മാതൃഭൂമി, ഒക്ടോ 1
സി.പി.എം. നേതൃത്വം വിട്ടുനിന്നു
മൂന്നാര്‍:മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് അര്‍ഹതയുള്ള ആളുകളുമായാണ് പോകുന്നതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രി മൂന്നാറിലെത്തിയിട്ടും പാര്‍ട്ടി ജില്ലാ സെക്രട്ടറിയോ ജില്ലയിലെ പാര്‍ട്ടി നേതാക്കളിലാരെങ്കിലുമോ മുഖ്യമന്ത്രിക്കൊപ്പം കൈയേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകാതിരുന്നതിനെപ്പറ്റി പത്രലേഖകര്‍ ചോദിച്ചപ്പോഴായിരുന്നു വി.എസ്സിന്റെ മറുപടി.
പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിക്കാതെയാണ് ചൊവ്വാഴ്‌ച വി.എസ്.മൂന്നാറിലെത്തിയത്. ദേവികുളം എം.എല്‍.എ. എ. എസ്.രാജേന്ദ്രന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.ശശി, മൂന്നാര്‍ ഏരിയാ സെക്രട്ടറി എം.വി.ശശികുമാര്‍, എസ്.സുന്ദരമാണിക്യം എന്നിവര്‍ വി.എസ്സിനെ ഗസ്റ്റ് ഹൗസിലെത്തി കണ്ട് ഏതാനും മിനിറ്റ് സംസാരിച്ചുവെങ്കിലും അദ്ദേഹത്തിനൊപ്പം കൈയേറ്റസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയില്ല.
പാര്‍ട്ടിനേതാക്കള്‍ വിട്ടുനിന്നതിനെപ്പറ്റി പത്രസമ്മേളനത്തില്‍ കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ എല്ലാ രാഷ്ട്രീയവും ചോദിക്കാനുള്ള പത്രസമ്മേളനമല്ല ഇതെന്നും മൂന്നാറിലെ കൈയേറ്റത്തെപ്പറ്റി മാത്രമേ സംസാരിക്കാനുദ്ദേശിച്ചിട്ടുള്ളൂ എന്നും പറഞ്ഞ് മുഖ്യമന്ത്രി മുറിയിലേക്ക് മടങ്ങി.