 30, 2008

സര്‍വേ അട്ടിമറിക്കാന്‍ ടാറ്റാ ഭൂമി വനംവകുപ്പിന്റെ കണക്കിലാക്കിയെന്ന് സംശയം

Madhyamam 25/07/2007

തൊടുപുഴ: ഹൈദരാബാദിലെ നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സി ടാറ്റയുടെ കൈയേറ്റം കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ ടാറ്റയുടെ കൈവശമുള്ള പല പ്രദേശങ്ങളും ഉള്‍പ്പെട്ടിട്ടില്ലെന്ന് സൂചന.

ടാറ്റക്ക് കൈയേറ്റമില്ലെന്ന് കാണിക്കാന്‍ നടന്ന ഒത്തുകളിയാണ് ഇതിന് പിന്നില്‍. ടാറ്റയുടെ പാട്ട ഭൂമിയില്‍ 3,500 ഏക്കറോളം കുറവുണ്ടെന്ന തരത്തില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് വരാന്‍ കാരണമായത് ഇക്കാരണത്താലാണെന്നാണ് നിഗമനം.

നിലവില്‍ ടാറ്റ കൈവശം വെച്ചിട്ടുള്ളതും ഇന്ധന ആവശ്യങ്ങള്‍ക്ക് മരം വെട്ടിയെടുക്കുന്നതുമായ നൂറുകണക്കിനേക്കര്‍ ഭൂമി വനമായി കണക്കാക്കി തള്ളിയാണ് സര്‍വേ പൂര്‍ത്തിയാക്കിയതെന്നാണ് സംശയം. ഈ പ്രദേശങ്ങളില്‍ വനംവകുപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ച നിലയില്‍ പോലും കാണാനുണ്ട്. കുട്ടിയാര്‍വാലി, ചൊക്കനാട്, പാര്‍വതിമെട്ട് മേഖലയില്‍ ഇത്തരത്തില്‍ ഭൂമിയുണ്ട്. 22,253.37 ഏക്കറാണ് വനംവകുപ്പിന് കൈമാറിയ ഭൂമി. ഇതാകട്ടെ സര്‍വേ നമ്പര്‍ 75, 77 എന്നിവയുടെ ഭാഗങ്ങളില്‍പെടുന്നവയാണ്. ഇതില്‍പെടാത്ത ഭൂമി വനംവകുപ്പിന്റേതായി ഉപഗ്രഹ സര്‍വേക്കാര്‍ കണക്കാക്കിയെന്നാണ് കരുതുന്നത്.

രണ്ട് സര്‍വേ നമ്പറുകളില്‍ വരുന്ന പ്രദേശം കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കാതെയാണ് റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് സര്‍വേക്ക് മുന്നോടിയായി നല്‍കിയ മാപ്പില്‍ രേഖപ്പെടുത്തിയത്.
ലിത്തോ മാപ്പിലെ സര്‍വേ നമ്പര്‍ 80, ടാക്സ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഭൂവിസ്തൃതി നിര്‍ണയത്തില്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് അപാകത സംഭവിച്ചതായി കരുതുന്നു.

ഉപഗ്രഹ സര്‍വേയില്‍ പതിവുള്ള അഞ്ച് ശതമാനം വരെ വ്യതിയാനം ടാറ്റക്ക് അനുകൂലമോ പ്രതികൂലമോ എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ഭൂവിനിയോഗ നിബന്ധനകള്‍ ലംഘിച്ചെന്ന കണ്ടെത്തല്‍ മാത്രമാണ് സര്‍വേയിലുള്ളതെന്നാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പുറത്തുവരാത്ത സര്‍വേ റിപ്പോര്‍ട്ടിലെന്നാണ് സൂചന.

ടാറ്റക്ക് തന്നെ ഇന്ധന ആവശ്യത്തിന് നല്‍കിയ ഭാഗം കൂടി കൈയേറി തേയില കൃഷി ചെയ്തെന്നതടക്കം ലാന്റ് ബോര്‍ഡ് തീരുമാനപ്രകാരം '71 ^ല്‍ കൈമാറിയ 57,192 ഏക്കറിലെ ക്രയവിക്രയം മാത്രമാണ് റിപ്പോര്‍ട്ടില്‍ ടാറ്റയുടേതായുള്ളൂ. 50,000 ഏക്കര്‍ കൈയേറിയെന്നാണ് നിയമസഭാ സമിതികളുടേതടക്കമുള്ള കണ്ടെത്തല്‍.

മന്ത്രിസഭ മുമ്പാകെ ഇന്ന് വന്നേക്കുമെന്ന് കരുതുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ സര്‍വേയില്‍ ടാറ്റയുടെ കൈവശമല്ലെന്ന് കണ്ടെത്തിയ ഭൂമി വീണ്ടെടുക്കാനാവും തീരുമാനമുണ്ടാകുക. വനംവകുപ്പിന്റേതല്ലാത്ത ഈ ഭൂമി ഇതുവരെ ടാറ്റയുടെ കൈവശത്തിലാണ് ഗണിക്കപ്പെട്ടിട്ടുള്ളത്.
 

blogger templates | Make Money Online