Tuesday, September 30, 2008

മുഖ്യമന്ത്രിയുടെ മൂന്നാര്‍ യാത്ര: മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

മനോരമ, ഒക്ടോ. 1

മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നുവെന്നു സൂചന. തിങ്കളാഴ്ച ക്യാബിനറ്റ് യോഗത്തിനുശേഷം മൂന്നാറിലേക്കു പോകുന്നതിനുള്ള തീരുമാനം അറിയിച്ച മുഖ്യമന്ത്രി ദൌത്യസംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭാ ഉപസമിതി അംഗങ്ങളോട് ഒപ്പം വരാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിടുക്കത്തില്‍ വരാന്‍ തങ്ങളില്ലെന്നും ഉപസമിതി സന്ദര്‍ശനത്തിനു ശേഷംമാത്രം മതി മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നും മന്ത്രിമാര്‍ നിലപാടെടുത്തു. പക്ഷേ, ഇന്നലെത്തന്നെ മൂന്നാറിലേക്കു പോകുമെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി തയാറായില്ല.

മന്ത്രിസഭാ ഉപസമിതിയുടെ സന്ദര്‍ശനം ഒന്‍പതിനു മതി എന്ന് മറ്റു മന്ത്രിമാരും പറഞ്ഞു. ഉപസമിതി അംഗങ്ങളെ ചെറുതാക്കി കാണിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ സന്ദര്‍ശനം പ്രയോജനപ്പെടുകയുള്ളൂവെന്ന് മറ്റൊരംഗം തുറന്നടിക്കുകയും ചെയ്തു.മുഖ്യമന്ത്രിയുടെ ഒറ്റയാള്‍ നടപടികള്‍ ദൌത്യസംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന റവന്യു വകുപ്പിനെ മോശമായി ചിത്രീകരിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു.

വൈകിട്ടുവരെയും മുഖ്യമന്ത്രിക്കൊപ്പം മൂന്നാറിലേക്കു പോകാന്‍ മന്ത്രിമാര്‍ ആരും തയാറായിരുന്നില്ല. ആദിവാസി ഭൂമി വിതരണം മുഖ്യ അജന്‍ഡയായി എടുക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച തന്നെ മൂന്നാറിലെത്താന്‍ മന്ത്രി എ.കെ. ബാലന്‍ പിന്നീടു തീരുമാനിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ തീരുമാനം വീണ്ടും മാറി.മന്ത്രിമാര്‍ക്കും
മുഖ്യമന്ത്രിക്കുമിടയിലെ ആശയക്കുഴപ്പം വര്‍ധിച്ച സാഹചര്യത്തില്‍ പിന്നീട് മന്ത്രി ബിനോയ് വിശ്വം ഇന്നുരാവിലെ മൂന്നാറില്‍ എത്തുമെന്ന് കൂട്ടായ തീരുമാനം എടുക്കുകയായിരുന്നു.

ഇന്നലെ രാത്രി മന്ത്രി ബാലനും എത്തി.മൂന്നാര്‍ ദൌത്യം സംബന്ധിച്ച നീക്കങ്ങളില്‍ ഉപസമിതിയെ മറികടന്ന് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ മേല്‍ക്കൈ എടുക്കുന്നതിലെ പ്രതിഷേധമാണ് അംഗങ്ങളുടെ എതിര്‍പ്പിനു കാരണമെന്നാണ് അറിവ്.മൂന്നാര്‍ ദൌത്യം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നയത്തെ പരോക്ഷമായി എതിര്‍ത്ത സിപിഎം പ്രാദേശിക ഘടകം പൂര്‍ണമായി സന്ദര്‍ശനത്തില്‍നിന്നു വിട്ടുനിന്നതു ശ്രദ്ധേയമായി..

ദേവികുളം എംഎല്‍എ, എസ്. രാജേന്ദ്രന്‍ പേരിന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു മടങ്ങിയപ്പോള്‍ വി.എസ്. പക്ഷത്തെ അതികായനായിരുന്ന ജില്ലാ സെക്രട്ടറി എം.എം. മണി പൂര്‍ണമായും മാറിനിന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ചു തങ്ങള്‍ക്ക് അറിവില്ലെന്ന് എംഎം. മണി പറഞ്ഞു.വി.എസ്. അച്യുതാനന്ദന്‍ മുന്‍പ് മൂന്നാറിലെത്തിയപ്പോഴൊക്കെ സജീവമായി എസ്. രാജേന്ദ്രന്‍ എംഎല്‍എയും, എംഎം മണിയും ഒപ്പമുണ്ടായിരുന്നു.

മൂന്നാര്‍ ദൌത്യം വീണ്ടും സജീവമാകുന്നതു സംബന്ധിച്ചു പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് തന്നെയാണ് സന്ദര്‍ശനത്തില്‍നിന്നു നേതാക്കള്‍ ഒഴിഞ്ഞു നിന്നതിനു കാരണമെന്നാണ് അറിവ്.

വി.എസിന്റെ സന്ദര്‍ശനം മാധ്യമ പ്രവര്‍ത്തകരെ വരെ അറിയിച്ചിരുന്നെങ്കിലും സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നില്ല.മന്ത്രിസഭാ ഉപസമിതിയുടെ നീരസത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു സന്ദര്‍ശന വേളയിലെ രംഗങ്ങള്‍. വഴികാട്ടാന്‍ കൂടെയുള്ള ദൌത്യസംഘത്തേക്കാള്‍ ഏറെ പുറത്തു നിന്നുള്ളവരുടെ നിര്‍ദേശങ്ങളാണു സന്ദര്‍ശനത്തിന്റെ ഗതി നിയന്ത്രിച്ചത്.

ഇന്നലെ മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി വിശ്രമവും അവലോകന യോഗവും മാത്രമാണു നടത്തുകയെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാല്‍ മൂന്നാറില്‍ എത്തിയതോടെ പദ്ധതി മാറി.ആദ്യം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ചൊക്കനാട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പള്ളിവാസലിലേക്കു മാറ്റി.

പിന്നീട് പാര്‍വതി മല സന്ദര്‍ശിക്കുമെന്ന് അറിയുന്നത് പള്ളിവാസലില്‍ വച്ചായിരുന്നു. പോതമേട്ടിലെ ഓക് ഫീല്‍ഡ് സന്ദര്‍ശനവും എത്തുന്നതുവരെ അറിയിച്ചിരുന്നില്ല ഓരോ പ്രാവശ്യവും അനുബന്ധമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസ് നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
 

blogger templates | Make Money Online