മനോരമ, ഒക്ടോ.1
ആലുവ: മൂന്നാര്‍ ദൌത്യസംഘം മുന്‍ തലവന്‍ കെ.സുരേഷ്കുമാറുമായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ രഹസ്യ ചര്‍ച്ചനടത്തി. മൂന്നാറിലേക്കു പുറപ്പെടും മുമ്പ് ഇന്നലെ രാവിലെ ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ജോസഫ് മാത്യുവും സന്നിഹിതനായിരുന്നു. പാലസിലുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാവിലെ ഒന്‍പതിനു പുറപ്പെട്ടശേഷം 9.45നാണു സുരേഷ്കുമാര്‍, മാത്യു ജോസഫ് എന്നിവരുള്‍പ്പെട്ട എട്ടംഗ ഉന്നത ഉദ്യോഗസ്ഥ സംഘം രണ്ടു വാഹനങ്ങളിലായെത്തി മുറിയെടുത്തത്.
പതിനൊന്നു മണിയോടെ മുഖ്യമന്ത്രിയുമെത്തി. മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയശേഷമാണു മുകള്‍നിലയിലുണ്ടായിരുന്ന സുരേഷ്കുമാറും മറ്റ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ മുറിയില്‍ കയറിയത്. ഇതിനു മുമ്പ് ഐജി വിന്‍സണ്‍ എം. പോള്‍, റൂറല്‍ എസ്പി പി.വിജയന്‍ എന്നിവരുമായും അച്യുതാനന്ദന്‍ ചര്‍ച്ചനടത്തിയിരുന്നു. അകപ്പറമ്പ്, സെബിപുരം സംഭവങ്ങളില്‍ ഐജിയില്‍ നിന്നു മുഖ്യമന്ത്രി വിശദാംശങ്ങള്‍ തേടിയിരുന്നു.