Madhyamam 24/07/2007
തൊടുപുഴ: മൂന്നാറിലെ ടാറ്റയുടെ കൈയേറ്റം കണ്ടെത്താന്‍ നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സി നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അട്ടിമറി നടന്നതായി സൂചന. ഉന്നതതല ഒത്തുകളി മൂലം സര്‍വേ ഫലം സത്യസന്ധമാകാനിടയില്ലെന്നാണ് വിവരം.
മിക്കവാറും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ വരാനിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് ടാറ്റക്കെതിരായ നടപടിക്ക് സഹായകമാകില്ലെന്നാണ് സൂചന.
കെ.ഡി.എച്ച് വില്ലേജിലെ ടാറ്റാ ഭൂമി സംബന്ധിച്ച വിവരങ്ങളും സ്കെച്ചും അടക്കം ബന്ധപ്പെട്ടവര്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് കൈമാറിയത് അവ്യക്തത നീക്കാതെയാണ്. ഇതനുസരിച്ച് നടന്ന ഉപഗ്രഹ സര്‍വേപ്രകാരം തയാറായ റിപ്പോര്‍ട്ട് ഏതാണ്ട് ടാറ്റയെ വെള്ളപൂശുന്ന തരത്തിലാണെന്നറിയുന്നു. സര്‍വേ വകുപ്പില്‍ നിന്ന് റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് കൈമാറിയ ലിത്തോ മാപ്പിലെയും ബേസിക് ടാക്സ് രജിസ്റ്ററിലെയും ഭൂവിസ്തൃതി തമ്മില്‍ കാര്യമായ വൈരുധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നാണ് സൂചന. വിസ്തൃതി സംബന്ധിച്ച ബേസിക് ടാക്സ് രജിസ്റ്ററിലെ വിവരങ്ങളും എസ്റ്റേറ്റുകളുടെ സ്കെച്ചുകള്‍ തമ്മിലും വ്യത്യാസമുണ്ട്.
അനുവദിച്ചതിലും കൂടുതല്‍ സ്ഥലത്ത് ടാറ്റാ ടീ (കണ്ണന്‍ദേവന്‍ കമ്പനി) തേയില കൃഷി ചെയ്തതായാണ് സര്‍വേ റിപ്പോര്‍ട്ടിലെ മുഖ്യ കണ്ടെത്തല്‍. അതേസമയം ടാറ്റയുടെ കൈവശം ഉണ്ടാകേണ്ടിയിരുന്ന ഭൂമിയില്‍ 3,500 ^ഓളം ഏക്കര്‍ കുറവ് വരുമെന്ന സൂചനയാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ നല്‍കുന്നത്. ലാന്റ് ബോര്‍ഡ് തീരുമാനപ്രകാരം 57,192 ഏക്കറാണ് 1971 ^ല്‍ ടാറ്റക്ക് കൈമാറിയത്. ഇതില്‍ 23,239 ഏക്കറാണ് തേയില കൃഷിക്ക് ഉപയോഗിക്കാവുന്നത്. എന്നാല്‍, 28,000 ഏക്കറില്‍ ടാറ്റ കൃഷി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
അയ്യായിരം ഏക്കറോളം സ്ഥലമാണ് കൈയേറി കൃഷി ചെയ്തിരിക്കുന്നത്. ഇന്ധന ആവശ്യങ്ങള്‍ക്ക് മരം വളര്‍ത്താന്‍ 16,898 ഏക്കറാണ് ലാന്റ് ബോര്‍ഡ് അനുവദിച്ചത്. ഉപഗ്രഹ സര്‍വേയില്‍ ഈ ഭൂമി 8,489 ഏക്കറായി ചുരുങ്ങിയെന്നാണ് കണ്ടെത്തിയത്. ഇന്ധന ഏരിയയില്‍ 8,409 ഏക്കര്‍ കുറവ് വന്നു. ഇത് തേയില കൃഷിക്കായി മാറ്റി ഉപയോഗിക്കുകയായിരുന്നു.
കമ്പനിക്ക് കൈമാറിയ ഭൂമിയില്‍ 4,523 ഏക്കര്‍ എസ്റ്റേറ്റുകള്‍ക്കിടയില്‍ ഉണ്ടെന്നും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കുമായി 2,617 ഏക്കര്‍ നീക്കിവെച്ചതുമായാണ് ലാന്റ് ബോര്‍ഡ് ഉത്തരവിലുള്ളത്. എന്നാല്‍, ഈ ഭൂമിയിലും 3,691 ഏക്കറിന്റെ കുറവ് കണ്ടെത്തി.
ഭൂമി മാറ്റി ഉപയോഗിച്ചെന്ന കുറ്റം മാത്രമാണ് ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റക്കെതിരെ ചുമത്താവുന്നത്. സര്‍വേ റെക്കോര്‍ഡുകള്‍ മാറ്റിമറിച്ചതും ടാറ്റയുടെ ഭൂമി ഉള്‍പ്പെട്ട കെ.ഡി.എച്ച് വില്ലേജിന്റെ മാപ്പിന്റെ ചില ഭാഗങ്ങള്‍ അവ്യക്തമായി നല്‍കിയതും ഉന്നതതലത്തില്‍ നടന്ന ഒത്തുകളിയുടെ സൂചനയാണ്. ടാറ്റ അമ്പതിനായിരം ഏക്കര്‍ കൈയേറിയതായി രണ്ട് നിയമസഭാ അഷ്വറന്‍സ് കമ്മിറ്റികള്‍ കണ്ടെത്തിയതിന് വിരുദ്ധമാകും നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിയുടെ സര്‍വേ ഫലം.
നിയമസഭാ സമിതികളുടെ കണ്ടെത്തലുകള്‍ക്ക് ശേഷം മൂന്നാര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ടാറ്റയുടെ കൈയേറ്റം 75,000 ഏക്കര്‍ വരുമെന്നും പറഞ്ഞിരുന്നു.
Tuesday, September 30, 2008
ടാറ്റ ഭൂമി: ഉപഗ്രഹ സര്‍വേ അട്ടിമറിച്ചെന്ന് സൂചന; സ്കെച്ചിലും അവ്യക്തത
Labels:
ഉപഗ്രഹ സര്‍വേ,
ടാറ്റ,
ഭൂമാഫിയ,
ഭൂമി കയ്യേറ്റം,
മൂന്നാര്‍,
വിഎസ്,
റിസോര്‍ട്ട്