Tuesday, September 30, 2008

ടാറ്റ കൈയേറിയ ഭൂമി കണ്ടെത്തി

പി.കെ. പ്രകാശ്
(മാധ്യമം, 2008 സെപ്തം. 30, ചൊവ്വ)

തൊടുപുഴ: മൂന്നാറില്‍ ടാറ്റാ ടീ കൈയേറിയ 50,000 ഏക്കര്‍ ഭൂമി ഇടുക്കി കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ടാറ്റ കൈയടക്കിവെച്ച സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പര്‍, വിസ്തൃതി എന്നിവയാണ് കണ്ടെത്തിയത്. രണ്ടുമാസമായി നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതായി ചൂണ്ടിക്കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇക്കാര്യം പരിശോധിക്കാനും ഒഴിപ്പിക്കലിന്റെ രണ്ടാംഘട്ടം ആസൂത്രണം ചെയ്യാനും മുഖ്യമന്ത്രി ഇന്ന് മൂന്നാറിലെത്തും. ചൊക്കനാട് എസ്റ്റേറ്റിലെ കൈയേറ്റം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരിച്ചുപിടിക്കുമെന്നാണ് സൂചന. മന്ത്രിസഭാ ഉപസമിതി അംഗങ്ങളും ഉടന്‍ മൂന്നാറിലെത്തും.

കണ്ണന്‍ദേവന്‍ വില്ലേജിലെ 53 സര്‍വേ നമ്പറുകളിലായാണ് 50,000 ഏക്കര്‍ കൈയേറ്റ ഭൂമി. 1971 ^ലെ കണ്ണന്‍ ദേവന്‍ ഭൂ നിയമത്തിന്റെ അടിസ്ഥാനത്തില്‍ '76 ^ല്‍ ലാന്റ് ബോര്‍ഡ് സര്‍ക്കാറിന് കൈമാറിയ ഭൂമിയാണ് ടാറ്റ കൈവശം വെച്ചിരുന്നത്. ടാറ്റക്ക് തേയില കൃഷി നടത്താന്‍ അനുവദിച്ച 57,000 ഏക്കര്‍ പാട്ടഭൂമിക്ക് പുറമേയാണിത്. ടാറ്റയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇരവികുളം നാഷനല്‍ പാര്‍ക്കിന് അടക്കം കൈമാറുകയും ചെയ്ത ഭൂമി കൂടാതെ സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കപ്പെട്ട ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തി വേര്‍തിരിച്ചത്. ഭൂമി ഏറ്റെടുക്കേണ്ട നടപടി യാണ് അവശേഷിക്കുന്നത്.

അതിനിടെ രണ്ടുമാസമായി മൂന്നാറിലും പോതമേട്, ലക്ഷ്മി മേഖലയിലും റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ദൌത്യസംഘം പൊളിച്ചുമാറ്റിയ ബി.സി.ജി റിസോര്‍ട്ടിന് സമീപം റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍ ടൌണിലും സമീപത്തും പുതിയ റിസോര്‍ട്ടുകള്‍ ഉയരുന്നു. തകര്‍ത്ത റിസോര്‍ട്ടുകളും പുനര്‍നിര്‍മിക്കുന്നുണ്ട്. വാഗമണ്ണിലും ഭൂമി കൈയേറ്റം ശക്തമാണ്. ഈ സാഹചര്യത്തിലാണ് മൂന്നാര്‍ നടപടി ഇന്നുമുതല്‍ ശക്തമാക്കുന്നത്.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ 2007 ജൂലൈ മൂന്നിന് ടാറ്റ കൈവശപ്പെടുത്തിയ 1200 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചിരുന്നു. കൈയേറിയ 50,000 ഏക്കറും രണ്ടുമാസത്തിനകം പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നടപടിയെത്തുടര്‍ന്നുണ്ടായ വിവാദം മൂന്നാര്‍ ഒഴിപ്പിക്കല്‍ സ്തംഭിപ്പിച്ചു. ടാറ്റയെ രക്ഷിക്കുന്നതിന് ഭൂമി സര്‍വേ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന്റെ ചുമതല റവന്യൂ വകുപ്പിന് കൈമാറി. ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

മൂന്നാറിലും വാഗമണ്ണിലും കൈയേറ്റം ശക്തിപ്പെടുന്നത് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിക്ക് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയും ഉപസമിതിയും മൂന്നാറില്‍ എത്തുന്നത്.
 

blogger templates | Make Money Online